ലോകത്തെ ആശങ്കപ്പെടുത്തുന്നതാണ് വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷൻ (ഡബ്ല്യുഎംഒ) പുറത്തിറക്കിയ റിപ്പോർട്ട്. ലോകത്തെ പ്രധാന നദികളിലെ ജലനിരപ്പ് ക്രമാതീതമാം വിധം താഴുന്നുവെന്നാണ് മുന്നറിയിപ്പ്.
ദില്ലി: ആഗോള ജലസ്രോതസ്സുകളുടെ നിലവിലെ അവസ്ഥയെക്കുറിച്ച് ഐക്യരാഷ്ട്രസഭയുടെ വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷൻ (ഡബ്ല്യുഎംഒ) പുറത്തിറക്കിയ റിപ്പോർട്ട് ആശങ്കയുളവാക്കുന്നു. ലോകമെമ്പാടുമുള്ള നദികളുടെ ഒഴുക്ക് 2023 ൽ അഭൂതപൂർവമായ താഴ്ന്ന നിലയിലെത്തിയെന്ന് റിപ്പോർട്ടിൽ പറയുന്നു. 33 വർഷത്തെ ഡാറ്റ വിശകലനം ചെയ്യുന്ന "സ്റ്റേറ്റ് ഓഫ് ഗ്ലോബൽ വാട്ടർ റിസോഴ്‌സസ്" റിപ്പോർട്ടിൽ പ്രധാന നദീതടങ്ങളിൽ നീണ്ടുനിൽക്കുന്ന വരൾച്ചയുടെ ഗുരുതരമായ ആഘാതത്തെക്കുറിച്ച് വ്യക്തമായി പറയുന്നു. ലോകത്തെ ഏറ്റവും വലിയ നദികളായ ആമസോൺ, മിസിസിപ്പി തടങ്ങളിൽ കഴിഞ്ഞ വർഷം റെക്കോർഡ് രീതിയിലാണ് ജലനിരപ്പ് താഴ്ന്നത്.
ഗംഗ, മെകോംഗ് നദീതടങ്ങളിലും ജലനിരപ്പ് താഴ്ന്നു. ലോകത്തിലെ പകുതി വൃഷ്ടിപ്രദേശങ്ങളും അസാധാരണമായ അവസ്ഥയാണുണ്ടായത്. ഭൂരിഭാഗം നദികളിലും ജലം കുറഞ്ഞു. ഈ സാഹചര്യം കൃഷിക്കും വ്യവസായത്തിനും ജലലഭ്യത കുറച്ചെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. നമ്മുടെ കാലാവസ്ഥാ ദുരിതത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട സൂചകമായി മാറുകയാണിതെന്ന് ഡബ്ല്യുഎംഒ സെക്രട്ടറി ജനറൽ സെലസ്‌റ്റെ സൗലോ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം മൂലം അനിയന്ത്രിതമായി മാറിക്കൊണ്ടിരിക്കുന്ന ജലചക്രങ്ങളെ ട്രാക്കുചെയ്യുന്നതിനും പ്രതികരിക്കുന്നതിനും ജലസംഭരണികൾ സംരക്ഷിക്കുന്നതിനുള്ള അടിയന്തര നടപടികളും ജലവൈദ്യുത നിരീക്ഷണവും വർദ്ധിപ്പിക്കണമെന്നും അവർ പറഞ്ഞു.
undefined
Read More... നിരസിക്കാൻ പറ്റാത്ത വമ്പൻ ഓഫർ, യുവതിയെ വിശ്വസിച്ച് പോകും! പണി കിട്ടിയെന്നറിഞ്ഞ് ഒളിവിൽ പോയി, ഒടുവിൽ അറസ്റ്റ്
50 വർഷത്തിനിടയിലെ ഏറ്റവും വലിയ ഹിമാനികൾക്ക് വലിയ രീതിയിൽ ഭാരം നഷ്ടപ്പെട്ടു. വർഷത്തിൽ 600 ജിഗാ ടൺ ജലമാണ് നഷ്ടപ്പെട്ടത്. യൂറോപ്പിലെയും സ്കാൻഡിനേവിയയിലെയും ഹിമാനികൾ നിറഞ്ഞ നദികളിൽ താൽക്കാലികമായി നദികൾ നിറഞ്ഞ് ഒഴുകുന്നുണ്ടെങ്കിലും ഹിമാനികളുടെ വലിപ്പം കുറയുന്നത് തുടരുന്നതിനാൽ വരും വർഷങ്ങളിൽ അളവ് ഗണ്യമായി കുറയുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഈ വർഷം ഉയർന്ന താപനില റിപ്പോർട്ട് ചെയ്യപ്പെട്ട പ്രദേശങ്ങളിൽ കൂടുതൽ ജലക്ഷാമം ഉണ്ടാകുമെന്ന് WMO യുടെ ഹൈഡ്രോളജി ഡയറക്ടർ സ്റ്റെഫാൻ ഉഹ്ലെൻബ്രൂക്ക് മുന്നറിയിപ്പ് നൽകി. 2024-ൽ ആവർത്തിച്ചുള്ള ആമസോൺ വരൾച്ചയുണ്ടായെന്നും അദ്ദേഹം പറഞ്ഞു.