നാടും വീടും വിഴുങ്ങി ആളിപ്പടര്‍ന്ന് തീ, ചാരമായത് 5000ലധികം വീടുകൾ, 10 മരണം; അമേരിക്കയെ വിറപ്പിച്ച് കാട്ടുതീ

By Web Desk  |  First Published Jan 10, 2025, 1:19 PM IST

അതേസമയം, ആളില്ലാത്ത വീടുകളിൽ വ്യാപക കൊള്ള നടക്കുന്നതായും റിപ്പോര്‍ട്ടുകളും പുറത്തുവന്നു. 


വാഷിങ്ടൺ: ലോസാഞ്ചലസിനെ വിഴുങ്ങിയ കാട്ടുതീ കൂടുതൽ മേഖലകളിലേക്ക് പടരുന്നു. കാട്ടുതീയിൽ പെട്ട് മരണം പത്തായി. അയ്യായിരത്തിലേറെ വീടുകൾ ചാരമായെന്നാണ് കണക്കുകൾ. ഒന്നര ലക്ഷം പേരെ കൂടി ഒഴിപ്പിക്കുകയാണ്. അതേസമയം, ആളില്ലാത്ത വീടുകളിൽ വ്യാപക കൊള്ള നടക്കുന്നതായും റിപ്പോര്‍ട്ടുകളും പുറത്തുവന്നു. മോഷണം നടത്തിയ ഇരുപത് പേർ പൊലീസിന്റെ പിടിയിലായി. 5700 കോടി ഡോളറിന്റെ നഷ്ടമാണ് ഇതവരെ കണക്കാക്കിയത്. പുനർനിർമാണ ചെലവ് സർക്കാർ വഹിക്കുമെന്ന് ജോ ബൈഡൻ അറിയിച്ചിട്ടുണ്ട്. കാലിഫോർണിയ സംസ്ഥാനത്തെ വിവിധ മേഖലകളെയാണ്  അസാധാരണ കാട്ടുതീ വിഴുങ്ങിയത്. ഈ പ്രദേശത്ത് വലിയ നാശമാണ് തീ ഉണ്ടാക്കിയിരിക്കുന്നത്. ലോസ് ആഞ്ചലസിൽ നിന്നുള്ള കാഴ്ചകൾ നരക സങ്കൽപ കഥകളെ അനുസ്മരിപ്പിക്കുന്നതാണ്. ആളിപ്പടരുന്ന തീ, വീടുകളെയും കെട്ടിടങ്ങളെയും പാടെ വിഴുങ്ങിയാണ് മുന്നോട്ട് നീങ്ങുന്നത്. 

തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങളൊന്നും ഇതുവരെ ഫലം കണ്ടിട്ടില്ല. ശക്തമായ വരണ്ട കാറ്റ് ആഞ്ഞുവീശിയതും ദുരന്തത്തിന്‍റെ വ്യാപ്തി വർധിപ്പിക്കുന്നുണ്ട്. കാട്ടുതീയിൽ ഇത് വരെ 10 പേർ കൊല്ലപ്പെട്ടു. ആയിരത്തിലധികം കെട്ടിടങ്ങൾ കത്തിയമർന്നിട്ടുണ്ട്. ഒന്നര ലക്ഷത്തിലധികം പേരെ ഒഴിപ്പിച്ചിട്ടുണ്ട്. അടിയന്തിര സാഹചര്യം കണക്കിലെടുത്ത് ഇറ്റലിയിലേക്കുള്ള യാത്ര പ്രസിഡന്‍റ് ബൈഡൻ റദ്ദാക്കിയിരുന്നു, കാലിഫോർണിയയിലെ കാട്ടുതീ ദുരന്തത്തെ മഹാ ദുരന്തമായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, ഒഴിപ്പിച്ച വീടുകളിൽ മോഷണം വ്യാപകമാകുന്നതാണ് സുരക്ഷാ സേന നേരിടുന്ന വലിയ വെല്ലുവിളി. നിരവധി വീടുകൾ ഇത്തരത്തിൽ കൊള്ള ചെയ്യപ്പെട്ടു. പല കേസുകളിലായി 20 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുമുണ്ട്.

Latest Videos

കാലിഫോർണിയയിലെ ആറിടത്താണ് തീ പടർന്ന് പിടിച്ചത്. സാന്‍റാമോണിക്കയ്ക്കും മാലിബുവിനും ഇടയിൽ പാലിസാഡസ് തീപ്പിടുത്തം. 15,832 ഏക്കറോളമാണ് ഇവിടെ മാത്രം തീ വിഴുങ്ങിയത്. ഒരു ശതമാനം പോലും തീ അണയ്ക്കാനായില്ല. സാൻ ഗബ്രിയേൽ മലനിരകൾക്ക് കീഴെ ഈറ്റൺ മേഖലയിലാണ് തീപ്പിടുത്തമുണ്ടായത്. മേഖലയിൽ പതിനായിരത്തി അറുന്നൂറ് ഏക്കറിലധികം തീ പടർന്നു. ആയിരത്തിലധികം കെട്ടിടങ്ങൾ നശിച്ചു. അഞ്ച് പേർ കൊല്ലപ്പെട്ടത് ഈ പ്രദേശത്താണ്. സാൻ ഫെർണാഡോയുടെ വടക്ക് ഹർസ്റ്റ് മേഖലയിലും വലിയ തീപ്പിടുത്തമാണ് ഉണ്ടായത്. 

850 ഏക്കറോളമാണ് ഇവിടെ കത്തിയമർന്നത്. വുഡ്ലി പാർക്കിനോട് ചേർന്നാണ് നാലാമത്തെ തീപിടിത്തമുണ്ടായത്. വെഞ്ച്യൂറ കൗണ്ടിയിലെ ഒലിവാസിലെ തീപ്പിടുത്തമാണ് അഞ്ചാമത്തേത്. ആക്ടൺ പ്രദേശത്തെ ലിഡിയ മേഖലയിലും തീപ്പിടിത്തം ഉണ്ടായി. ഹോളിവുഡ് ഹിൽസിൽ പൊട്ടിപ്പുറപ്പെട്ട സൺസറ്റ് തീപ്പിടുത്തമാണ് എറ്റവും ഒടുവിലത്തേത്. സെലിബ്രറ്റികളുടെ അടക്കം വാസസ്ഥലങ്ങൾ ഇവിടെ അപകട മേഖലയിലാണ്. ചെകുത്താൻ കാറ്റെന്ന് വിളിക്കുന്ന സാന്റ അന കാറ്റാണ് കാട്ടുതീകൾക്ക് പിന്നിലെ ശക്തി. തീ അണയ്ക്കാൻ കൂടുതൽ വെള്ളം ഉപയോഗിച്ചതോടെ ലോസ് ആഞ്ചൽസിലെ കുടിവെള്ള വിതരണവും പ്രതിസന്ധിയിലായിട്ടുണ്ട്.  

അമേരിക്കയെ മുൾമുനയിലാക്കി ലോസ് ആഞ്ചൽസിൽ കാട്ടുതീ; 5 മരണം, 1.5 ലക്ഷം പേരെ ഒഴിപ്പിച്ചു, കെട്ടിടങ്ങൾ കത്തിയമർന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!