നദിക്കരയിലെ പ്രാര്‍ത്ഥനയ്ക്കിടെ പ്രളയം; കൊല്ലപ്പെട്ടത് 14 പേര്‍, ഒഴുക്കില്‍പ്പെട്ടവര്‍ക്കായി തിരച്ചില്‍

By Web Team  |  First Published Dec 5, 2022, 3:45 PM IST

പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കിയ പാസ്റ്റര്‍ ഒഴുക്കില്‍പ്പെട്ടെങ്കിലും നദിയിലേക്ക് ചാഞ്ഞ് നിന്നിരുന്ന ഒരു മരത്തില്‍ പിടിച്ച് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.


പ്രാര്‍ത്ഥനയ്ക്കിടെ പള്ളിയിലേക്ക് ഇരച്ചെത്തി പ്രളയ ജലത്തില്‍ ഒഴുക്കില്‍ പെട്ട് മരിച്ചത്  14 പേര്‍. ദക്ഷിണാഫ്രിക്കയിലെ ജൊഹനാസ്ബര്‍ഗിലാണ് സംഭവം. ജുക്സ്കെയ് നദിയിലാണ് ശനിയാഴ്ച വലിയ  അപകടമുണ്ടായത്. ശനിയാഴ്ച നടന്ന പ്രത്യേക പ്രാര്‍ത്ഥനാ ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെയാണ് പ്രളയ ജലം ഇരച്ചെത്തിയത്. പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കിയ പാസ്റ്റര്‍ ഒഴുക്കില്‍പ്പെട്ടെങ്കിലും നദിയിലേക്ക് ചാഞ്ഞ് നിന്നിരുന്ന ഒരു മരത്തില്‍ പിടിച്ച് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.

30ഓളം വിശ്വാസികളായിരുന്നു ശനിയാഴ്ച നദിക്കരയിലെ പ്രാര്‍ത്ഥനയ്ക്ക് എത്തിയത്. ദക്ഷിണാഫ്രിക്കയില്‍ ഏറെ കുപ്രസിദ്ധമായ മഴക്കാലമായതിനാല്‍ ആളുകളോട് നദിക്കരയില്‍ എത്തുന്നതിന് വിലക്കുള്ള സമയത്താണ് വിശ്വാസി സമൂഹം നദിയിലിറങ്ങി പ്രാര്‍ത്ഥന നടത്തിയത്. വെള്ളപ്പാച്ചിലില്‍ ഒഴുകി പോയവര്‍ക്കായി ഞായറാഴ്ച നടത്തിയ തെരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തി വച്ചിരുന്നു. പ്രതികൂല കാലാവസ്ഥയേ തുടര്‍ന്നായിരുന്നു ഇത്.

Latest Videos

ആദ്യ ദിവസം നടത്തിയ തെരച്ചില്‍ രണ്ട് പേരുടെ മൃതദേഹവും ഞായറാഴ്ച നടന്ന തെരച്ചിലില്‍ 12 പേരുടെ മൃതദേഹവും കണ്ടെത്തിയിട്ടുണ്ടെന്നാണ് ബിബിസി അടക്കമുള്ള അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മൂന്ന് പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് സൂചനകള്‍. അഗ്നിശമന സേനയും പൊലീസും നീന്തല്‍ വിദഗ്ധരും ചേര്‍ന്നുള്ള തിരച്ചിലാണ് കാണാതായവര്‍ക്കായി നടത്തുന്നത്.  

ദക്ഷിണാഫ്രിക്കയിലെ നിരവധി വിശ്വാസി സമൂഹങ്ങള്‍ സമാനമായ ചടങ്ങുകള്‍ നദിക്കരയില്‍ നടത്തുന്ന സാഹചര്യത്തില്‍ അപകട മുന്നറിയിപ്പ് ഒരിക്കല്‍ കൂടി നല്‍കിയിരിക്കുകയാണ് അധികൃതര്‍. അപ്രതീക്ഷിതമായി എത്തുന്ന പ്രളയ ജലം ആളുകള്‍ പ്രതീക്ഷിക്കാത്ത വേഗത്തിലാണ് എത്തുന്നത്. ഈ സമയത്ത് ഇത്തരം ചടങ്ങുകള്‍ നടത്തരുതെന്നാണ് അധികൃതരുടെ അപേക്ഷ. വിശ്വാസികളില്‍ നീന്തലറിയാവുന്ന ചിലര്‍ ചേര്‍ന്ന് അഞ്ചോളം പേരെ രക്ഷിച്ചിട്ടുണ്ട്. നൂറുമീറ്ററിലധികം ഒഴുക്കില്‍പ്പെട്ട ശേഷമായിരുന്നു ഇതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. 

click me!