ഹിസ്ബുല്ലയ്ക്ക് വീണ്ടും തിരിച്ചടി; വ്യോമാക്രമണത്തിൽ ടോപ് കമാൻഡറെ വധിച്ച് ഇസ്രായേൽ

By Web Team  |  First Published Sep 21, 2024, 4:09 PM IST

ഹിസ്ബുല്ലയുടെ റോക്കറ്റാക്രമണത്തിന് മറുപടിയായി ഇസ്രായേൽ കഴിഞ്ഞ ദിവസം നടത്തിയ വ്യോമാക്രമണത്തിലാണ് അഹമ്മദ് വഹ്ബി കൊല്ലപ്പെട്ടത്.


ലെബനൻ: വ്യോമാക്രമണത്തിൽ ഹിസ്ബുല്ലയുടെ ടോപ് കമാൻഡറെ വധിച്ച് ഇസ്രായേൽ. ബെയ്റൂട്ടിന്റെ പ്രാന്തപ്രദേശങ്ങളിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ടോപ് കമാൻഡറായ അഹമ്മദ് വഹ്ബി കൊല്ലപ്പെട്ടെന്ന് ഹിസ്ബുല്ല അറിയിച്ചു. കഴിഞ്ഞ ദിവസം ഇസ്രായേൽ നടത്തിയ ആക്രമണത്തിലാണ് അഹമ്മദ് വഹ്ബി കൊല്ലപ്പെട്ടത്. റദ്വാൻ സ്പെഷ്യൽ ഫോഴ്സിന്റെ ഓപ്പറേഷനുകൾക്ക് മേൽനോട്ടം വഹിച്ചിരുന്നയാളാണ് അഹമ്മദ് വഹ്ബി. കഴിഞ്ഞ ദിവസം ബെയ്റൂട്ടിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ റദ്വാൻ യൂണിറ്റിന്റെ തലവനായ ഇബ്രാഹിം അക്വിലും കൊല്ലപ്പെട്ടിരുന്നു. 

1983ൽ ബെയ്റൂട്ടിലെ അമേരിക്കൻ എംബസിയ്ക്ക് നേരെയുണ്ടായ ബോംബാക്രമണത്തിൽ 63 പേരാണ് കൊല്ലപ്പെട്ടത്. ഈ ആക്രമണത്തിന് പിന്നിലെ മുഖ്യസൂത്രധാരൻ ഇബ്രാഹിം അക്വിലാണെന്ന് അമേരിക്ക കണ്ടെത്തിയിരുന്നു. അക്വിലിനെ കുറിച്ച് വിവരം നൽകുന്നവർക്ക് അമേരിക്ക 7 മില്യൺ ഡോളർ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. അതേസമയം, ബെയ്റൂട്ടിലെ ഇസ്രായേലിന്റെ ആക്രമണത്തെ കുറിച്ച് വിവരം ലഭിച്ചിരുന്നില്ലെന്ന് വൈറ്റ് ഹൌസ് അറിയിച്ചു. അമേരിക്കൻ പൌരൻമാർ ലെബനനിലേയ്ക്ക് യാത്ര ചെയ്യരുതെന്നും ലെബനനിലുള്ള അമേരിക്കക്കാർ എത്രയും പെട്ടെന്ന് അവിടം വിട്ടൊഴിയണമെന്നും ദേശീയ സുരക്ഷാ വക്താവ് ജോൺ കിർബി അറിയിച്ചു. 

Latest Videos

undefined

അതേസമയം, ഇബ്രാഹിം അക്വിലിന് പിന്നാലെ അഹമ്മദ് വഹ്ബി കൂടി കൊല്ലപ്പെട്ടത് ഹിസ്ബുല്ലയ്ക്ക് കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ്. നേരത്തെ, ഇസ്രായേലിന് നേരെ ഹിസ്ബുല്ല റോക്കറ്റാക്രമണം നടത്തിയിരുന്നു. 140 റോക്കറ്റുകളാണ് ഇസ്രായേലിന് നേരെ വിക്ഷേപിച്ചത്. അടുത്തിടെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിന് മറുപടിയാണിതെന്ന് റോക്കറ്റാക്രമണത്തിന് പിന്നാലെ ഹിസ്ബുല്ല നേതാവ് ഹസ്സൻ നസ്റല്ല വ്യക്തമാക്കിയിരുന്നു. 

READ MORE: തട്ടുകടയിൽ നിർത്തിയപ്പോൾ കൈവിലങ്ങുമായി ഇറങ്ങിയോടി; തെളിവെടുപ്പിനിടെ രക്ഷപ്പെട്ട പ്രതിയെ തേടി പൊലീസ്

click me!