ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ ഷോയില്‍ ചാവേറാക്രമണത്തിന് ഒരുങ്ങിയ 19കാരന്റെ പദ്ധതി പൊളിച്ച് പൊലീസ്, പിന്നിൽ ഐഎസ്?

By Web Team  |  First Published Aug 8, 2024, 8:24 PM IST

ഭീകരാക്രമണ പദ്ധതി സ്ഥിരീകരിച്ചതോടെ സ്വിഫ്റ്റിന്റെ മൂന്ന് ഷോകളും റദ്ദാക്കി. 170,000 ടിക്കറ്റുകളാണ് വിറ്റുപോയത്. ടിക്കറ്റ് തുക റീഫണ്ട് ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു.


വിയന്ന(ഓസ്ട്രിയ): പോപ്പ് താരം ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ ഓസ്ട്രിയയിലെ സംഗീത പരിപാടിയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട 19കാരനടക്കം രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിന് പിന്നാലെ പരിപാടി റദ്ദാക്കി. ഭീകരസംഘടനയായ ഐഎസ് ആണ് ആക്രമണ പദ്ധതിയിട്ടതെന്ന് പൊലീസ് സംശയിക്കുന്നു. അറസ്റ്റിലായ 19കാരൻ ഐഎസിനോട് ആഭിമുഖ്യമുള്ള വ്യക്തിയാണെന്ന് വെളിപ്പെടുത്തിയതായി ഓസ്ട്രിയന്‍ സുരക്ഷാ വിഭാഗം മേധാവി ഫ്രന്‍സ് റഫ് അറിയിച്ചു. ഇയാൾ ഓസ്ട്രിയൻ പൗരനാണ്. അറസ്റ്റിന് പിന്നാലെ വിയന്നയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ഇയാളുമായി ബന്ധപ്പെട്ട മറ്റൊരാളും അറസ്റ്റിലായി. ഇയാളുടെ വീട്ടിൽ നടത്തിയ തിരച്ചിലില്‍ സ്‌ഫോടക വസ്തുക്കള്‍ നിര്‍മിക്കുന്നതിന് ഉപയോഗിക്കുന്ന രാസവസ്തുക്കൾ കണ്ടെടുത്തിട്ടുണ്ട്.

വ്യാഴാഴ്ച മുതല്‍ അടുത്ത മൂന്ന് ദിവസങ്ങളിലായാണ് വിയന്നയിലെ ഏണസ്റ്റ് ഹാപ്പല്‍ സ്‌റ്റേഡിയത്തിൽ സ്വിഫ്റ്റിന്റെ പരിപാടി തീരുമാനിച്ചിരുന്നത്. ഭീകരാക്രമണ പദ്ധതി സ്ഥിരീകരിച്ചതോടെ സ്വിഫ്റ്റിന്റെ മൂന്ന് ഷോകളും റദ്ദാക്കി. 170,000 ടിക്കറ്റുകളാണ് വിറ്റുപോയത്. ടിക്കറ്റ് തുക റീഫണ്ട് ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു. 2017ല്‍ മാഞ്ചസ്റ്ററില്‍ അരിയാന ഗ്രാന്‍ഡെയുടെ സംഗീത പരിപാടിക്ക് നേരെയുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടിരുന്നു. അന്ന് പരിപാടിയുടെ അവസാന നിമിഷത്തില്‍ ആരാധകര്‍ പിരിഞ്ഞുപോകുന്ന വേളയിലാണ് ബോംബര്‍ സല്‍മാന്‍ അബേദി നാപ്‌സാക്ക് പൊട്ടിത്തെറിച്ചത്. 2020 നവംബറില്‍, ഇസ്ലാമിക് സ്‌റ്റേറ്റ് ഗ്രൂപ്പ് അനുഭാവി സെന്‍ട്രല്‍ വിയന്നയില്‍ വെടിവെപ്പ് നടത്തി നാല് പേരെ കൊലപ്പെടുത്തി. 

Latest Videos

click me!