ബ്രിട്ടനില്‍ എത്തി വെറും ഒരു വര്‍ഷം; 'ഭക്ഷണ കിറ്റ്' വിതരണത്തിലൂടെ ബ്രിട്ടനില്‍ ഹീറോയായി ഒരു മലയാളി

By Vipin Panappuzha  |  First Published May 26, 2021, 9:55 AM IST

ബ്രിട്ടനില്‍ ഇതുവരെ 1636 പേര്‍ക്ക് മാത്രം ലഭിച്ച പ്രധാനമന്ത്രിയുടെ പൊയന്‍റ് ഓഫ് ലൈറ്റ് പുരസ്കാരം ലഭിച്ചിരിക്കുകയാണ് ഇദ്ദേഹത്തിന്. ബ്രിട്ടനിലെ ഓക്സ്ഫോര്‍ഡ്ഷെയറിലെ ബാന്‍ബ്യൂറി എന്ന സ്ഥലത്ത് 'ഭക്ഷണകിറ്റ്' വിതരണത്തിലൂടെ സൂപ്പര്‍ഹീറോയായി മാറിയ, സ്വപ്നം പോലെ സംഭവിച്ച കാര്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറയുകയാണ് പ്രഭു
 


2020 മാര്‍ച്ചിലാണ് പ്രഭു നടരാജന്‍ എന്ന പാലക്കാടുകാരനും കുടുംബവും ഇംഗ്ലണ്ടിലേക്ക് കുടിയേറിയത്. ഒരു വര്‍ഷത്തിനിപ്പുറം പ്രഭുവിനെ അവിടം ഒരു സൂപ്പര്‍ഹീറോയെപ്പോലെ കാണുന്നു എന്ന് പറഞ്ഞാല്‍ അതിശയോക്തിയാകില്ല, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വിരുന്നിന് ക്ഷണിച്ചിരിക്കുകയാണ് ഇദ്ദേഹത്തെയും കുടുംബത്തെയും. ബ്രിട്ടനില്‍ ഇതുവരെ 1636 പേര്‍ക്ക് മാത്രം ലഭിച്ച പ്രധാനമന്ത്രിയുടെ പൊയന്‍റ് ഓഫ് ലൈറ്റ് പുരസ്കാരം ലഭിച്ചിരിക്കുകയാണ് ഇദ്ദേഹത്തിന്. ബ്രിട്ടനിലെ ഓക്സ്ഫോര്‍ഡ്ഷെയറിലെ ബാന്‍ബ്യൂറി എന്ന സ്ഥലത്ത് 'ഭക്ഷണകിറ്റ്' വിതരണത്തിലൂടെ സൂപ്പര്‍ഹീറോയായി മാറിയ, സ്വപ്നം പോലെ സംഭവിച്ച കാര്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട്   പ്രഭു സംസാരിക്കുന്നു

വിവാഹ വാര്‍ഷിക ദിനത്തില്‍ സംഭവിച്ച 'അത്ഭുതം'

Latest Videos

undefined

2020 ന്‍റെ തുടക്കത്തില്‍ ബ്രിട്ടനില്‍ എത്തി അധികം വൈകാതെ ലോക്ക്ഡൌണായി, ഇതോടെ ഏറെ പ്രതിസന്ധികള്‍ ഉണ്ടായി. ജോലി കണ്ടെത്താന്‍ കഴിയാത്തത് അടക്കമുള്ള പ്രശ്നങ്ങള്‍. അതിനിടയില്‍ തന്നെ നമ്മൊടൊപ്പം പ്രതിസന്ധി നേരിടുന്ന നിരവധിപ്പേര്‍‍ ഉണ്ടെന്ന് മനസിലാക്കുന്നത്. സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിന്നും മറ്റും അത് മനസിലാക്കി. അതിന് ശേഷമാണ് വിവാഹ വാര്‍ഷിക ദിനമായ 2020 നവംബര്‍ 14 ന് ഞാനും കുടുംബവും 15 ഓളം ഭക്ഷണപൊതികള്‍ വാങ്ങിയത്, ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യാം എന്നതായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ബ്രിട്ടനില്‍ എത്തി ആറുമാസത്തിനടുത്ത് മാത്രമേ ആയുള്ളൂ, പരിചയക്കാര്‍ കുറവാണ്, ബന്ധുക്കള്‍ ആരുമില്ല. അതിനാല്‍ തന്നെ ലോക്കല്‍ പരിചയത്തിന് വേണ്ടി ഒരു ഫേസ്ബുക്ക് ഗ്രൂപ്പില്‍ ഞാന്‍ ചേര്‍ന്നിരുന്നു. ആ ഗ്രൂപ്പില്‍ ഞാന്‍ സന്ദേശമിട്ടു, ഇന്ന് എന്‍റെ വിവാഹ വാര്‍ഷികമാണ്, ആവശ്യക്കാരയവര്‍ക്ക് 15 ഭക്ഷണ കിറ്റ് വിതരണം ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്ന്. എന്നെപ്പോലും ഞെട്ടിച്ച പ്രതികരണമാണ് ഉണ്ടായത്. 15 മിനുട്ടില്‍ ഏതാണ്ട് 60ഓളം സന്ദേശങ്ങള്‍ വന്നു. അഡ്രസ് അടക്കം. അതില്‍ തിരഞ്ഞെടുത്ത 15 സ്ഥലത്ത് ഭക്ഷണ പൊതികള്‍ എത്തിച്ചു. ഇത് ഒരു സാധാരണ സംഭവമായി ഞാന്‍ കരുതിയത്. എന്നാല്‍ പിറ്റേ ദിവസം മുതല്‍ എന്നെ തേടി നിരവധി സന്ദേശങ്ങള്‍ വന്നു. അതില്‍ പലതും എന്‍റെ അടുത്ത് ഫുഡ് പാക്കറ്റുകളുണ്ട് അത് ആവശ്യക്കാര്‍ക്ക് എത്തിക്കുമോ എന്നതാണ്. അതേ സമയം എതിര്‍വശത്ത് ഭക്ഷണം ആവശ്യമുണ്ട് സഹായിക്കുമോ എന്നതും.

അമ്പരിപ്പിച്ച പ്രതികരണങ്ങള്‍...

അതിനിടയില്‍ തന്നെ ഒരു കെയര്‍ ഹോമില്‍ ജോലി ലഭിച്ചിരുന്നു. കെയര്‍ ഹോം വര്‍ക്കേര്‍സിനും മറ്റും ലോക്ക്ഡൌണ്‍കാലത്ത് സന്നദ്ധ സേവനം നടത്താന്‍ തടസം ഇല്ലായിരുന്നു. സംഭാവനയായി ലഭിച്ച ഭക്ഷണപൊതികള്‍ വിതരണം നടത്താന്‍ തുടങ്ങിയതോടെ പലരും സഹായവുമായി എത്തി. വലിയ ട്രക്ക് വീട്ടിന് മുന്നില്‍ വന്ന് നിന്ന് അതില്‍ നിന്നും ലോഡ് കണക്കിന് ഭക്ഷണപൊതികള്‍ ഇറക്കിവച്ച്, എന്‍റെ വിതരണത്തിന് വിട്ടു നല്‍കുന്ന കാഴ്ചകള്‍വരെ കാണാന്‍ തുടങ്ങി. ഇതുവരെ ലക്ഷക്കണക്കിന് രൂപയുടെ ഭക്ഷണം വിതരണം ചെയ്തിട്ടുണ്ടാകും. എന്നാല്‍ ഒരു സാധാരണക്കാരനായ എന്നെ സംബന്ധിച്ച് ഒരു കാലത്തും എന്‍റെ കൈയ്യില്‍ നിന്നും ഇത്രയും തുക മുടക്കാന്‍ സാധിക്കില്ല. എന്‍റെ കൈയ്യിലൂടെ ആ സഹായം അര്‍ഹരിലേക്ക് എത്തുന്നു. പിന്നീട് വിവിധ ബിസിനസ് ഗ്രൂപ്പുകളും ഈ പദ്ധതിയിലേക്ക് കടന്നുവന്ന് സഹായിക്കാന്‍ തുടങ്ങി. ബ്രിട്ടന്‍ പോലെയൊരു രാജ്യത്ത് ഒരു സഹായത്തിന് ഇത്രയും വിലയുണ്ടെന്നത് ഞാന്‍ അപ്പോഴാണ് മനസിലാക്കുന്നത്. ഒരു വീട്ടിന് മുന്നില്‍ ഭക്ഷണപൊതി വച്ച് വാതിലില്‍ മുട്ടുമ്പോള്‍ കണ്ണീരോടെ നന്ദി പറയുന്ന കാഴ്ചകള്‍ ഏറെക്കണ്ടു. ശരിക്കും വലിയ അനുഭവമായിരുന്നു അത്. ഇതുവരെ ആയിരക്കണക്കിന് ഭക്ഷണ പാക്കറ്റുകള്‍ വിതരണം ചെയ്തിട്ടുണ്ട്. ഇപ്പോള്‍ സ്കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം ലഭ്യമാക്കുന്ന ദ ലഞ്ച് ബോക്സ് പ്രൊജക്ട് എന്ന പദ്ധതിയുമായി സഹകരിക്കാനും ഇടയാക്കി.

പ്രളയം നല്‍കിയ പാഠം

എന്ത് കൊണ്ടാണ് ഇത്തരം ഒരു ഉദ്ധ്യമത്തിന് ഇറങ്ങിയത് എന്ന് ചിന്തിക്കാറുണ്ട്. കേരളത്തിലായിരുന്ന സമയത്ത് പ്രളയകാലം ഓര്‍മ്മയുണ്ട്. അന്ന് ദുരിതാശ്വാസ സാമഗ്രികള്‍ എത്തിക്കാന്‍ ഓടിനടന്നിട്ടുണ്ട്. പാലക്കാടായിരുന്നു അന്ന് പ്രവര്‍ത്തിച്ചത്. ദുരിതാശ്വാസ സാമഗ്രികള്‍ ശേഖരിക്കാനും അവ കയറ്റിഅയക്കാനും ഓടിയെത്തിയ നിരവധി യുവാക്കളില്‍ ഒരാളായി പ്രവര്‍ത്തിക്കാന്‍ സാധിച്ചു. 2018 ലെ പാലക്കാട് വിക്ടോറിയ കോളേജില്‍ 12 ടണ്‍ ദുരിതാശ്വാസ സാമഗ്രികളാണ് പ്രളയം വിഴുങ്ങിയ കേരളത്തിന്‍റെ വിവിധ ഇടങ്ങളിലേക്ക് കയറ്റി അയച്ചത്. ആ ദൌത്യത്തില്‍ പങ്കെടുത്ത പരിചയവും അനുഭവും മറ്റൊരു നാട്ടിലും തുണയായി,അത് ഇവിടുത്തെ നാട്ടുകാര്‍ ഏറ്റെടുത്തു. ശരിക്കും നമ്മുടെ നാടിനെ സംബന്ധിച്ച് ഇത് ചെറിയൊരു ഉദ്ധ്യമമാണ്, പക്ഷെ ഈ നാട്ടില്‍ ഇത് സ്വീകരിക്കുന്നത് വേറെ രീതിയിലാണ്.

സൂപ്പര്‍ഹീറോ...

ഇത്തരം പ്രവര്‍ത്തനങ്ങളെ ഒരു സൂപ്പര്‍ഹീറോ ചെയ്യുന്നത് പോലെയാണ് ബ്രിട്ടീഷുകാര്‍‍ കാണുന്നത്. ഇന്ത്യന്‍ കമ്യൂണിറ്റിയും, ഇവിടുത്തെ പ്രദേശിക ഭരണകൂടവും വലിയ സഹായങ്ങളാണ് ചെയ്യുന്നത്. ഭക്ഷണ കിറ്റ് വിതരണം തുടങ്ങി ആദ്യഘട്ടത്തില്‍ രാത്രിയില്‍ വിതരണത്തിന് പോകുമ്പോള്‍ ചിലപ്പോള്‍ പൊലീസും മറ്റും ചോദിക്കുമായിരുന്നു. എന്നാല്‍  ഈ ഉദ്യമം തുടങ്ങി 20 ദിവസത്തിനുള്ളില്‍ എന്നെ ഇവിടുത്തെ പൊലീസിനും, ഫയര്‍ഫോഴ്സിനും എല്ലാം പരിചയമുള്ള മുഖമാക്കി. ഇതിനകം മൂന്ന് പ്രവാശ്യം ബിബിസിയില്‍ ഈ ശ്രമങ്ങള്‍ വാര്‍ത്തയായി. അതിനിടയില്‍ ഒരു കമ്പനിയാണ് ഭക്ഷണ വിതരണത്തിന് പോകുമ്പോള്‍ സൂപ്പര്‍ ഹീറോകളുടെ വസ്ത്രംധരിക്കാമോ എന്ന ആശയം മുന്നോട്ട് വച്ചത്. അത് ശരിക്കും വലിയ അനുഭവമായി മാറി. കുട്ടികളും മറ്റും പുതിയൊരു ആവേശത്തോടെയാണ് സ്വീകരിച്ചത്. മകന്‍ അദ്വൈതും, ഭാര്യ ശില്‍പ്പയും ഈ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം നല്ല പിന്തുണയാണ്. 2020 ക്രിസ്മസ് കാലത്ത് അദ്വൈത് തന്‍റെ കളിപ്പാട്ടങ്ങള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്തിരുന്നു. എന്നും വീട്ടിന്‍റെ വാതില്‍ തുറക്കുമ്പോള്‍ കുടുംബത്തെ തേടി എന്തെങ്കിലും സമ്മാനം വാതില്‍പ്പടിയില്‍ ഉണ്ടാകും, അത്തരം സ്നേഹ സമ്മാനങ്ങളുടെ കരുതല്‍ സ്വന്തം ഫേസ്ബുക്കില്‍ പങ്കുവയ്ക്കാറുമുണ്ട്. മാര്‍വല്‍ സ്റ്റുഡിയോയിലെ എഡിറ്റര്‍ അവരുടെ സൂപ്പര്‍ താരങ്ങളുടെ രൂപത്തില്‍ എന്നെയും മകനെയും വരച്ച് സമ്മാനിക്കുകയും ചെയ്തു.

ചെറിയ ശ്രമം..വലിയ ഇംപാക്ട്...

ഒരു പുതിയ നാട്ടിലെത്തി, ഒരു വര്‍ഷത്തിനിടയില്‍ സംഭവിച്ചത് അത്ഭുതമാണോ എന്ന് ഇപ്പോഴും വ്യക്തമല്ല. മറ്റുള്ളവരെ സഹായിക്കുക എന്നത് ഒരു സാധാരണകാര്യമാണ് അത് വലിയ സംഭവമായി മാറുന്നത് എങ്ങനെയെന്ന് ചിന്തിച്ചിട്ടുണ്ട്. ഇവിടെ ആവശ്യത്തിന് സഹായം ഉണ്ട്, ആ സഹായത്തിന് ആവശ്യക്കാരും ഉണ്ട് എന്നാല്‍ അവര്‍ക്ക് അരികില്‍ ആ സഹായം എത്തിക്കാനുള്ള മനസില്ലെന്ന് തോന്നുന്നു. ഉദാഹരണം ഏറെയുണ്ട്. ഭക്ഷണ പൊതി വീട്ടിലുണ്ട് വന്ന് വാങ്ങാമോ എന്ന് ചോദിച്ച് ചിലര്‍ സന്ദേശം അയക്കും. അവരുടെ വീട് തേടി ചെല്ലുമ്പോള്‍ പെട്ടെന്ന് ഓര്‍ക്കും, ഇവിടെ ഇന്നലെയോ, മിനിയാന്നോ ഒരു ഭക്ഷണപൊതി വിതരണം ചെയ്തിട്ടുണ്ടല്ലോ. അതായത് കഴിഞ്ഞ ദിവസം ഭക്ഷണപൊതി നല്‍കിയ വീട്ടിന് തൊട്ടടുത്തായിരിക്കും നമ്മുക്ക് ഇന്ന് ഭക്ഷണപൊതി സംഭാവന ചെയ്യുന്നയാളുടെ വീട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!