ജപ്പാന്റെ സാമ്പത്തിക ഉയിർത്തെഴുന്നേൽപ്പിന് താങ്ങായി നിൽക്കുന്നവയിൽ പ്രധാനം വിനോദ സഞ്ചാരമേഖല തന്നെയാണ്. കൊവിഡ് കാലത്തിന് ശേഷം ജപ്പാന്റെ വിനോദസഞ്ചാരമേഖലയിൽ വലിയ മാറ്റങ്ങളാണുണ്ടായിരിക്കുന്നത്
ജപ്പാനിൽ കൊവിഡിന്‍റെ ഏഴാം തരംഗമാണിപ്പോൾ. പക്ഷെ മറ്റേതൊരു ലോകരാജ്യവും പോലെ ജപ്പാനും കൊവിഡ് കാലത്തോടൊപ്പം അതിജീവനം പഠിക്കുകയാണ്. ജപ്പാന്‍റെ സാമ്പത്തിക ഉയിർത്തെഴുന്നേൽപ്പിന് താങ്ങായി നിൽക്കുന്നവയിൽ പ്രധാനം വിനോദ സഞ്ചാരമേഖല തന്നെയാണ്. കൊവിഡ് കാലത്തിന് ശേഷം ജപ്പാന്റെ വിനോദസഞ്ചാരമേഖലയിൽ വലിയ മാറ്റങ്ങളാണുണ്ടായിരിക്കുന്നത്. നെല്ലിനും അരിക്കും എങ്ങനെയാണ് ഒരു രാജ്യത്തിന്‍റെ ടൂറിസത്തെ പുനരുജ്ജീവിപ്പിക്കാൻ കഴിയുക എന്നതിന്‍റെ ഉദാഹരണമാണിന്ന് ജപ്പാൻ.
നെൽക്കതിരിലെ കല
undefined
ഇനാക്കടേറ്റേ എന്ന ഗ്രാമത്തിൽ നിന്നുള്ള കാഴ്ചകളാണ് സഞ്ചാരികളെ ഇന്ന് ഏറ്റവുമധികം ആകർഷിക്കുന്നത്.
രണ്ടുലക്ഷത്തിലധികം പേർ ഇതുവരെ ഇവിടത്തെ നെൽപ്പാടം കാണാനെത്തിയെന്നാണ് കണക്ക്. അതിൽ തന്നെ ഇരുപതിനായിരത്തിലധികം പേരും വിദേശസഞ്ചാരികളാണ്. ഇവിടുത്തെ നെൽപ്പാടങ്ങൾ വിശാലമായ ഒരു ക്യാൻവാസ് പോലെയാണ്. നെൽനാമ്പുകളും നെൽക്കതിരുകളും തീർക്കുന്ന മനോഹരമായ ചിത്രങ്ങൾ ആരെയും ആകര്‍ഷിക്കും.
പർപ്പിൾ, മഞ്ഞ , വെള്ള എന്നീ നിറങ്ങളിൽ കതിരുകളുണ്ടാകുന്ന നെൽച്ചെടികൾ ഇടവിട്ടു നട്ടാണ് വയലിൽ ഈ ചിത്രങ്ങൾ ഒരുക്കിയിരിക്കുന്നത്. രാജ്യം ജപ്പാൻ ആയത് കൊണ്ടുതന്നെ സാങ്കേതിക വിദ്യയും ഈ കലാരൂപത്തിന് തുണയായി. കംപ്യൂട്ടർ മോഡലിംഗ് പോലുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ച് നൂതനമായ ചിത്രങ്ങൾ വയലിൽ ഡിസൈൻ ചെയ്തു. സ്റ്റാർ വാർസിലെ കഥാപാത്രങ്ങളുടെ രൂപങ്ങൾ വരെ നെൽവയലിൽ ഒരുക്കി.
അരിയും മൂല്യവർധിത ഉത്പന്നങ്ങളും
നെൽപാടത്തുകൂടിയൊരു നടത്തം, പ്രാദേശിക വിഭവങ്ങളുടെ പാചകം, അരി കൊണ്ട് വൈൻ നിർമാണം, ഹോംസ്റ്റേയിലെ താമസം. ജപ്പാന്റെ അഗ്രിടൂറിസത്തിൽ ഇത്തരം പാക്കേജുകളും ഇന്ന് സജീവമാണ്. നെൽക്കൃഷി, വിളവെടുപ്പ് ഉല്ലാസയാത്രകൾ, പങ്കെടുക്കുന്നവർ ഒനിഗിരി (അരി ബോളുകൾ) അല്ലെങ്കിൽ പൗണ്ട് മോച്ചി (അരി ദോശ) എന്നിവ ഉണ്ടാക്കുന്ന ഭക്ഷണ ടൂറുകൾ എന്നിവയെല്ലാം ഈ പാക്കേജുകളെ ആകർഷകമാക്കുന്നു. കൊവിഡ് രോഗബാധയുടെ സാധ്യത കുറയ്ക്കുന്നതിന്റെ ഭാഗമായി സഞ്ചാരികൾ തിരക്കേറിയ നഗരപ്രദേശങ്ങൾ ഒഴിവാക്കി വിശാലമായ നാട്ടിൻപുറങ്ങളിലേക്ക് ചേക്കേറുകയാണ്. ഈ സാധ്യതകൾ തിരിച്ചറിഞ്ഞാണ് ജൈവകൃഷിയും ജൈവഅരിയുടെ വിപണിയും ജപ്പാൻകാർ വിശാലമാക്കിയത്.
ജപ്പാനിൽ ഉത്പാദിപ്പിക്കുന്ന ജൈവ അരി ഇന്ന് ഓസ്ട്രേലിയയിലെ അഞ്ച് പ്രധാന നഗരങ്ങളടക്കം എട്ട് രാജ്യങ്ങളിലേക്കാണ് കയറ്റുമതി ചെയ്യുന്നത്. ഓൺലൈനിൽ വാങ്ങാം എന്നതാണ് പ്രധാന ആകർഷണം. ജപ്പാന്റെ സർക്കാർ വകുപ്പുകളുടെ കണക്ക് പ്രകാരം ഏകദേശം 17,400 ടൺ ജാപ്പനീസ് അരി കയറ്റുമതി ചെയ്തു, 2015 ൽ ഇത് 7,600 ടൺ മാത്രമായിരുന്നു. ജപ്പാൻ റെയിൽവേയുടെ റെയിൽ പാസുകൾക്കായുള്ള വെബ്‌സൈറ്റിലെ ശുപാർശകളിൽ കൻസായി മേഖലയിലെ ഒട്ടോ നെൽ നടീൽ ഉത്സവവും ഇഷികാവ പ്രിഫെക്ചറിലെ വാജിമയിലെ ഷിറോയോൺ സെൻമൈഡയും ഉൾപ്പെടുന്നു. വിദേശ സഞ്ചാരികൾക്കൊപ്പം ആഭ്യന്തര വിനോദസഞ്ചാരികളും അരിയും അരി വിഭവങ്ങളും ആസ്വദിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ.