സിറിയയിലെ ഇറാൻ എംബസിക്ക് നേരെ ആക്രമണം, 11 പേർ കൊല്ലപ്പെട്ടു; ഇസ്രയേൽ കനത്ത വില നൽകേണ്ടിവരുമെന്ന് ഹിസ്ബുള്ള

By Web Team  |  First Published Apr 2, 2024, 5:25 PM IST

ബ്രിഗേഡിയർ ജനറൽമാർ ഉള്‍പ്പെടെ 11 പേരാണ് ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്


ബെയ്റൂട്ട്: സിറിയയിലെ ഇറാൻ കോണ്‍സുലേറ്റിന്  നേരെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ മുന്നറിയിപ്പുമായി ഹിസ്ബുളള. ഇസ്രയേൽ കനത്ത വില നൽകേണ്ടി വരുമെന്നാണ് ലെബനീസ് ഗ്രൂപ്പായ ഹിസ്ബുള്ളയുടെ പ്രതികരണം. ഡമാസ്കസിലെ ഇറാൻ കോൺസുലേറ്റിന് നേരെ നടത്തിയ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ  ഇറാന്‍ റെവല്യൂഷണറി ഗാർഡുകളായ (ഐആർജിസി) ഏഴ് ഉദ്യോഗസ്ഥർ ഉള്‍പ്പെടെ 11 പേർ കൊല്ലപ്പെട്ടിരുന്നു

ശത്രുവിന് ശിക്ഷ ലഭിക്കാതെ ഈ കുറ്റകൃത്യം കടന്നുപോകില്ല എന്നാണ് ഹിസ്ബുള്ള പ്രസ്താവനയിൽ പറഞ്ഞത്. ഇസ്രയേൽ ആക്രമണത്തിൽ ബ്രിഗേഡിയർ ജനറൽമാരായ മുഹമ്മദ് റെസ സഹേദിയും മുഹമ്മദ് ഹാദി ഹാജി റഹിമിയും ഉൾപ്പെടെ ഏഴ് ഐആർജിസി ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ഇവരെ കൂടാതെ  മറ്റൊരു ഇറാൻ പൌരനും രണ്ട് സിറിയക്കാരും ഒരു ലെബനീസുകാരനും കൊല്ലപ്പെട്ടു. 11 പേർ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ബ്രിട്ടൻ ആസ്ഥാനമായുള്ള സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്‌സ് അറിയിച്ചു.

Latest Videos

പലസ്തീൻ, സിറിയ, ലെബനൻ തുടങ്ങിയ രാജ്യങ്ങള്‍ക്കായുള്ള ഇറാൻ്റെ എലൈറ്റ് ഖുദ്‌സ് ഫോഴ്‌സിൻ്റെ നേതാവായിരുന്നു സഹേദിയെന്ന് ഒബ്‌സർവേറ്ററി പറഞ്ഞു. സഹേദിയും അദ്ദേഹത്തിന്‍റെ സഹായികളുമാണ് ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. യുദ്ധവിമാനങ്ങള്‍ മിസൈൽ വർഷിച്ചാണ് ആക്രമണം നടത്തിയത്. അതേസമയം ഇറാന്‍റെ എംബസി ആക്രമിച്ചതിനെ കുറിച്ച് ഇസ്രയേൽ പ്രതികരിച്ചിട്ടില്ല. ഒക്ടോബറിൽ ഇസ്രയേൽ - ഹമാസ് യുദ്ധം തുടങ്ങിയപ്പോള്‍ ഹിസ്ബുള്ള ഹമാസിനെ പിന്തുണച്ച് വെടിവെപ്പ് നടത്തിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!