വാതിൽ തുറന്നെങ്കിലും പുറത്തേക്ക് ചാടുന്നതിന് മുമ്പ് ഇയാളെ മറ്റ് യാത്രക്കാർ ചേർന്ന് കീഴ്പ്പെടുത്തുകയായിരുന്നു.
മസാചുസെറ്റ്സ്: വിമാനത്തിൽ വെച്ച് കാമുകിയുമായി വഴക്കിട്ട യുവാവ് എമർജൻസി എക്സിറ്റ് തുറന്നതിനെ തുടർന്ന് യാത്ര മുടങ്ങി. അമേരിക്കയിലെ മസാചുസെറ്റ്സിലുള്ള ലോഗൻ വിമാനത്താവളത്തിലായിരുന്നു സംഭവം. ടാക്സി വേയിൽ നിന്ന് റൺവേയിലേക്ക് വിമാനം നീങ്ങുന്നതിനിടെയായിരുന്നു യുവാവിന്റെ പ്രവൃത്തി. ഇയാളെ മറ്റ് യാത്രക്കാർ ചേർന്ന് കീഴ്പ്പെടുത്തി.
മൊറേൽ ടോറെസ് എന്ന യുവാവിനെയാണ് എഫ്ബിഐ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. പ്യൂട്ടോറിക്കയിലെ സാൻ ജുവാനിലേക്ക് പുറപ്പെടാൻ തയ്യാറെടുക്കുകയായിരുന്ന ജെറ്റ് ബ്ലൂ എയർലൈൻസ് വിമാനത്തിലായിരുന്നു സംഭവം. എമർജൻസി എക്സിറ്റ് ഡോർ തുറന്നതോടെ അത്യാവശ്യ സാഹചര്യത്തിൽ വിമാനത്തിൽ നിന്ന് പുറത്തിറങ്ങാൻ സഹായിക്കുന്ന എമർജൻസി സ്ലൈഡ് പുറത്തേക്കുവന്നു. ഇതോടെ ഈ വിമാനത്തിന് പിന്നീട് യാത്ര തുടരാൻ കഴിയാത്ത സാഹചര്യമുണ്ടാവുകയായിരുന്നു.
ചൊവ്വാഴ്ച രാത്രി 7.25നായിരുന്നു സംഭവം. വിമാനത്തിൽ വെച്ച് യുവാവും കാമുകയും തമ്മിൽ വലിയ തർക്കമുണ്ടായതായി മറ്റ് യാത്രക്കാർ പിന്നീട് പറഞ്ഞു. ഇതിനിടെയാണ് ഇയാൾ സീറ്റിൽ നിന്നിറങ്ങി എമർജൻസി ഡോർ തുറന്ന് പുറത്തേക്ക് ചാടാൻ ശ്രമിച്ചത്. ഡോർ തുറന്നെങ്കിലും ഇയാളെ മറ്റ് യാത്രക്കാർ പിടിച്ചുവെച്ചതിനാൽ ചാടാൻ കഴിഞ്ഞില്ല. ആദ്യം എഫ്ബിഐ ഉദ്യോഗസ്ഥരും പിന്നീട് പൊലീസും സ്ഥലത്തെത്തി ഇയാളെ കൊണ്ടുപോയി.
യാത്രക്കാരെ പിന്നീട് മറ്റൊരു വിമാനത്തിലാണ് കൊണ്ടുപോയത്. അറസ്റ്റ് ചെയ്ത യുവാവിനെ മസാചുസെറ്റ്സിൽ കോടതിയിൽ ഹാജരാവാനല്ലാതെ യാത്ര ചെയ്യരുതെന്ന ഉപാധിയിൽ പിന്നീട് മാതാപിതാക്കൾക്കൊപ്പം ജാമ്യത്തിൽ വിട്ടയച്ചതായും റിപ്പോർട്ടുകൾ പറയുന്നു. യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അധികൃതർ സംഭവത്തിൽ അന്വേഷണം തുടങ്ങി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം