തകർത്ത ബന്ധം പുനഃസ്ഥാപിക്കാൻ ശ്രമങ്ങളുമായി മാലിദ്വീപ്; പ്രതിരോധ മന്ത്രി ഇന്ത്യയിലെത്തി ചർച്ച നടത്തി

By Web Desk  |  First Published Jan 8, 2025, 9:33 PM IST

പുതിയ സർക്കാർ അധികാരത്തിലെത്തിയതു മുതൽ ഇന്ത്യയുമായി അകന്ന മാലിദ്വീപ് പ്രതിരോധ സഹകരണം പുനഃരാരംഭിക്കാനുള്ള ചർച്ചകൾ നടത്തി.


ന്യൂഡൽഹി: ഇന്ത്യൻ സൈനികരെ മുഴുവൻ തിരിച്ചുവിളിക്കാൻ ആവശ്യപ്പെട്ട് എട്ട് മാസങ്ങൾക്ക് ശേഷം വീണ്ടും ഇന്ത്യയുമായി പ്രതിരോധ സഹകരണത്തിന് ചർച്ച നടത്തി മാലിദ്വീപ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ കാര്യമായ വിള്ളൽ വീഴ്ത്തിയ നടപടിക്ക് ശേഷം വീണ്ടും ബന്ധം മെച്ചപ്പെടുത്താനുള്ള നടപടികളാണ് ഇപ്പോഴുണ്ടാവുന്നത്. ഇന്ത്യയിലെത്തിയ മാലിദ്വീപ് പ്രതിരോധ മന്ത്രി മുഹമ്മദ് ഗസ്സാൻ ഡൽഹിയിൽ ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിങുമായി ചർച്ച നടത്തി.

പ്രതിരോധ മേഖലയിൽ ഉൾപ്പെടെ വീണ്ടും സഹകരണം തുടരുന്ന കാര്യത്തിലായിരുന്നു ഇരു രാഷ്ട്ര നേതാക്കളുടെയും പ്രധാന ചർച്ചകൾ. ഇന്ത്യൻ മഹാസമുദ്രത്തിലെ പ്രതിരോധ സന്നദ്ധത ഉൾപ്പെടെയുള്ള കാര്യങ്ങളും ഉന്നതതല ചർച്ചകളിൽ വിഷമായി. മാലിദ്വീപുമായി പ്രതിരോധ സഹകരണം തുടരാൻ ഇന്ത്യയുടെ സന്നദ്ധത രാജ്നാഥ് സിങ് ചർച്ചകളിൽ അറിയിച്ചു. സാമ്പത്തിക, സമുദ്ര സുരക്ഷാ മേഖലകളിലെ സമഗ്ര  സഹകരണമായിരുന്നു പ്രധാന ചർച്ചാ വിഷയമെന്ന് ഔദ്യോഗിക വാർത്താക്കുറിപ്പും വിശദീകരിക്കുന്നു.

Latest Videos

ഉഭയകക്ഷി സുരക്ഷാ, പ്രതിരോധ സഹകരണത്തിന്റെ എല്ലാ വിശദാംശങ്ങളും ഇരു നേതാക്കളും ചർച്ച ചെയ്തു. ഈ മേഖലകളിൽ സംയുക്ത കാഴ്ചപ്പാടുമായി മുന്നോട്ട് നീങ്ങാനും അതിനായി പരിശ്രമിക്കാനും തീരുമാനിച്ചുവെന്നും കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വിശദീകരത്തിൽ വിവരിക്കുന്നു. മാലിദ്വീപിന്റെ പ്രതിരോധ ശേഷ വർദ്ധിപ്പിക്കാൻ ഇന്ത്യയുടെ സഹകരണം രാജ്നാഥ് സിങ് വാഗ്ദാനം ചെയ്തു. അയൽ രാജ്യമെന്ന നിലയിൽ മാലിദ്വീപിന്റെ സുരക്ഷാ സന്നദ്ധത ശക്തമാക്കാൻ ഇന്ത്യയുടെ സൈനിക സംവിധാനങ്ങൾ നൽകാൻ ഇന്ത്യ തയ്യാറാണെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.

ഇപ്പോഴത്തെ പ്രസിഡന്റ് മുഹമ്മദ് മുയിസു അധികാരത്തിലേറിയതു മുതലാണ് ഇന്ത്യയുമായി അകലാൻ മാലിദ്വീപ് സർക്കാർ തീരുമാനിച്ചത്. ഇതോടെ ഇരു രാജ്യങ്ങൾക്കുമിടയിൽ  നൂറ്റാണ്ടുകളായി നിലനിന്നിരുന്ന സഹകരണത്തിനും പതിറ്റാണ്ടുകൾ പഴക്കമുള്ള ഉറച്ച നയതന്ത്ര ബന്ധങ്ങൾക്കും ഇടിവ് തട്ടിയിരുന്നു. അധികാരത്തിലെത്തിയതിന്റെ പിറ്റേ ദിവസം തന്നെ ഇന്ത്യൻ സൈനികർ മാലിദ്വീപ് വിട്ടുപോകണമെന്ന് പ്രസിഡന്റ് പ്രഖ്യാപിച്ചു. പിന്നീട് കഴി‌ഞ്ഞ ജനുവരിയിൽ ചൈനയുടെ ഗവേഷണ-സ‍ർവേ ആവശ്യങ്ങൾക്കുള്ള കപ്പലിന് മാലിദ്വീപിൽ നങ്കൂരമിടാനുള്ള അനുമതിയും ഭരണകൂടം നൽകി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!