ഹിജാബ് കൃത്യമായി ധരിച്ചില്ലെന്ന് ആരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത യുവതി മരിച്ചതിന് പിന്നാലെ 2022ൽ ആരംഭിച്ച പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച പ്രമുഖ റാപ്പർ തൂമജ് സലേഹിയെന്ന 33കാരനെയാണ് ഇറാൻ വധശിക്ഷയ്ക്ക് വിധിച്ചത്.
ടെഹ്റാൻ: സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനെ പിന്തുണച്ച ഗായകന് വധശിക്ഷ വിധിച്ച് ഇറാൻ. ഹിജാബ് കൃത്യമായി ധരിച്ചില്ലെന്ന് ആരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത യുവതി മരിച്ചതിന് പിന്നാലെ 2022ൽ ആരംഭിച്ച പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച പ്രമുഖ റാപ്പർ തൂമജ് സലേഹിയെന്ന 33കാരനെയാണ് ഇറാൻ വധശിക്ഷയ്ക്ക് വിധിച്ചത്. യുവജനങ്ങൾ സജീവമായി പ്രക്ഷോഭ രംഗത്തേക്ക് ഇറങ്ങിയപ്പോൾ പാട്ടുകളിലൂടെ തൂമജ് പിന്തുണ പ്രഖ്യാപിച്ചിരുന്നു. പ്രക്ഷോഭകഡ തൂമജ് സലേഹിയുടെ പാട്ടുകൾ സമരമുഖത്ത് വ്യാപകമായി ഉപയോഗിക്കുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെ 2022 ഒക്ടോബറിലാണ് ഗായകനെ ഇറാൻ പൊലീസ് അറസ്റ്റ് ചെയ്തത്. ആറ് മാസം തടവിനാണ് ആദ്യം കോടതി ശിക്ഷ വിധിച്ചത്. വിധിക്കെതിരെ അപ്പീലിന് പോകുമെന്ന് ഗായകന്റെ അഭിഭാഷകൻ വിശദമാക്കി. എതിർ ശബ്ദങ്ങളെ അടിച്ചമർത്തുന്ന ഇറാൻ ഭരണകൂടത്തിനെതിരായ ഗാനങ്ങളുടെ പേരിൽ നേരത്തെ തന്നെ നോട്ടപ്പുള്ളിയായിരുന്നു തൂമജ്. തന്റെ സൃഷ്ടികളുടെ പേരിൽ അടുത്തിടെ ഇറാൻ അറസ്റ്റ് ചെയ്ത് ഏറ്റവും പ്രമുഖരിലൊരാളാണ് തൂമജ്.
തൂമജിന്റെ ഏറ്റവും പ്രശസ്തമായ ദി മൌസ് ഹോൾ എന്ന ഗാനത്തിൽ ഇസ്ലാമിക് റിപബ്ലികുമായി ഒത്ത് പ്രവർത്തിക്കുന്നവരെല്ലാം തന്നെ അവരുടെ തെറ്റുകളിൽ നിന്ന് ഒളിഞ്ഞിരിക്കാനുള്ള ഇടം കണ്ടെത്തണമെന്നാണ് പറയുന്നത്. 2021ൽ ഗാനങ്ങളുടെ പേരിൽ അറസ്റ്റിലായി പുറത്തിറങ്ങിയെങ്കിലും വിപ്ലവ സ്വഭാവമുള്ള ഗാനങ്ങളെഴുതുന്നതിൽ നിന്ന് തൂമജ് പിന്തിരിഞ്ഞിരുന്നില്ല. 22കാരിയായ മഹ്സ അമിനിയുടെ മരണത്തിന് പിന്നാലെ ഇറാൻ ഭരണകൂടത്തിനെതിരായ രൂക്ഷ വിമർശനമാണ് തൂമജ് തന്റെ ഗാനങ്ങളിലൂടെ നടത്തിയിരുന്നത്. തൂമജിനെ വധശിക്ഷയ്ക്ക് വിധിച്ചതിനെതിരെ പ്രതിഷേധം ഇറാനിൽ ശക്തമാവുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം