ഗാസയിലെ പള്ളിയിലും സ്കൂളിലും ഇസ്രായേൽ വ്യോമാക്രമണം; 26 പേർ കൊല്ലപ്പെട്ടെന്നും ആരോഗ്യമന്ത്രാലയം

By Web TeamFirst Published Oct 6, 2024, 6:35 PM IST
Highlights

കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് അഭയം നല്‍കിയിരുന്ന പള്ളിയിലും സ്കൂളിലുമാണ് ആക്രമണം ഉണ്ടായതെന്ന് പലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു

ജെറുസലേം: ഗാസയിലെ പള്ളിയിലും സ്കൂളിലും ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയെന്നും സംഭവത്തിൽ 26 പേര്‍ കൊല്ലപ്പെട്ടെന്നും പലസ്തീൻ ആരോഗ്യമന്ത്രാലയം വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ഗാസയിലെ ദേര്‍ അല്‍-ബലാഹ് പട്ടണത്തിലെ അല്‍ അഖ്സ ആശുപത്രിക്ക് സമീപത്തുള്ള സ്കൂളിലും പള്ളിയിലുമാണ് ഇസ്രയേൽ വ്യോമാക്രമണം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് അഭയം നല്‍കിയിരുന്ന പള്ളിയിലും സ്കൂളിലുമാണ് ആക്രമണം ഉണ്ടായതെന്ന് പലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് വ്യക്തമാക്കി. ആക്രമണത്തില്‍ 26 പേർക്ക് ജീവൻ നഷ്ടമായതായും നൂറോളം പേര്‍ക്ക് പരിക്കേറ്റെന്നുമാണ് പലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്.

ഇബ്നു റുഷ്ദ് സ്‌കൂള്‍, അല്‍ അഖ്സ മോസ്‌ക് എന്നിവ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേലിന്റെ വ്യോമാക്രമണമെന്ന് പലസ്തീന്‍ ആരോഗ്യമന്ത്രാലയം വിവരിച്ചു. ഇസ്രയേലിന്‍റെ ക്രൂരത വ്യക്തമാക്കുന്നതാണ് സ്കൂളിനും പള്ളിക്കും നേരെ നടത്തിയ ആക്രമണമെന്നും പലസ്തീന്‍ ആരോഗ്യമന്ത്രാലയം അഭിപ്രായപ്പെട്ടു. എന്നാൽ മേഖലയിലെ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഹമാസ് ഭീകരര്‍ക്ക് നേരെയാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേല്‍ സൈന്യത്തിന്‍റെ പ്രതികരണം. ഭീകരരെ മാത്രമാണ് ലക്ഷ്യമിട്ടതെന്നും സാധാരണക്കാർക്ക് നേരെ ആക്രമണം നടത്തിയിട്ടില്ലെന്നും ഇസ്രയേൽ വിവരിച്ചു.

Latest Videos

ആക്രമണം കടുപ്പിച്ച് ഇസ്രയേൽ, നിരവധി ആരോഗ്യപ്രവർത്തകർ കൊല്ലപ്പെട്ടു, ലെബനനിൽ ആശുപത്രികൾ അടച്ചുപൂട്ടുന്നു

അതേസമയം ലെബനനിലും ഇസ്രയേൽ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. ഇസ്രയേൽ ആക്രമണം ശക്തമാക്കിയതോടെ ലെബനനിലെ ആശുപത്രികൾ അടച്ച് പൂട്ടുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. തെക്കൻ ലെബനനിലെ ഒരു ആശുപത്രിയുടെ ഗേറ്റിന് പുറത്ത് ഇസ്രായേൽ ആക്രമണത്തിൽ ഏഴ് പാരാമെഡിക്കൽ ജീവനക്കാർ കൊല്ലപ്പെട്ടിരുന്നു. വ്യോമാക്രമണത്തിൽ ആശുപത്രിക്ക് കേടുപാട് സംഭവിച്ചു. ഇതോടെയാണ് ആശുപത്രികൾ അടച്ചുപൂട്ടുന്നത്. ഇസ്രയേൽ ആക്രമണത്തിൽ നിരവധി ആരോഗ്യ പ്രവർത്തകർ കൊല്ലപ്പെട്ടെന്ന് ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആശുപത്രികൾക്കും ആരോഗ്യ പ്രവർത്തകർക്കും നേരെയുണ്ടായ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായി ലോകാരോഗ്യ സംഘടനയും അറിയിച്ചിരുന്നു.

തിരുവനന്തപുരത്ത് ഇങ്ങനെയൊരു കാഴ്ച ഇതാദ്യം, ലുലുമാളിലെത്തിയവർക്കെല്ലാം ആഘോഷം! അത്രമേൽ വലിയ 'കേക്ക് മിക്സിംഗ്'

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!