രണ്ടാമത്തെ കുഞ്ഞും നഷ്ടമായി, 136 കിലോഭാരമുള്ള കുഞ്ഞുമായി കടലിൽ അലഞ്ഞ് കൊലയാളി തിമിംഗലം

By Web Desk  |  First Published Jan 8, 2025, 2:40 PM IST

2024 ഡിസംബർ 20നാണ്  തഹ്‌ലെക്വാ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ജെ 35 എന്ന കൊലയാളി തിമിംഗലത്തിന് കുഞ്ഞ് ജനിച്ചതായി അറിയുന്നത്.പുതുവർഷ രാവിലാണ് ഈ കുഞ്ഞ് ചത്തതെന്നാണ് ഗവേഷകർ വിശദമാക്കുന്നത്


വാഷിംഗ്ടൺ: രണ്ടാമത്തെ കുഞ്ഞും നഷ്ടമായി. 136 കിലോ ഭാരമുള്ള കുഞ്ഞിനെയുമായി കടലിൽ അലഞ്ഞ് തിരിഞ്ഞ് കൊലയാളി തിമിംഗലം. തഹ്‌ലെക്വാ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ജെ 35 എന്ന കൊലയാളി തിമിംഗലമാണ് കുഞ്ഞുമായി അമേരിക്കയിലെ വാഷിംഗ്ടണിന് തെക്ക് പടിഞ്ഞാറൻ മേഖലയിൽ കാണപ്പെട്ടത്. 2018ൽ സമാന രീതിയിൽ കുഞ്ഞിന്റെ മൃതദേഹവുമായി 17 ദിവസമാണ് ഇതേ കൊലയാളി തിമിംഗലം 1600 കിലോമീറ്റർ ദൂരം സഞ്ചരിച്ചത്. 

തഹ്‌ലെക്വായ്ക്ക് പുതിയ കുഞ്ഞ് ജനിച്ചതായി 2024 ഡിസംബർ 20 നാണ് ഗവേഷകർ സൂചിപ്പിച്ചത്. നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെരിക് അഡ്മിനിസ്ട്രേഷൻ ഡിസംബർ 23ന് ഇത് സ്ഥിരീകരിച്ചിരുന്നു. എന്നാൽ പുതുവർഷ തലേന്ന് ജെ 61 എന്ന് പേര് നൽകിയ ഈ കുഞ്ഞ് മരണപ്പെടുകയായിരുന്നു. അന്ന് മുതൽ കുഞ്ഞിന്റെ മൃതദേഹവുമായി കടലിൽ വിവിധ ഇടങ്ങളിലാണ് തഹ്‌ലെക്വായെ ഗവേഷകർ കണ്ടെത്തിയത്. തുടക്കത്തിൽ മറ്റ് ചില കൊലയാളി തിമിംഗലങ്ങളേയും തഹ്‌ലെക്വായ്ക്ക് ഒപ്പം കണ്ടിരുന്നുവെങ്കിലും നിലവിൽ കുഞ്ഞിന്റെ മൃതദേഹവുമായി തഹ്‌ലെക്വാ  തനിച്ചാണ് സഞ്ചരിക്കുന്നത്. തലയുടെ മുൻഭാഗം കൊണ്ട് ജെ 61ന്റെ മൃതദേഹം ഉന്തിയാണ് തഹ്‌ലെക്വാ നീന്തുന്നത്. മൃതദേഹം കടലിലേക്ക് ഒഴുകി പോവാതിരിക്കാനുള്ള ശ്രമങ്ങളും  തഹ്‌ലെക്വാ  നടത്തുന്നതായാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

Latest Videos

ചെറു യാത്രാ ബോട്ടിനെ വളഞ്ഞിട്ട് ആക്രമിച്ച് കൊലയാളി തിമിംഗലങ്ങൾ, യാത്രക്കാരെ രക്ഷിച്ച് തീരദേശ സേന

വടക്കുകിഴക്കൻ പസഫിക് സമുദ്രത്തിലെ തെക്കൻ മേഖലയിലെ കൊലയാളി തിമിംഗലങ്ങളുടെ അംഗസംഖ്യ കുത്തനെ കുറയുന്നതിൽ അതീവ ആശങ്കയോടെയാണ് ഗവേഷകർ സംഭവത്തെ നിരീക്ഷിക്കുന്നത്. അമേരിക്കയിൽ തന്നെ ഏറ്റവും അപകടകരമായ രീതിയിൽ വംശനാശം നേരിടുന്ന സസ്തനി വിഭാഗത്തിൽ ഉൾപ്പെടുന്നതാണ് കൊലയാളി തിമിംഗലങ്ങൾ. തഹ്‌ലെക്വാ വലിയ രീതിയിൽ ഭാരവുമായി നീന്തുന്നത് ഇതിന്റെ ഇരതേടാനുള്ള കഴിവിനെ വരെ ബാധിക്കുമെന്നാണ് ഗവേഷകർ വിലയിരുത്തുന്നത്. 14 വയസ് പ്രായമാണ് തഹ്‌ലെക്വായ്ക്കുള്ളത്. സാധാരണ ഗതിയിൽ ഓരോ അഞ്ച് വർഷം കൂടുമ്പോഴാണ് കൊലയാളി തിമിംഗലങ്ങൾ കുഞ്ഞിന് ജന്മം നൽകാറുള്ളത്. 
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!