ഹിസ്ബുല്ലയുടെ പുതിയ തലവനും കൊല്ലപ്പെട്ടോ, നസ്റല്ലയുടെ പിന്‍ഗാമി ഹാഷിം സഫിദീനെ ഇസ്രയേല്‍ വധിച്ചതായി റിപ്പോർട്ട്

By Web Team  |  First Published Oct 5, 2024, 8:56 PM IST

സഫീദിന്റെ കൊലപാതകം ഇസ്രയേലോ ഹിസ്ബുല്ലയോ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 


ബെയ്‌റൂത്ത്: കൊല്ലപ്പെട്ട ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്റല്ലയുടെ പിന്‍ഗാമിയായ ഹാഷിം സഫിദീനെ ഇസ്രയേല്‍ വധിച്ചതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസ ലബനൻ തലസ്ഥാനമായ ബെയ്റൂത്തിൽ നടത്തിയ വ്യോമാക്രമണത്തിൽ സഫിദീനും കൊല്ലപ്പെട്ടെന്ന് ഇസ്രായേലി മാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്തു. വ്യോമാക്രമണത്തില്‍ 250 ഹിസ്ബുള്ളക്കാർ കൊല്ലപ്പെട്ടതായി ഐ.ഡി.എഫ് സ്ഥിരീകരിച്ചിരുന്നു. കൊല്ലപ്പെട്ടവരിൽ സഫീദ്ദീനും ഉള്‍പ്പെട്ടതായി വാര്‍ത്താ ഏജന്‍സി അല്‍ ഹദാത്ത് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, സഫീദിന്റെ കൊലപാതകം ഇസ്രയേലോ ഹിസ്ബുല്ലയോ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 

അതേസമയം, പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ ഇസ്രയേലിന് നേരെ ഇറാഖിലെ ഗോലാൽ കുന്നിൽ നിന്നും ആക്രമണമുണ്ടായി. ഇറാന്റെ  പിന്തുണയുള്ള ഇറാഖി സായുധസംഘടനയാണ്  ആക്രമണം നടത്തിയത്. ഡ്രോൺ ഉപയോഗിച്ച് നടത്തിയ ഈ ആക്രമണത്തിൽ രണ്ട് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. പശ്ചിമേഷ്യയിലെ സംഘർഷം തുടരുന്നതിനിടെ ഇസ്രയേലിനെ വള‌ഞ്ഞിട്ട് ആക്രമിക്കാനുള്ള പദ്ധതിയാണ് ഇറാൻ്റേത് എന്ന് ഗാലൻ കുന്നിലെ ആക്രമണവും തെളിയിക്കുന്നുണ്ട്.

Latest Videos

ഗാസയിലും ലെബനോനിലും ഇസ്രയേൽ വ്യോമാക്രമണം തുടരുന്നുണ്ട്.  ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടുവെന്നാണ് ലഭിക്കുന്ന വിവരം. ലെബനനിലെ ബെയ്‌റൂത്തിൽ ഇന്നലെയും ഇസ്രയേലിൻ്റെ ഭാഗത്ത് നിന്ന് കനത്ത വ്യോമാക്രമണം നടന്നു. ഇതിനിടെയാണ് ഇസ്രയേൽ – സിറിയ അതിർത്തിയിലെ ഗോലാൻ കുന്നുകളിൽ നിന്ന് ഇറാഖി സായുധ സംഘം ആക്രമണം നടത്തിയത്. ഇതിൽ 24 പേർക്ക് പരിക്കേറ്റതായാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. ഇതിനിടെ യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ അമേരിക്ക വ്യോമാക്രമണം നടത്തി. 

click me!