റഫയിലെ നടപടി ഉടൻ അവസാനിപ്പിക്കണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി, പിന്നാലെ ഗാസയിൽ നടപടി കടുപ്പിച്ച് ഇസ്രയേൽ

By Web Team  |  First Published May 25, 2024, 2:26 PM IST

ഗാസയിലെ വംശഹത്യക്കെതിരെ ദക്ഷിണാഫ്രിക്ക നൽകിയ ഹർജിയിലാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ നിർദേശമുണ്ടായത്


ഗാസ: റഫയിലെ ഇസ്രയേൽ നടപടി ഉടൻ അവസാനിപ്പിക്കണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ നിർദേശത്തിന് പിന്നാലെയും ഗാസയിൽ നടപടി കടുപ്പിച്ച് ഇസ്രയേൽ. റഫയിൽ പലയിടത്തും ബോംബാക്രമണം നടന്നു. ജബലിയയിലും സൈനിക നടപടിയുണ്ടായി. ഹമാസിനെ ഇല്ലാതാക്കും വരെ നടപടി തുടരുമെന്ന് ഇസ്രയേൽ നിലപാട്. കോടതി തീരുമാനത്തിന് ശേഷം മിനിട്ടുകൾക്കുള്ളിൽ തന്നെ റഫ നഗരത്തിൽ ഇസ്രായേൽ വീണ്ടും വ്യോമാക്രമണം നടത്തിയിരുന്നു. 

വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച പുലർച്ചെയുമായി വെസ്റ്റ് ബാങ്കിലും പരിസരത്തുമായി നിരവധി തവണയായി ഇസ്രയേൽ സൈന്യം കടന്നാക്രമിച്ചതെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഗാസയിലെ വംശഹത്യക്കെതിരെ ദക്ഷിണാഫ്രിക്ക നൽകിയ ഹർജിയിലാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ നിർദേശമുണ്ടായത്.  ഗാസയിലേക്ക് സഹായമെത്തിൽ റഫ അതിർത്തി തുറക്കണമെന്നും അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവിട്ടിരുന്നു. ബന്ദികളെ ഹമാസ് നിരുപാധികം വിട്ടയക്കണം. ഗാസയിലെ പാലസ്തീനികളുടെ അവസ്ഥ ദയനീയമാണെന്നും കോടതി വ്യക്തമാക്കിയിരുന്നു. 

Latest Videos

ഇസ്രായേലിന്റെ ആക്രമണം ഗാസയെ മുഴുവനായും നശിപ്പിച്ചേക്കുമെന്ന് നിരീക്ഷിച്ച കോടതി, ഇസ്രായേലിനെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ ഐക്യരാഷ്ട്ര സഭയുടെ ഏജൻസികൾക്ക് ഗസ്സയിലേക്ക് പ്രവേശനം അനുവദിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഈ വിധിയിൽ ഇസ്രയേൽ എടുത്ത നടപടി ഒരു മാസത്തിനകം അറിയിക്കണമെന്നും ഉത്തരവിൽ വിശദമാക്കിയിരുന്നു. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ തീരുമാനത്തെ ഫലസ്തീൻ അതോറിറ്റി സ്വാഗതം ചെയ്യുന്നതായി ഫലസ്തീൻ പ്രസിഡന്റിന്റെ വക്താവ് അറിയിച്ചു. എന്നാൽ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവ് ഇസ്രയേൽ തള്ളിയെന്ന് മാത്രമല്ല വീണ്ടും ആക്രമണം നടത്തുകയുമായിരുന്നു. ഹമാസിനെതിരായ സ്വയം പ്രതിരോധമാണ് തങ്ങൾ നടത്തുന്നതെന്നാണ് ഇസ്രയേൽ പ്രതികരണം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!