'ഇസ്രായേൽ ഈ യുദ്ധത്തിൽ വിജയിക്കാൻ പോകുകയാണ്‌'; വസതി ലക്ഷ്യമിട്ടതിന് പിന്നാലെ നെതന്യാഹുവിന്റെ ആദ്യ പ്രതികരണം

By Web Team  |  First Published Oct 19, 2024, 9:46 PM IST

ഹമാസ് തലവൻ യഹ്യ സിൻവാർ കൊല്ലപ്പെട്ട് മണിക്കൂറുകൾക്കകമാണ് നെതന്യാഹുവിന്‍റെ വസതിയ്ക്ക് സമീപം ഡ്രോൺ ആക്രമണം നടന്നത്. 


ടെൽ അവീവ്: വസതിയ്ക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിന് ശേഷം ആദ്യ പ്രതികരണവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. 'ഒന്നും നമ്മളെ പിന്തിരിപ്പിക്കില്ല' എന്ന് നെതന്യാഹു പറഞ്ഞു. ഇസ്രായേൽ ഈ യുദ്ധത്തിൽ വിജയിക്കാൻ പോകുകയാണെന്നും സമൂഹ മാധ്യമമായ എക്‌സിൽ പോസ്റ്റ് ചെയ്ത വീഡിയോ പ്രസ്താവനയിൽ നെതന്യാഹു വ്യക്തമാക്കി. സിസേറിയയിലെ തൻ്റെ വീടിന് നേരെ ഹിസ്ബുല്ല ഡ്രോൺ ആക്രമണം നടത്തി മണിക്കൂറുകൾക്ക് ശേഷമാണ് നെതന്യാഹുവിന്റെ പ്രതികരണം. 

ഹമാസ് തലവൻ യഹ്യ സിൻവാർ കൊല്ലപ്പെട്ട് മണിക്കൂറുകൾക്കകമാണ് ബെഞ്ചമിൻ നെതന്യാഹുവിന്‍റെ വസതി ലക്ഷ്യമാക്കി ഡ്രോൺ ആക്രമണം നടന്നത്. ഈ സമയത്ത് നെതന്യാഹു വസതിയിൽ ഉണ്ടായിരുന്നില്ലെന്നും ആക്രമണത്തിൽ ആളപായമില്ലെന്നും അദ്ദേഹത്തിന്‍റെ വക്താവ് അറിയിച്ചിരുന്നു. യുഎവി (unmanned aerial vehicle) ആക്രമണമാണ് നടന്നതെന്നും ആളപായമില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസും അറിയിച്ചിരുന്നു. ഡ്രോൺ വിക്ഷേപിച്ചത് ലെബനനിൽ നിന്നാണെന്നാണ് ഇസ്രായേൽ സൈന്യത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തത്. 

Latest Videos

undefined

അതേസമയം, തലയിൽ വെടിയേറ്റാണ് യഹിയ സിന്‍വാർ മരിച്ചതെന്ന് വ്യക്തമാക്കുന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നിരുന്നു. സിന്‍വാറിന്റെ കൈ തകർന്ന നിലയിലായിരുന്നു. രക്തസ്രാവം തടയാനുള്ള ശ്രമങ്ങൾക്കിടെ സിൻവാറിന്റെ തലയ്ക്ക് വെടിയേൽക്കുകയായിരുന്നുവെന്ന് സിന്‍വാറിന്റെ പോസ്റ്റ്മോർട്ടത്തിൽ പങ്കാളിയായ ഇസ്രയേൽ നാഷണൽ സെന്റർ ഓഫ് ഫോറൻസിക് മെഡിസിനിലെ വിദഗ്ധനായ ഡോ. ചെൻ കുഗേൽ അറിയിച്ചു. ന്യൂയോർക്ക് ടൈംസിനോടാണ്  ഡോ. ചെൻ കുഗേൽ ഇക്കാര്യം വിശദമാക്കിയത്. സിൻവാർ കൊല്ലപ്പെട്ടെന്ന് ഹമാസും സ്ഥിരീകരിച്ചിട്ടുണ്ട്.   

READ MORE: ജമ്മു കശ്മീൽ ​ഗ്രനേഡ് ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയവരെ പൂട്ടി സുരക്ഷാ സേന; പിടിയിലായത് രണ്ട് ഭീകരർ

click me!