മലേഷ്യയിലും എച്ച്എംപിവി കേസുകളിൽ വർദ്ധന; മുൻകരുതൽ സ്വീകരിക്കാൻ സർക്കാർ നിർദേശം നൽകി

By Web Desk  |  First Published Jan 6, 2025, 1:45 PM IST

ഒരു വർഷത്തിനിടെ 45 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയെന്നാണ് റിപ്പോർട്ട്.


കോലാലംപൂർ: ചൈനയ്ക്ക് പിന്നാലെ മലേഷ്യയിൽ എച്ച്എംപിവി (ഹ്യൂമൻ മെറ്റാപ്ന്യൂമോവൈറസ്) കേസുകൾ വർദ്ധിക്കുന്നുവെന്ന് റിപ്പോർട്ട്. 'സ്ട്രെയിറ്റ് ടൈംസ്' എന്ന മാധ്യമത്തിന്‍റെ റിപ്പോർട്ട് പ്രകാരം മലേഷ്യയിൽ എച്ച്എംപി കേസുകളിൽ ഗണ്യമായ വർധനയുണ്ടായി. 2024ൽ  327 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. 2023ൽ ഇത് 225 ആയിരുന്നു. 45 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയെന്നാണ് റിപ്പോർട്ട്.

ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ വ്യാപനത്തെക്കുറിച്ച് മലേഷ്യൻ സർക്കാർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.  പ്രതിരോധ നടപടികൾ സ്വീകരിക്കാൻ മലേഷ്യൻ ആരോഗ്യ മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. എച്ച്എംപിവിയുടെ വ്യാപനം തടയുക. സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടെ കൈകഴുകുക, മാസ്ക്, ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ വായും മൂക്കും മൂടുക എന്നിങ്ങനെയുള്ള മുൻകരുതലുകൾ സ്വീകരിക്കണം. ശ്വാസകോശ സംബന്ധമായ അണുബാധകൾ നിയന്ത്രിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി അധികൃതർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.

Latest Videos

അതിനിടെ ചൈന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി റിപ്പോർട്ട് പുറത്തുവന്നെങ്കിലും ചൈനീസ് അധികൃതരോ ലോകാരോഗ്യ സംഘടനയോ ഇത് സ്ഥിരീകരിച്ചിട്ടില്ല. ചൈനീസ് അധികൃതർ ഔദ്യോഗികമായി പറയുന്നത് ശൈത്യകാലത്തെ സാധാരണ അവസ്ഥ മാത്രമാണെന്നും അസാധാരണമായി ഒന്നും സംഭവിച്ചിട്ടില്ല എന്നുമാണ്.  

ഇന്ത്യയിലും എച്ച്എംപിവി വൈറസ് ബാധ റിപ്പോർട്ട് ചെയ്തു. ബെംഗളുരു യെലഹങ്കയിലെ ആശുപത്രിയിൽ ചികിത്സ തേടിയ രണ്ട് കുഞ്ഞുങ്ങൾക്കാണ് രോഗബാധ കണ്ടെത്തിയത്. രണ്ട് കുഞ്ഞുങ്ങൾക്കും യാത്രാപശ്ചാത്തലമില്ലാത്തതിനാൽ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള രോഗബാധയല്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഐസിഎംആർ അറിയിച്ചു.

യെലഹങ്കയിലെ ബാപ്റ്റിസ്റ്റ് ആശുപത്രിയിൽ ചികിത്സ തേടിയ എട്ടും മൂന്നും മാസം പ്രായമുള്ള ആൺകുഞ്ഞിനും പെൺകുഞ്ഞിനുമാണ് രോഗബാധ കണ്ടെത്തിയത്. ബ്രോങ്കോ ന്യുമോണിയ ബാധിച്ച് ചികിത്സ തേടിയ മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞിന് കഴിഞ്ഞയാഴ്ചയാണ് രോഗബാധ സ്ഥിരീകരിച്ചത്. അഡ്മിറ്റ് ചെയ്ത കുഞ്ഞിന്‍റെ സാമ്പിളുകൾ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിരുന്നു. ചികിത്സയ്ക്ക് ശേഷം രോഗം ഭേദമായ കുഞ്ഞിനെ ഡിസ്ചാർജ് ചെയ്ത ശേഷമാണ് വൈറസ് ബാധയുണ്ടായിരുന്നു എന്ന് സ്ഥിരീകരിച്ചത്. ജനുവരി 3-നാണ് ഇതേ ആശുപത്രിയിൽ എട്ട് മാസം പ്രായമുള്ള ആൺകുഞ്ഞിനും രോഗം സ്ഥിരീകരിക്കുന്നത്. ഈ കുഞ്ഞിനും ബ്രോങ്കോന്യുമോണിയയുണ്ടായിരുന്നു. രണ്ട് കുഞ്ഞുങ്ങളുടെയും ആരോഗ്യനില തൃപ്തികരമാണെന്നും നിരീക്ഷണത്തിലാണെന്നും കർണാടക ആരോഗ്യ വകുപ്പ് മന്ത്രി ദിനേശ് ഗുണ്ടുറാവു അറിയിച്ചു.

2001-ൽ കണ്ടെത്തിയ വൈറസാണെങ്കിലും എച്ച്എംപിവിക്കായി പ്രത്യേക പരിശോധനകൾ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നടക്കാറുണ്ടായിരുന്നില്ല. കൊവിഡ് 19 പോലെ പുതിയ വൈറസല്ല എച്ച്എംപിവി. സാധാരണ ജലദോഷപ്പനിയുടെ ലക്ഷണങ്ങൾ കാണിക്കുന്ന ഈ വൈറസ് അപൂർവം കേസുകളിൽ മാത്രമാണ് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നത്. എന്നാൽ ചൈനയിൽ രോഗബാധ പൊട്ടിപ്പുറപ്പെട്ടതോടെയാണ് ഇന്ത്യയടക്കമുള്ള മറ്റ് രാജ്യങ്ങളിലും പരിശോധനകൾ ശക്തമാക്കിയത്.  സ്ഥിതി സമഗ്രമായി വിലയിരുത്തി മുന്നോട്ട് പോകുമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിക്കുന്നു.

ശ്വാസകോശ സംബന്ധിയായ അസുഖങ്ങളുടെ സാഹചര്യം വിലയിരുത്തി വരികയാണെന്നും വലിയ വർദ്ധന ഇത്തരം രോഗങ്ങളിൽ ഇന്ത്യയിലുണ്ടായിട്ടില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 

വീണ്ടും എച്ച്എംപിവി, 3 മാസം പ്രായമായ കുഞ്ഞിനും രോഗം സ്ഥിരീകരിച്ചെന്ന് ഐസിഎംആ‍ർ; 2 കേസും കർണാടകയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!