പരീക്ഷണം നടത്തിയ ഒരാൾക്ക് അവശത അനുഭവപ്പെട്ടതിനെത്തുടർന്നാണ് ജോൺസൺ & ജോൺസൺ പരീക്ഷണം താൽക്കാലികമായി നിർത്തിവച്ചത്. 60,000 പേരെ വാക്സിൻ പരീക്ഷണത്തിന് ക്ഷണിച്ചുകൊണ്ടുള്ള ഓൺലൈൻ സംവിധാനം തൽക്കാലം പിൻവലിച്ചു.
വാഷിംഗ്ടൺ: ജോൺസൺ & ജോൺസൺ കമ്പനിയുടെ മനുഷ്യരിലുള്ള വാക്സിൻ പരീക്ഷണം താൽക്കാലികമായി നിർത്തിവച്ചു. വാക്സിൻ പരീക്ഷിച്ച ഒരാൾക്ക് അവശത അനുഭവപ്പെട്ടതിനെത്തുടർന്നാണ് പരീക്ഷണം അടിയന്തരമായി നിർത്തിയത്. അതേസമയം, കൊവിഡ് വന്നുപോകട്ടെയെന്ന തരത്തിലുള്ള മനോഭാവം അപകടകരമാണെന്നും, മുൻകരുതൽ വേണമെന്നും ശക്തമായ മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന രംഗത്തെത്തി.
''ഞങ്ങൾ താൽക്കാലികമായി മനുഷ്യരിലെ കൊവിഡ് വാക്സിൻ പരീക്ഷണം നിർത്തിവയ്ക്കുകയാണ്. മൂന്നാംഘട്ടത്തിലുള്ള ENSEMBLE പരീക്ഷണവും നിർത്തിവയ്ക്കുന്നു, പരീക്ഷണത്തിൽ പങ്കെടുത്ത ഒരാൾക്ക് അവശത കണ്ടെത്തിയതിനെത്തുടർന്നാണിത്'', കമ്പനി അറിയിച്ചു.
undefined
60,000 പേരെ വാക്സിൻ പരീക്ഷണത്തിന് ക്ഷണിച്ചുകൊണ്ടുള്ള ഓൺലൈൻ സംവിധാനവും കമ്പനി തൽക്കാലം പിൻവലിച്ചു. അമേരിക്കയിൽ നിന്നും, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി 200 ഇടങ്ങളിൽ നിന്ന് അറുപതിനായിരം പേരെ തെരഞ്ഞെടുത്ത് പരീക്ഷണം നടത്താനാണ് കമ്പനി തീരുമാനിച്ചിരുന്നത്. പരീക്ഷണം നടത്തുന്ന മറ്റ് രാജ്യങ്ങൾ അർജന്‍റീന, ബ്രസീൽ, ചിലി, കൊളംബിയ, മെക്സിക്കോ, പെറു, ദക്ഷിണാഫ്രിക്ക എന്നിവയാണ്.
''അപകടകരമായ പ്രവണത'', മുന്നറിയിപ്പുമായി ഡബ്ല്യുഎച്ച്ഒ
കൊവിഡ് വന്നുപോകട്ടെയെന്നും, അങ്ങനെ കൂട്ടത്തോടെ കൊവിഡ് വരുമ്പോൾ ഒരു ജനസമൂഹം കൊവിഡ് പ്രതിരോധം താനെ കണ്ടെത്തുമെന്നുമുള്ള ധാരണ തെറ്റെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകുന്നു. രോഗം വന്നതിലൂടെ ഉണ്ടാകുന്ന ഹെർഡ് ഇമ്മ്യൂണിറ്റിയെന്ന സങ്കൽപ്പം തന്നെ അപകടകരവും അധാർമികവുമാണ്. ''വാക്സിനേഷന് വേണ്ടി ഉപയോഗിക്കുന്ന ഒരു സങ്കൽപ്പമാണ് ഹെർഡ് ഇമ്മ്യൂണിറ്റി. വാക്സിനേഷൻ ഭൂരിപക്ഷം പേരിലും എത്തിയാൽ, ബാക്കി ആളുകളിൽ സ്വാഭാവികപ്രതിരോധം രൂപപ്പെടുമെന്നത് തെളിയിക്കാൻ ഉപയോഗിക്കുന്ന ഒരു ആശയം മാത്രമാണ് ഇത്. കൊവിഡിനെ ഫലപ്രദമായി പ്രതിരോധിക്കാൻ ഹെർഡ് ഇമ്മ്യൂണിറ്റി മതിയെന്ന സങ്കൽപ്പം തന്നെ തെറ്റാണ്'', ഡബ്ല്യുഎച്ച്ഒ തലവൻ ടെഡ്രോസ് അദനോം ഗെബ്രയേസസ് പറയുന്നു.
ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത് മീസിൽസ് റുബല്ല വാക്സിനാണ്. റുബല്ല വാക്സിൻ 95 ശതമാനം പേരിലും എത്തിയാൽ ബാക്കി അഞ്ച് ശതമാനം പേരിലേക്ക് രോഗമെത്താനുള്ള സാധ്യത പൂർണമായും അടയുമെന്ന സങ്കൽപ്പമാണ് ഹെർഡ് ഇമ്മ്യൂണിറ്റി. അതല്ലാതെ രോഗം വന്നുപോയാൽ സ്വാഭാവികപ്രതിരോധം വരുമെന്ന വാദമല്ല - അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.