അനധികൃത കുടിയേറ്റക്കാരുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോൾ നാടുകടത്തപ്പെട്ടവരുടെ എണ്ണം വളരെ കുറവാണെന്ന് ഇൻകമിംഗ് അഡ്മിനിസ്ട്രേഷൻ്റെ ദേശീയ പ്രസ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്ന കരോലിൻ ലീവിറ്റ് പറഞ്ഞു
വാഷിങ്ടൺ: യുഎസിൽ കഴിഞ്ഞ വർഷം 271,000 ത്തിലധികം കുടിയേറ്റക്കാരെ നാടുകടത്തിയെന്ന് യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെൻ്റ് (ഐസിഇ) ഏജൻസി റിപ്പോർട്ട്. നാടുകടത്തൽ താൽക്കാലികമായി നിർത്തുമെന്ന് പ്രസിഡൻ്റ് ജോ ബൈഡൻ അറിയിച്ചെങ്കിലും കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം ഇത്രയും പേരെ നാടുകടത്തിയെന്ന് റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ഒരു ദശാബ്ദത്തിനുള്ളിൽ ഏറ്റവും കൂടുതൽ പേരെ നാടുകടത്തിയതും കഴിഞ്ഞ വർഷമാണ്. നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ആദ്യ ഭരണകാലത്തെ എണ്ണത്തെപ്പോലും മറികടന്നെന്ന് റിപ്പോർട്ടുകൾ പറയുന്നു. നാടുകടത്തപ്പെട്ടവരിൽ ഭൂരിഭാഗവും അനധികൃത കുടിയേറ്റക്കാരാണെന്നും 82 ശതമാനവും അതിർത്തി ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തവരാണെന്നും കണക്കുകൾ പറയുന്നു.
അതേസമയം, അനധികൃത കുടിയേറ്റക്കാരുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോൾ നാടുകടത്തപ്പെട്ടവരുടെ എണ്ണം വളരെ കുറവാണെന്ന് ഇൻകമിംഗ് അഡ്മിനിസ്ട്രേഷൻ്റെ ദേശീയ പ്രസ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്ന കരോലിൻ ലീവിറ്റ് പറഞ്ഞു. ജോ ബൈഡന്റെ കാലത്ത് ക്രമാതീതമായി വർധിച്ച അനധികൃത കുടിയേറ്റവും അത് സൃഷ്ടിച്ച ദേശീയ സുരക്ഷാ പ്രശ്നങ്ങളും ട്രംപ് പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്നും അവർ പറഞ്ഞു. എന്നാൽ, യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (സിബിപി) അനുസരിച്ച്, യുഎസ്-മെക്സിക്കോ അതിർത്തിയിലെ കുടിയേറ്റക്കാരുടെ എണ്ണം 2020 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലെത്തി.