ഗാസയുടെ തെക്ക് ഭാഗത്തുള്ള റഫയിൽ 10 ലക്ഷത്തിലധികം ജനങ്ങളുണ്ട്. അവർ ഭക്ഷണം, വെള്ളം, പാർപ്പിടം തുടങ്ങിയവ ഇല്ലാതെ വലയുകയാണ്
ടെൽ അവീവ്: പലസ്തീനിലെ റഫയിൽ ആക്രമണം നടത്തുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. റഫയിലേക്കുള്ള പ്രവേശനവും അവിടെയുള്ള തീവ്രവാദ ബറ്റാലിയനുകളെ ഇല്ലാതാക്കലും ആവശ്യമാണെന്നാണ് നെതന്യാഹു പറഞ്ഞത്. അത് സംഭവിക്കും. തിയ്യതി കുറിച്ചിട്ടുണ്ടെന്ന് പറഞ്ഞ നെതന്യാഹു എന്നാണെന്ന് വ്യക്തമാക്കിയിട്ടില്ല.
തങ്ങൾ എപ്പോഴും ലക്ഷ്യം നേടാനായി പ്രവർത്തിക്കുന്നുവെന്ന് നെതന്യാഹു വ്യക്തമാക്കി. എല്ലാ ബന്ദികളെയും മോചിപ്പിച്ച് സമ്പൂർണ്ണ വിജയം കൈവരിക്കുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ഗാസയുടെ തെക്ക് ഭാഗത്തുള്ള റഫയിൽ 10 ലക്ഷത്തിലധികം ജനങ്ങളുണ്ട്. അവർ ഭക്ഷണം, വെള്ളം, പാർപ്പിടം തുടങ്ങിയവ ഇല്ലാതെ വലയുകയാണ്. അതിനിടെയാണ് ഇസ്രയേലിന്‍റെ ആക്രമണ ഭീഷണി.
ഐക്യരാഷ്ട്രസഭയും നിരവധി രാജ്യങ്ങളും ഉണ്ടാവാൻ പോകുന്ന ദുരന്തത്തെ കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടും റഫയിൽ കരയാക്രമണത്തിന് തയ്യാറെടുക്കുകയാണ് ഇസ്രയേൽ. ഗാസയിലെ ഹമാസിന്‍റെ നിയന്ത്രണം ഇല്ലാതാക്കാൻ റഫയ്ക്ക് നേരെയുള്ള ആക്രമണം അനിവാര്യമാണെന്ന് നെതന്യാഹു വാദിക്കുന്നു. എന്നാൽ റഫയിലെ പലസ്തീൻ പൗരന്മാരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ ചൂണ്ടിക്കാട്ടി അമേരിക്ക ഈ അധിനിവേശത്തോട് എതിർപ്പ് രേഖപ്പെടുത്തി.
ഇസ്രയേൽ - ഹമാസ് യുദ്ധം തുടങ്ങിയിട്ട് ആറ് മാസമായി. എല്ലാ ബന്ദികളെയും മോചിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് നെതന്യാഹു അവകാശപ്പെടുമ്പോഴും ബന്ദികളെ എല്ലാവരെയും മോചിപ്പിക്കാൻ കഴിയാത്തതിൽ ഇസ്രയേലിൽ അമർഷം ശക്തമാവുകയാണ്. ടെൽ അവീവ് അടക്കം രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ പതിനായിരങ്ങളാണ് കഴിഞ്ഞ ദിവസം തെരുവിലിറങ്ങി പ്രതിഷേധിച്ചത്. സർക്കാർ വിരുദ്ധ പ്രക്ഷോഭകാരികൾക്കൊപ്പം ബന്ദികളുടെ ബന്ധുക്കളും അണിചേർന്നു.
നെതന്യാഹു രാജിവയ്ക്കണമെന്നും രാജ്യത്ത് തെരഞ്ഞെടുപ്പ് നടത്തണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഹമാസ് ബന്ദിയാക്കിയ ഒരാളുടെ മൃതദേഹം ഇസ്രയേൽ സേന കണ്ടെടുത്തതിന് പിന്നാലെയാണ് ജനങ്ങള്‍ തെരുവിലിറങ്ങിയത്. ഇസ്രയേൽ പുറത്തുവിട്ട കണക്കുകൾ പ്രകാരം വിദേശ പൌരന്മാർ ഉള്‍പ്പെടെ 253 പേരെയാണ് ഹമാസ് ബന്ദികളാക്കിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം