അന്‍റോണിയോ ഗുട്ടറസ് ഭീകരവാദികളെ പിന്തുണയ്ക്കുന്നുവെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രി ആരോപിച്ചു.
ടെൽ അവീവ്: യുഎൻ തലവൻ അന്‍റോണിയോ ഗുട്ടറസിന് രാജ്യത്തേയ്ക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി ഇസ്രായേൽ. ഇറാന്‍റെ മിസൈൽ ആക്രമണത്തെ അന്‍റോണിയോ ഗുട്ടറസ് അസന്ദിഗ്ധമായി അപലപിച്ചില്ലെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രി ഇസ്രായേൽ കാറ്റ്സ് ചൂണ്ടിക്കാട്ടി. അന്‍റോണിയോ ഗുട്ടറസ് ഭീകരവാദികളെ പിന്തുണയ്ക്കുന്നു എന്നും അദ്ദേഹം ആരോപിച്ചു.
ഇസ്രായേലിനെതിരായ ഇറാൻ ആക്രമണത്തെ അപലപിക്കാൻ കഴിയാത്ത ആർക്കും ഇസ്രായേലിന്റെ മണ്ണിൽ കാലുകുത്താൻ അർഹതയില്ലെന്ന് കാറ്റ്‌സ് വ്യക്തമാക്കി. ഒക്‌ടോബർ 7ന് ഹമാസ് നടത്തിയ കൂട്ടക്കൊലയെയും ലൈംഗിക അതിക്രമങ്ങളെയും ഇതുവരെ അപലപിച്ചിട്ടില്ലാത്ത ഒരു സെക്രട്ടറി ജനറലാണ് ഗുട്ടറസ്. ഹമാസിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കാനുള്ള ഒരു ശ്രമത്തിനും അദ്ദേഹം നേതൃത്വം നൽകിയിട്ടില്ല. തീവ്രവാദികൾക്കും ബലാത്സംഗക്കാർക്കും പിന്തുണ നൽകുന്ന ഒരു സെക്രട്ടറി ജനറലാണിത്. ഗുട്ടറസ് ഉണ്ടായാലും ഇല്ലെങ്കിലും ഇസ്രായേൽ തങ്ങളുടെ പൗരന്മാരെ സംരക്ഷിക്കുന്നത് തുടരുമെന്നും ദേശീയ അന്തസ്സ് ഉയർത്തിപ്പിടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
undefined
അതേസമയം, ഇറാൻ, ഹമാസ്, ഹിസ്ബുല്ല എന്നിവയുമായുള്ള ഇസ്രായേലിൻ്റെ പോരാട്ടത്തിലുടനീളം യുഎൻ തലവനായ ഗുട്ടറസ് ഒരു തരത്തിലും സഹായിച്ചിട്ടില്ലെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയത്തിൻ്റെ ഡെപ്യൂട്ടി വക്താവ് അലക്സ് ഗാൻഡ്‌ലർ പറഞ്ഞു. എപ്പോഴും അവർക്കൊപ്പം നിൽക്കുകയാണ് ഗുട്ടറസ് ചെയ്തത്. കഴിഞ്ഞ ദിവസം പോലും ഇസ്രായേലിലെ സാധാരണക്കാർക്ക് നേരെ വെടിയുതിർത്തിട്ടും അവർക്ക് നേരെ വിരൽ ചൂണ്ടാൻ ഗുട്ടറസ് തയ്യാറായില്ലെന്നും അലക്സ് ഗാൻഡ്‌ലർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് ഇസ്രായേലിനെതിരെ ഇറാൻ മിസൈലാക്രമണം നടത്തിയത്. ഇസ്രായേലിനെ ലക്ഷ്യമാക്കി 181 ബാലിസ്റ്റിക് മിസൈലുകളാണ് ഇറാൻ തൊടുത്തത്. ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇസ്രായേൽ അറിയിച്ചു. തിരിച്ചടിയ്ക്കാൻ ശ്രമിച്ചാൽ മറുപടി കനത്തതാകുമെന്ന് ഇറാനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇസ്രായേൽ-ഇറാൻ സംഘർത്തിന് പിന്നാലെ പശ്ചിമേഷ്യ യുദ്ധഭീതിയിലാണ്.
READ MORE: ലെബനോനിൽ കരയുദ്ധം; ഹിസ്ബുല്ലയുമായി നേർക്കുനേർ ഏറ്റുമുട്ടൽ, ഒരു ഇസ്രായേലി സൈനികൻ കൊല്ലപ്പെട്ടു