ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 8 പേർ കൊല്ലപ്പെടുകയും 59 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ലെബനൻ്റെ തലസ്ഥാനമായ ബെയ്‌റൂട്ടിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രത്തിൽ ആക്രമണം നടത്തി ഇസ്രായേൽ. വ്യോമാക്രമണത്തിൽ 8 പേർ കൊല്ലപ്പെടുകയും 59 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലെബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ടവരിൽ ഹിസ്ബുല്ലയുടെ ഒരു ഉന്നത നേതാവും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. തെക്കൻ ബെയ്‌റൂട്ടിലെ ഹിസ്ബുല്ല ശക്തികേന്ദ്രത്തിലുണ്ടായ ആക്രമണത്തിൽ റദ്‌വാൻ യൂണിറ്റിൻ്റെ തലവൻ ഇബ്രാഹിം അഖിൽ കൊല്ലപ്പെട്ടതായാണ് സൂചന. ഫുവാദ് ഷുക്കറിന് ശേഷമുള്ള സായുധ സേനയുടെ രണ്ടാമത്തെ കമാൻഡാണ് ഇബ്രാഹിം അഖിൽ. എന്നാൽ, ഹിസ്ബുള്ള ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
1983-ൽ ബെയ്‌റൂട്ടിലെ യുഎസ് എംബസിക്ക് നേരെ ഹിസ്ബുല്ല നടത്തിയ ബോംബാക്രമണത്തിൽ 63 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നിലെ മുഖ്യസൂത്രധാരൻമാരിൽ ഒരാളായിരുന്നു ഇബ്രാഹിം അഖിൽ. ഇയാളെ കുറിച്ച് വിവരം നൽകുന്നവർക്ക് അമേരിക്ക 7 മില്യൺ ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
അതേസമയം, ഒക്ടോബർ 7ന് ശേഷം ബെയ്‌റൂട്ടിൻ്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ ഇസ്രായേൽ നടത്തുന്ന മൂന്നാമത്തെ ആക്രമണമാണിത്. വളരെ പെട്ടെന്നാണ് ഗാസയിൽ നിന്ന് ഇസ്രായേലിന്റെ ആക്രമണം ലെബനനിലേയ്ക്ക് വഴിമാറിയത്. ഈ വർഷം ആദ്യം ഹിസ്ബുള്ളയുടെ ഉന്നത കമാൻഡറായ ഫുവാദ് ഷുക്കറും ഹമാസിൻ്റെ നേതാവ് സാലിഹ് അൽ-അരൂരിയും കൊല്ലപ്പെട്ടിരുന്നു.
READ MORE: ഇസ്രായേലിന് നേരെ 140 റോക്കറ്റുകൾ തൊടുത്ത് ഹിസ്ബുല്ല; വ്യോമാക്രമണത്തിലൂടെ തിരിച്ചടിച്ച് ഇസ്രായേൽ