'അന്റോണിയോ ഗുട്ടെറസ്' കൂടി കണ്ണടച്ചു, സ്കൂളുകൾ അടക്കമുള്ളവയ്ക്ക് അവധി, ഇരുട്ടിലായി ഈ കമ്മ്യൂണിസ്റ്റ് രാജ്യം

By Web TeamFirst Published Oct 19, 2024, 2:34 PM IST
Highlights

സാമ്പത്തിക പ്രതിസന്ധിക്ക് പിന്നാലെ ഊർജ്ജമേഖലയിലുണ്ടായ പ്രതിസന്ധി ക്യൂബയ്ക്ക് സൃഷ്ടിക്കുന്ന വെല്ലുവിളി ചില്ലറയല്ല. നിലവിൽ ദ്വീപ് രാജ്യത്തിലെ പ്രധാന വൈദ്യുതി നിലയം കൂടി പണിമുടക്കിയതോടെ രാജ്യം അക്ഷരാർത്ഥത്തിൽ ഇരുട്ടിലായിരിക്കുകയാണ്

ഹവാന: പ്രധാന ഊർജ്ജ പ്ലാൻറ് പണിമുടക്കിയതോടെ ഇരുട്ടിലായി ഈ കമ്യൂണിസ്റ്റ് രാജ്യം. 10 മില്യൺ ആളുകളാണ് ക്യൂബയിലെ നിലവിലെ വൈദ്യുതി പ്രതിസന്ധിയിൽ സാരമായി ബാധിച്ചിരിക്കുന്നത്. വെള്ളിയാഴ്ച 11 മണിയോടെയാണ് ക്യൂബയുടെ പവർ ഗ്രിഡ് പണിമുടക്കിയതെന്നാണ് ഊർജ്ജ വകുപ്പ് സാമൂഹ്യമാധ്യമങ്ങളിൽ വിശദമാക്കിയിരിക്കുന്നത്. വൈദ്യുതി പുനസ്ഥാപിക്കാൻ എത്ര താമസം വരുമെന്ന കാര്യം ഇനിയും വ്യക്തമല്ലെന്നാണ് അധികൃതർ വിശദമാക്കുന്നത്. ദൈർഘ്യമുള്ള പവർ കട്ടുകളുമായി വലഞ്ഞ ദ്വീപ് രാഷ്ട്രത്തിലെ ജനത്തിനെ അക്ഷരാർത്ഥത്തിൽ ഇരുട്ടിലാക്കുന്നതാണ് പുതിയ തകരാറെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

ക്യൂബയിലെ ഏറ്റവും വലിയ ഊർജ്ജ പ്ലാൻറായ അന്റോണിയോ ഗുട്ടെറസ് പവർ പ്ലാന്റാണ് വെള്ളിയാഴ്ച പണിമുടക്കിയത്. നിലവിലെ സാഹചര്യത്തിന് പരിഹാരം കാണുന്നതിനാണ് പ്രാഥമിക പരിഗണനയെന്നാണ് ക്യൂബയുടെ പ്രസിഡന്റ് മിഗേൽ ഡയസ് കനേൽ ബെർമുഡേസ് പ്രതികരിക്കുന്നത്. വൈദ്യുതി പുനസ്ഥാപിക്കുന്നത് വരെ വിശ്രമിക്കില്ലെന്നാണ് ക്യൂബൻ പ്രസിഡന്റ് എക്സിൽ കുറിച്ചിരിക്കുന്നത്. വൈദ്യുതി പുനസ്ഥാപിക്കുന്നതിനുള്ള നടപടികൾ പ്രാരംഭ ഘട്ടത്തിലാണെന്നാണ് ഊർജ്ജമന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ വിശദമാക്കുന്നത്. പല വൈദ്യുത പ്ലാൻറുകളുടെ പ്രവർത്തനം ആരംഭിക്കാൻ ഉതകുന്ന വൈദ്യുതി ഉൽപാദിപ്പിക്കാൻ ആയിട്ടുണ്ടെന്നാണ് അധികൃതർ വിശദമാക്കുന്നത്.  സ്കൂളുകൾ, നൈറ്റ് ക്ലബ്ബുകൾ അടക്കമുള്ളവയ്ക്കും മറ്റ് അനിവാര്യമല്ലാത്ത പ്രവർത്തനങ്ങൾക്കും തിങ്കളാഴ്ച വരെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. 

Latest Videos

ആശുപത്രി അടക്കമുള്ളവയുടെ പ്രവർത്തനം സാധാരണ ഗതിയിലാക്കാൻ കഴിവതും ആളുകൾ വീടുകളിൽ തുടരണമെന്നാണ് സർക്കാർ നിർദ്ദേശിച്ചിരിക്കുന്നത്. ഫ്രിഡ്ജുകളും ഓവനുകളും അടക്കമുള്ളവ പീക്ക് സമയങ്ങളിൽ ഉപയോഗിക്കരുതെന്നാണ് സർക്കാർ നിർദ്ദേശിച്ചിരിക്കുന്നത്. നേരത്തെ ഓഗസ്റ്റ് മാസത്തിൽ ആറ് ആണവ നിലയങ്ങൾ പണിമുടക്കിയതോടെ 14 മണിക്കൂറിലേറെ ക്യൂബയിൽ വൈദ്യുതി മുടങ്ങിയിരുന്നു. അറ്റകുറ്റ പണി സമയത്ത് നടക്കാതെ വന്നതും സാങ്കേതിക വിദ്യ പഴഞ്ചനായതുമാണ് നിലയങ്ങളിലെ തകരാറിന് കാരണമെന്നാണ് അധികൃതർ വിശദമാക്കുന്നത്. നേരത്തെ തന്നെ ബുദ്ധിമുട്ടിലായ രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയ്ക്ക് വൈദ്യുത പ്രതിസന്ധി ഇരുട്ടടിയാണ് സമ്മാനിച്ചിട്ടുള്ളത്. അവശ്യ സാധനങ്ങളുടെ ക്ഷാമം അടക്കമുള്ളവ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. വെളിച്ചവും ഭക്ഷണവും ആവശ്യപ്പെട്ട് നിരവധി പ്രതിഷേധങ്ങളാണ് ക്യൂബയിൽ നടന്നിട്ടുള്ളത്.

ദിവസത്തിൽ 14 മണിക്കൂറിലധികം വൈദ്യുതിയില്ല, ഈ കമ്മ്യൂണിസ്റ്റ് രാജ്യം നേരിടുന്നത് ഗുരുതര വൈദ്യുതി പ്രതിസന്ധി

1990 കളിലെ സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷം ക്യൂബ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം, ക്യൂബൻ സമ്പദ്‌വ്യവസ്ഥ 2023-ൽ രണ്ട് ശതമാനം ചുരുങ്ങുകയും പണപ്പെരുപ്പം 2023-ൽ 30 ശതമാനത്തിലെത്തുകയും ചെയ്തിരുന്നു. ഇതിനിടെ  ഫെബ്രുവരിയിൽ ഇന്ധനവിലയിലും വലിയ രീതിയിലുള്ള വർധനവ് വന്നിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!