ഗാസയിൽ വീണ്ടും സ്കൂൾ കെട്ടിടത്തിന് നേരെ ഇസ്രയേൽ ആക്രമണം, 90ലേറെ പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

By Web Team  |  First Published Aug 10, 2024, 2:31 PM IST

ശനിയാഴ്ച രാവിലെ പ്രാർത്ഥനകൾ നടക്കുന്നതിനിടയിലാണ് ഇസ്രയേൽ ആക്രമണം നടന്നതെന്നാണ് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്


ഗാസ: ഗാസയിൽ വീണ്ടും സ്കൂൾ കെട്ടിടത്തിന് നേരെ ഇസ്രയേൽ ആക്രമണം, നിരവധിപ്പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ശനിയാഴ്ച രാവിലെ പ്രാർത്ഥനകൾ നടക്കുന്നതിനിടയിലാണ് ഇസ്രയേൽ ആക്രമണം നടന്നതെന്നാണ് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. 90ലേറെ പേർ കൊല്ലപ്പെട്ടതായാണ് ഹമാസ് വക്താക്കളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. റോക്കറ്റ് ആക്രമണത്തിൽ കെട്ടിടത്തിന് സാരമായി കേടുപറ്റിയതായും വലിയ രീതിയിൽ തീ പടർന്ന് പിടിച്ചതായുമാണ് അന്തർ ദേശീയ മാധ്യമങ്ങൾ വിശദമാക്കുന്നത്. ഹമാസ് - ഇസ്രയേൽ ആക്രമണത്തെ തുടർന്ന് ഭവനരഹിതരാക്കപ്പെട്ട അഭയാർത്ഥികളാണ് ഇവിടെ കഴിഞ്ഞിരുന്നതെന്നാണ് പലസ്തീനിലെ സിവിൽ ഡിഫൻസ് വക്താവ് വാർത്താ ഏജൻസിയോട് വ്യക്തമാക്കിയിട്ടുള്ളത്.

ഗാസയിലെ അൽ തബീൻ സ്കൂളിന് നേരെയാണ് ആക്രമണമുണ്ടായത്. അതേസമയം ആക്രമണം നടന്നത് ഹമാസ് തീവ്രവാദികൾ ഒളിച്ചിരുന്ന ഇടത്തേക്കാണ് എന്നാണ് ഇസ്രയേൽ സൈന്യം അവകാശപ്പെടുന്നത്. ഇസ്രയേൽ ഇന്റലിജൻസ് നൽകിയ വിവരത്തേ തുടർന്നായിരുന്നു ആക്രമണമെന്നും ഐഡിഎഫ് വക്താവ് വിശദമാക്കുന്നത്. മേഖലയിൽ ഉണ്ടായ ഏറ്റവും ശക്തമായ ആക്രമണമാണ് ശനിയാഴ്ച പുലർച്ചെ നടന്നതെന്നാണ് പുറത്ത് വരുന്ന വിവരം. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇസ്രയേൽ ആക്രമണത്തിൽ വീടും അഭയസ്ഥാനങ്ങളും നഷ്ടമായ പാലസ്തീനികൾ ആശ്രയം തേടിയ സ്കൂളുകൾക്ക് നേരെയുള്ള ആക്രമണം തുടരുകയാണ്. 

Latest Videos

undefined

ജൂലൈ മാസത്തിന്റെ ആരംഭം മുതൽ നടന്ന റോക്കറ്റ് ആക്രമണങ്ങളിൽ ഒരു ഡസനിലേറെ സ്കൂളുകളാണ് ഗാസയിൽ ആക്രമിക്കപ്പെട്ടത്. ഓരോ തവണയും ഒളിച്ചിരിക്കുന്ന ഹമാസ് ഭീകരവാദികളെ ലക്ഷ്യമിട്ടുള്ളതാണ് ആക്രമണമെന്നാണ് ഇസ്രയേൽ സൈന്യം വിശദമാക്കുന്നത്. ഈ സ്കൂളുകളിൽ ഏറിയ പങ്കും യുഎൻ നടത്തുന്നവയാണ്. സ്കൂളുകൾക്കെതിരായ ആക്രമണം യുഎൻ ഇതിനോടകം അപലപിച്ചിട്ടുണ്ട്. 

നേരത്തെ ഗാസ മുനമ്പ് മേധാവി യഹിയ സിൻവാറിനെ ഹമാസ് പുതിയ തലവനായി തെരഞ്ഞെടുത്തിരുന്നു. ഇസ്മായിൽ ഹനിയ ടെഹ്‌റാനിൽ കൊല്ലപ്പെട്ടതിനെത്തുടർന്നാണ് സിൻവാറിനെ തലവനായി തെരഞ്ഞെടുത്തത്.  ഇസ്‌ലാമിക് റെസിസ്റ്റൻസ് മൂവ്‌മെൻ്റ് ഹമാസ് നേതാവ് യഹ്‌യ സിൻവാറിനെ പ്രസ്ഥാനത്തിൻ്റെ പൊളിറ്റിക്കൽ ബ്യൂറോയുടെ തലവനായി തെരഞ്ഞെടുത്തതായും ഹമാസ് പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!