ഗാസാ മുനമ്പിലെ യുദ്ധ ശേഷമുള്ള ഭരണ സംവിധാനത്തേക്കുറിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തന്നെ വെളിപ്പെടുത്തിയില്ലെങ്കിൽ രാജി വയ്ക്കുമെന്നാണ് യുദ്ധ ക്യാബിനറ്റ് മന്ത്രിയായ ബെന്നി ഗാന്റ്സ് പ്രഖ്യാപിച്ചിരിക്കുന്നത്.
ടെൽ അവീവ്: യുദ്ധശേഷമുള്ള ഗാസയുടെ ഭാവിയേ ചൊല്ലി ഇസ്രയേൽ യുദ്ധ ക്യാബിനറ്റിൽ ഭിന്നത രൂക്ഷം. ഗാസാ മുനമ്പിലെ യുദ്ധ ശേഷമുള്ള ഭരണ സംവിധാനത്തേക്കുറിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തന്നെ വെളിപ്പെടുത്തിയില്ലെങ്കിൽ രാജി വയ്ക്കുമെന്നാണ് യുദ്ധ ക്യാബിനറ്റ് മന്ത്രിയായ ബെന്നി ഗാന്റ്സ് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂൺ 8നുള്ളിൽ തീരുമാനം പ്രഖ്യാപിക്കണമെന്നാണ് മുന്നറിയിപ്പ്. നയതന്ത്രപരമായ ആറ് ലക്ഷ്യങ്ങൾ പറഞ്ഞിരിക്കുന്ന സമയ പരിധിക്കുള്ളിൽ വിശദമാക്കണമെന്നാണ് ബെന്നി ഗാന്റ്സ് വ്യക്തമാക്കിയിരിക്കുന്നത്. ഗാസയിലെ ഹമാസ് ഭരണം അവസാനിപ്പിച്ച് വിവിധ രാജ്യങ്ങളുടെ പങ്കാളിത്തത്തോടെയുള്ള ഭരണം നടപ്പിലാക്കണമെന്നതടക്കമുള്ള ആവശ്യങ്ങളാണ് ബെന്നി ഗാന്റ്സ് ആവശ്യപ്പട്ടിരിക്കുന്നത്.
ദേശീയതയെ വ്യക്തിപരമാക്കുകയാണെങ്കിൽ യുദ്ധ പങ്കാളികളെ കണ്ടെത്താനാവും. എന്നാൽ മതഭ്രാന്തന്മാരുടെ പാത തെരഞ്ഞെടുത്ത് രാജ്യത്തെ മുഴുവൻ ഗർത്തത്തിൽ ചാടിക്കാൻ നിർബന്ധിക്കുകയാണെങ്കിൽ സർക്കാർ വിടാൻ ഞങ്ങൾ നിർബന്ധിതരാവുമെന്നാണ് യുദ്ധക്യാബിനറ്റിലെ വിമത നേതാക്കൾ ബെഞ്ചമിൻ നെതന്യാഹുവിന് നൽകിയ മുന്നറിയിപ്പെന്നാണ് ബിബിസി റിപ്പോർട്ട് വിശദമാക്കുന്നത്. എന്നാൽ പ്രതികരണങ്ങൾ തള്ളിയ നെതന്യാഹു അങ്ങനെ ചെയ്താൽ അത് ഇസ്രയേലിന്റെ തോൽവിയെന്നാണ് വിലയിരുത്തിയത്.
ഗാസയുടെ യുദ്ധ ശേഷമുള്ള ഭാവിയെ ചൊല്ലി ഇസ്രയേൽ സർക്കാരിനുള്ള അവ്യക്തതയ്ക്കെതിരെ ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗലാന്റ് കഴിഞ്ഞ ദിവസമാണ് രൂക്ഷ വിമർശനം നടത്തിയത്. ഗാസയിലെ സിവിലിയൻ, സൈനിക ഭരണം ഏറ്റെടുക്കാൻ ഇസ്രയേലിന് പദ്ധതിയില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കാനാണ് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് യോവ് ഗലാന്റ് ആവശ്യപ്പെട്ടതെന്നാണ് ബിബിസി അടക്കമുള്ള അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. പ്രാദേശികമായതും ഇസ്രയേലുമായി ശത്രുതയില്ലാത്തതുമായ പലസ്തീൻ ഭരണ ബദൽ സ്ഥാപിക്കാനുള്ള നിർദ്ദേശങ്ങളുമുള്ള ഒരു യുദ്ധ പദ്ധതി മന്ത്രിസഭയിൽ അവതരിപ്പിച്ചിരുന്നുവെന്നും എന്നാൽ ഇത്തരം നിർദ്ദേശങ്ങളിലൊന്നിലും ചർച്ചകൾ നടക്കുന്നില്ലെന്നാണ് കഴിഞ്ഞ ദിവസം ഗാലൻറ് അവകാശപ്പെട്ടത്.
ഇസ്രയേലിലെ ജനം നിങ്ങളെ കാണുന്നുണ്ടെന്നാണ് ശനിയാഴ്ച മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുമ്പോൾ പ്രധാനമന്ത്രിക്ക് മുന്നറിയിപ്പ് നൽകിയത്. എന്നാൽ ഗാന്റ്സിന്റെ ആവശ്യങ്ങൾ യുദ്ധം അവസാനിപ്പിക്കുമെന്നും ഇസ്രയേലിന്റെ പരാജയത്തിന് കാരണമാകുമെന്നുമാണ് നെതന്യാഹുവിന്റെ പ്രതികരണം. ഒക്ടോബർ 7നുണ്ടായ ഹമാസ് ആക്രമണത്തിന് പിന്നാലെയാണ് ഇസ്രയേൽ യുദ്ധ ക്യാബിനറ്റ് രൂപീകരിച്ചത്. അതേസമയം ഗാസയിൽ ആക്രമണം തുടരുകയാണ് ഇസ്രയേൽ. ജബലിയയിലെ സൈനിക നടപടിയിൽ പത്ത് പേർ കൊല്ലപ്പെട്ടെന്ന് പലസ്തീൻ വിശദമാക്കുന്നത്. സൈനിക നടപടി അവസാനിപ്പിച്ചെന്ന് ജനുവരിയിൽ പ്രഖ്യാപിച്ച വടക്കൻ മേഖലയിലാണ് ഇസ്രയേൽ വീണ്ടും ആക്രമണം കടുപ്പിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം