മധ്യസ്ഥം വഹിക്കാൻ തയ്യാറെന്ന് ഇറാൻ, ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്ന് യുഎൻ, പിന്തുണ അറിയിച്ച് യുഎസ്

Published : Apr 25, 2025, 10:58 PM IST
മധ്യസ്ഥം വഹിക്കാൻ തയ്യാറെന്ന് ഇറാൻ, ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്ന് യുഎൻ, പിന്തുണ അറിയിച്ച് യുഎസ്

Synopsis

ഇന്ത്യയും പാകിസ്ഥാനും ഇറാന്റെ സഹോദര അയൽക്കാരാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള സാംസ്കാരിക, നാഗരിക ബന്ധങ്ങളിൽ വേരൂന്നിയ രാജ്യങ്ങളുമായുള്ള ബന്ധത്തെ ഇറാൻ പ്രധാനമായി കാണുന്നു.

ദില്ലി: പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ബന്ധം കൂടുതൽ വഷളായ ഇന്ത്യക്കും പാകിസ്ഥാനുമിടയിൽ പ്രശ്നപരിഹാരത്തിന് മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് ഇറാൻ അറിയിച്ചു. ഇറാൻ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് അരഗ്ചിയാണ് വാ​ഗ്ദാനവുമായി രം​ഗത്തെത്തിയത്.  ഇന്ത്യയും പാകിസ്ഥാനും ഇറാന്റെ സഹോദര അയൽക്കാരാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.

ഇന്ത്യയും പാകിസ്ഥാനും ഇറാന്റെ സഹോദര അയൽക്കാരാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള സാംസ്കാരിക, നാഗരിക ബന്ധങ്ങളിൽ വേരൂന്നിയ രാജ്യങ്ങളുമായുള്ള ബന്ധത്തെ ഇറാൻ പ്രധാനമായി കാണുന്നു.  ഈ ദുഷ്‌കരമായ സമയത്ത് കൂടുതൽ ധാരണയോടെ മുന്നോട്ടുപോകുന്നതിന് മധ്യസ്ഥം വഹിക്കാൻ ഇറാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യക്ക് പിന്തുണ അറിയിച്ച് യുഎസ് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ തുളസി ഗബ്ബാർഡ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. ഞങ്ങൾ ഇന്ത്യയോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. ഹീനമായ ആക്രമണത്തിന് ഉത്തരവാദികളായവരെ കണ്ടെത്താൻ നിങ്ങളെ സഹായിക്കുമെന്നും ​ഗബ്ബാർഡ് അറിയിച്ചു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്ന് ഗുട്ടെറസ് അഭ്യർഥിച്ചു. 

ജമ്മു കശ്മീരിലെ പഹൽ​ഗാമിൽ ഭീകരവാദികൾ നടത്തിയ ആക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടിരുന്നു. വിനോദ സഞ്ചാരികളാണ് കൊല്ലപ്പെട്ടവരിൽ അധികവും. പാകിസ്ഥാൻ ആസ്ഥാനമായുള്ള നിരോധിത സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി) യുടെ പ്രോക്സി ഗ്രൂപ്പായ റെസിസ്റ്റൻസ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. 

ആക്രമണത്തിൽ പങ്കില്ലെന്ന് പാകിസ്ഥാൻ പറഞ്ഞെങ്കിലും, ആക്രമണത്തിന് ശേഷം 1960 ലെ സിന്ധു നദീജല കരാർ ഉടനടി നിർത്തിവച്ചുകൊണ്ട് ഇന്ത്യ ശക്തമായ നടപടിയെടുത്തു.  പാകിസ്ഥാൻ പൗരന്മാരുടെ വിസ താൽക്കാലികമായി നിർത്തിവയ്ക്കുക, നയതന്ത്ര ദൗത്യ ജീവനക്കാരുടെ എണ്ണം കുറയ്ക്കുക, അട്ടാരി അതിർത്തിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക തുടങ്ങിയ നടപടികളും സ്വീകരിച്ചു. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഉസ്മാൻ ഹാദിയുടെ മൃതദേഹം ധാക്കയിലെത്തിച്ചു, അന്ത്യാഞ്ജലിയർപ്പിക്കാൻ വൻ ജനാവലി; സംസ്‌കാരം നാളെ
വീണ്ടും പാകിസ്താൻ സൈനിക ക്യാമ്പിൽ ചാവേറുകൾ, വസീറിസ്ഥാനെ വിറപ്പിച്ച് വൻ സ്ഫോടനവും വെടിവയ്പ്പും, നാല് മരണം