
ജറുസലേം: ആഗോള കത്തോലിക്കാ സഭയുടെ അധ്യക്ഷൻ ഫ്രാൻസിസ് മാർപ്പാപ്പയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി സമൂഹമാധ്യമത്തിൽ കുറിപ്പിട്ട പോസ്റ്റ് പിൻവലിച്ച് ഇസ്രയേൽ. 'ശാന്തമായി വിശ്രമിക്കൂ ഫ്രാൻസിസ് മാർപ്പാപ്പ. അദ്ദേഹത്തിന്റെ ഓർമ അനുഗ്രഹമായിത്തീരട്ടെ' എന്നായിരുന്നു ഇസ്രയേൽ തങ്ങളുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ കുറിച്ചത്. ജറുസലിലെ പശ്ചിമ മതിൽ സന്ദർശിച്ച മാർപാപ്പയുടെ ചിത്രത്തിനൊപ്പമായിരുന്നു കുറിപ്പ്. എന്നാൽ അധികം വൈകാതെ ഇസ്രയേൽ ഈ പോസ്റ്റ് പിൻവലിക്കുകായിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
എന്തിനാണ് അനുശോചന പോസ്റ്റ് പിൻവലിച്ചത് എന്ന കാരണം ഇസ്രയേൽ വ്യക്തമാക്കിയില്ല. ഇസ്രയേലിനെതിരെ ഫ്രാൻസിസ് മാർപ്പാപ്പ പ്രസ്താവനകൾ നടത്തിയിട്ടുണ്ടെന്നും പിഴവ് മൂലമാണ് അനുശോചനം സമൂഹമാധ്യമത്തിൽ പോസ്റ്റു ചെയ്തതെന്നുമാണ് വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ജറുസലം പോസ്റ്റ് റിപ്പോർട്ടു ചെയ്തത്. എന്നാൽ ഔദ്യോഗികമായി ഇതേ കുറിച്ച് പ്രതികരിക്കാൻ ഇസ്രയേൽ തയാറായിട്ടില്ല. ഇസ്രയാൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഇതുവരെ അനുശോചനം രേഖപ്പെടുത്തിയിട്ടില്ല.
ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ആക്രമങ്ങളെ അപലപിച്ച് ഫ്രാൻസിസ് മാർപാപ്പ പലതവണ രംഗത്ത് വന്നിട്ടുണ്ട്. ഇസ്രായേൽ ഗസ്സയിൽ നടത്തുന്നത് യുദ്ധമല്ലെന്നും കൊടും ക്രൂരതയാണെന്നും മാർപാപ്പ തുറന്ന് വിമർശിച്ചിട്ടുണ്ട്. കുട്ടികളെയടക്കം കൊല്ലുന്നത് യുദ്ധമല്ലെന്നും ക്രൂരതയാണെന്നും തന്‍റെ വാർഷിക ക്രിസ്‌മസ് പ്രസംഗത്തിൽ മാർപാപ്പ വിമർശിച്ചിരുന്നു. ഗസ്സയിൽ ഇസ്രായേൽ വംശഹത്യയാണോ നടത്തുന്നതെന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മാർപാപ്പ നേരത്തെയും പലതവണ രംഗത്തെത്തിയിരുന്നു. 2014ൽ മാര്‍പാപ്പ ജൂതമതത്തിലെ ഏറ്റവും പവിത്രമായ പ്രാര്‍ഥനാ സ്ഥലമായ വെസ്റ്റേണ്‍ വാള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ജെറുസലേമിനേയും ബെത്‌ലഹേമിനേയും വിഭജിക്കുന്ന മതിലാണ് ഇത്.
അതേസമയം ഫ്രാൻസിസ് മാർപ്പാപ്പയുടെ പൊതുദർശനം ഇന്ന് മുതൽ. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയോടെ മൃതദേഹം വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസലിക്കയിൽ എത്തിക്കും. കാസാ സാന്താ മാർത്തയിൽ നിന്ന് പന്ത്രണ്ടരയ്ക്ക് വിലാപയാത്രയായാണ് മൃതദേഹം എത്തിക്കുക. സെന്‍റ് പീറ്റേഴ്സ് ബസലിക്കയിൽ ശനിയാഴ്ച വരെ പൊതുദർശനം തുടരും. ലോകനേതാക്കളെയും രാഷ്ട്രത്തലവൻമാരെയും കൂടാതെ ലോകമെമ്പടുമുള്ള വിശ്വാസികളും വലിയ ഇടയനെ അവസാനമായി നേരിൽ കാണാൻ വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസലിക്കയിലേക്ക് എത്തും. ശനിയാഴ്ച ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30നാണ് സംസ്കാര ശുശ്രൂഷകൾ തുടങ്ങുക
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam