ഇസ്രയേലിനെതിരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് താഡ് സംവിധാനം വിന്യസിക്കാനുള്ള പെൻ്റഗണിൻ്റെ തീരുമാനം. താഡ് പ്രവർത്തിപ്പിക്കുന്നതിന് ഏകദേശം 100 യുഎസ് സൈനികരെയും ഇസ്രായേലിൽ വിന്യസിക്കും
ടെൽ അവീവ്: ഇസ്രായേലിൽ നൂതന മിസൈൽ പ്രതിരോധ സംവിധാനമായ ടെർമിനൽ ഹൈ-ആൾട്ടിറ്റ്യൂഡ് ഏരിയ ഡിഫൻസ് (THAAD) വിന്യസിക്കുമെന്ന് പെൻ്റഗൺ. ഇറാനിൽ നിന്നുള്ള മിസൈൽ ആക്രമണങ്ങളെ നേരിടാനാണ് സംവിധാനം എത്തിക്കുന്നത്. സാങ്കേതിക വിദ്യക്കൊപ്പം താഡ് പ്രവർത്തിപ്പിക്കുന്നതിന് ഏകദേശം 100 യുഎസ് സൈനികരെയും ഇസ്രായേലിൽ വിന്യസിക്കും. ഇസ്രയേലിനെതിരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് താഡ് സംവിധാനം വിന്യസിക്കാനുള്ള പെൻ്റഗണിൻ്റെ തീരുമാനം.
ബാലിസ്റ്റിക് മിസൈലുകളെ തടയാൻ രൂപകൽപ്പന ചെയ്ത താഡ്, ഇസ്രായേലിൻ്റെ നിലവിലുള്ള പ്രതിരോധ ഇൻഫ്രാസ്ട്രക്ചറിന് പരിരക്ഷ നൽകും. ഹ്രസ്വ, ഇടത്തരം ബാലിസ്റ്റിക് മിസൈൽ ഭീഷണികളെ ചെറുക്കാനാണ് താഡ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. മിസൈല്‍ പ്രതിരോധത്തിന് പുറമെ, കിഴക്കൻ മെഡിറ്ററേനിയൻ, ചെങ്കടൽ, അറബിക്കടൽ എന്നിവിടങ്ങളിൽ വിമാനവാഹിനിക്കപ്പലുകളും യുദ്ധക്കപ്പലുകളും വിന്യസിച്ചിട്ടുണ്ട്. മേഖലയിലുടനീളം അധിക വ്യോമ പ്രതിരോധം നിലയുറപ്പിച്ചിട്ടുണ്ട്. കുടിയൊഴിപ്പിക്കൽ പദ്ധതികളെ സഹായിക്കാൻ യുഎസ് സൈന്യം സൈപ്രസിൽ നിലയുറപ്പിച്ചിട്ടുണ്ട്. ഇറാനും ഹിസ്ബുല്ലയുമായി സംഘർഷം നിലനിൽക്കെയാണ് താഡ് സംവിധാനം നൽകുന്നത്.
കഴിഞ്ഞ ദിവസം മധ്യ-വടക്കൻ ഇസ്രയേലിലെ സൈനിക കേന്ദ്രത്തിൽ ഹിസ്‍ബുല്ലയുടെ വ്യോമാക്രമണമുണ്ടായി. ആക്രമണത്തില്‍ നാല് ഇസ്രയേലി സൈനികർ കൊല്ലപ്പെടുകയും അറുപതോളം പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ ഒക്ടോബറിൽ യുദ്ധം ആരംഭിച്ച ശേഷം ഇസ്രയേൽ നേരിടുന്ന ഏറ്റവും വലിയ ആക്രമണമാണ് ഉണ്ടായത്.
Read More... അമേരിക്കന്‍ വന്‍കര കണ്ടെത്തിയ കൊളംബസ് ജൂത വംശജന്‍; 500 വർഷത്തെ നിഗൂഢത നീക്കിയത് ഡിഎന്‍എ പരിശോധന
ടെൽ അവീവിന് വടക്കുള്ള ബിൻയാമിന നഗരത്തിലാണ് ഡ്രോൺ ഉപയോഗിച്ച് ഹിസ്‍ബുല്ല ആക്രമണം നടത്തിയതെന്ന് ഇസ്രയേലി പ്രതിരോധ സേന അറിയിച്ചു. ലെബനാൻ അതിർത്തിയിൽ നിന്ന് 65 കിലോമീറ്ററോളം അകലെയാണ് ഇവിടുത്തെ സൈനിക കേന്ദ്രം. പരിക്കേറ്റവരിൽ ഏഴ് സൈനികരുടെ നില അതീവ ഗുരുതരമാണെന്നും റിപ്പോർട്ടുകൾ പറയുന്നു. ബിൻയാമിനയിലെ ഇസ്രയേലി സൈനിക പരിശീലന കേന്ദ്രം ലക്ഷ്യമാക്കി ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായി ഞായറാഴ്ച ഹിസ്‍ബുല്ല അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രയേലി സൈനികർ കൊല്ലപ്പെട്ടെന്ന വിവരം ഇസ്രയേൽ പുറത്തുവിട്ടത്.