കഫേയിൽ ഗെയിം കളിക്കുന്നതിനിടെ 29 വയസുകാരന്റെ മരണം, ഉറങ്ങുകയാണെന്ന് കരുതി ജീവനക്കാർ അവഗണിച്ചത് 30 മണിക്കൂറോളം

By Web Team  |  First Published Jul 3, 2024, 12:42 PM IST

രാവിലെ ഭക്ഷണം കഴിച്ചതിന്റെ അവശിഷ്ടങ്ങൾ ഇയാൾ ഇരുന്നതിന്റെ അടുത്തുണ്ടായിരുന്നു. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചില്ലെന്നും അതിന് മുമ്പ് മരണം സംഭവിച്ചിരിക്കാമെന്നുമാണ് നിഗമനം.


ഇന്റർനെറ്റ് കഫേയിലിയിരുന്ന് ഗെയിം കളിക്കുന്നതിനിടെ 29 വയസുകാരൻ മരിച്ചു. ഉറങ്ങുകയാണെന്ന് തെറ്റിദ്ധരിച്ച ജീവനക്കാർ 30 മണിക്കൂറിന് ശേഷമാണ് മരണ വിവരം അറിഞ്ഞ് പൊലീസിനെ വിളിച്ചത്. മരണപ്പെട്ട യുവാവിന്റെ ബന്ധുക്കൾ പരാതിയുമായി രംഗത്തെത്തുകയും ചെയ്തു. ചൈനയിലാണ് ഇത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 

കഫേയിലെ പതിവ് സന്ദർശകനായിരുന്ന യുവാവ് ഒരു ദിവസം രാത്രിയാണ് എത്തിയത്. സാധാരണ ആറ് മണിക്കൂറൊക്കെ തുടർച്ചയായി കഫേയിൽ ഗെയിം കളിക്കാനായി ഇയാൾ ചെലവഴിക്കുമായിരുന്നത്രെ. പിറ്റേ ദിവസം ഉറങ്ങുന്നത് കണ്ട് ജീവനക്കാർ വിളിച്ചില്ല. അടുത്ത ദിവസം തട്ടി വിളിച്ചപ്പോഴാണ് ശരീരം തണുത്തിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതെന്നാണ് കഫേ ജീവനക്കാരുടെ വാദം. രാവിലെ ഭക്ഷണം കഴിച്ചതിന്റെ അവശിഷ്ടങ്ങൾ ഇയാൾ ഇരുന്നതിന്റെ അടുത്തുണ്ടായിരുന്നു. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചില്ലെന്നും അതിന് മുമ്പ് മരണം സംഭവിച്ചിരിക്കാമെന്നുമാണ് നിഗമനം.

Latest Videos

അതേസമയം മരിച്ചയാളുടെ ബന്ധു കഫേ ജീവനക്കാർക്കെതിരെ രംഗത്തെത്തുകയും ചെയ്തു. ഒരാളുടെ മരം ഇത്രയധികം സമയം ആരും ശ്രദ്ധിക്കാതെ പോകുന്നത് എങ്ങനെയെന്നാണ് അദ്ദേഹം ചോദിക്കുന്നത്. അടച്ചിട്ട സ്ഥലത്തായിരുന്നില്ല യുവാവ് ഇരുന്നിരുന്നത്. എല്ലാവർക്കും അദ്ദേഹത്തെ കാണാമായിരുന്നു. ഒരാൾ ഇത്രയും സമയം അസാധാരണമായി ഉറങ്ങുന്നത് കണ്ടാൽ അത് ജീവനക്കാർ പരിശോധിക്കേണ്ടതല്ലേ എന്നും ബന്ധു ചോദിച്ചു. 

സംഭവ ദിവസം രണ്ട് ജീവനക്കാരാണ് ഡ്യൂട്ടിയിലുണ്ടായിരുന്നതെന്ന് കഫേ ഉടമ പറഞ്ഞു. സാധാരണ ഗതിയിൽ ഉറങ്ങുന്ന ഉപഭോക്താക്കളെ വിളിച്ചുണർത്താൻ ശ്രമിച്ചാൽ പലരും ദേഷ്യപ്പെടാറുണ്ട്. അതുകൊണ്ടു തന്നെ അധിക സമയം ആയിട്ടും ജീവനക്കാ‍ർ വിളിക്കാൻ ശ്രമിക്കാത്തത് ആയിരിക്കാമെന്നും അദ്ദേഹം വിശദീകരിക്കുന്നു. സംഭവം ഇപ്പോൾ ലോക്കൽ പൊലീസിന്റെ അന്വേഷണത്തിലാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. യുവാക്കളുടെ അപ്രതീക്ഷിത മരണങ്ങൾ വർദ്ധിച്ചുവരുന്നത് ചൈനയിലും വലിയ ആശങ്കയുയർത്തുന്നുണ്ട്. 

(പ്രതീകാത്മക ചിത്രം)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!