കഴിഞ്ഞ 2 പതിറ്റാണ്ടിനിടെ 200ഓളം സ്ത്രീകളെ പ്രതി ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് റിപ്പോർട്ട്.
ടെഹ്റാൻ: കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ 200ഓളം സ്ത്രീകളെ ബലാത്സംഗം ചെയ്ത 43കാരന്റെ വധശിക്ഷ നടപ്പിലാക്കി ഇറാൻ. മുഹമ്മദ് അലി സലാമത്ത് എന്നയാളെയാണ് ഇറാൻ പരസ്യമായി തൂക്കിലേറ്റിയത്. ഇറാൻ സുപ്രീം കോടതി ഇയാൾക്ക് വധശിക്ഷ വിധിച്ചിരുന്നു. പടിഞ്ഞാറൻ നഗരമായ ഹമേദാനിലെ ബാഗേ ബെഹേഷ്തിൽ വെച്ചാണ് പ്രതിയുടെ വധശിക്ഷ നടപ്പിലാക്കിയത്.
ജിംനേഷ്യവും ഫാർമസിയും നടത്തിയിരുന്ന മുഹമ്മദ് അലി സലാമത്തിനെതിരെ 200ഓളം സ്ത്രീകളാണ് ബലാത്സംഗ പരാതിയുമായി രംഗത്തെത്തിയിരുന്നത്. കഴിഞ്ഞ 20 വർഷമായി ഇയാൾ നിരന്തരം കുറ്റകൃത്യങ്ങൾ ചെയ്തതായാണ് പറയപ്പെടുന്നത്. മിക്ക കേസുകളിലും വിവാഹാഭ്യർത്ഥന നടത്തുകയോ ഡേറ്റിംഗിൽ ഏർപ്പെടുകയോ ചെയ്ത ശേഷമാണ് ഇയാൾ ബലാത്സംഗം ചെയ്തിരിക്കുന്നതെന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചില ഇരകൾക്ക് ഇയാൾ ഗർഭച്ഛിദ്ര മരുന്നുകൾ നൽകിയതായും റിപ്പോർട്ടുകളുണ്ട്.
undefined
ബലാത്സംഗത്തിന് ഇരകളായവരിൽ സ്ത്രീകളും പെൺകുട്ടികളും ഉൾപ്പെടെയുള്ളവരുണ്ടെന്നാണ് വിവരം. ചിലരെ ഇയാൾ ആക്രമിച്ചതായും മറ്റ് ചിലരെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തിയ ശേഷം ബലാത്സംഗം ചെയ്തതായും റിപ്പോർട്ടുണ്ട്. ഇയാളുടെ ക്രൂരകൃത്യങ്ങൾക്ക് ഇരകളായവരിൽ മൂന്ന് പേർ ആത്മഹത്യ ചെയ്തിരുന്നുവെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ജനുവരിയിലാണ് സലാമത്ത് അറസ്റ്റിലായത്. അറസ്റ്റിന് പിന്നാലെ നൂറുകണക്കിന് ആളുകൾ സലാമത്തിന് വധശിക്ഷ നൽകണമെന്ന് ആരോപിച്ച് നഗരത്തിലെ നീതിന്യായ വകുപ്പില്‍ തടിച്ചുകൂടിയിരുന്നു. അതേസമയം, ഇറാനിൽ വധശിക്ഷകളുടെ എണ്ണം വർദ്ധിച്ചുവരുന്നത് മനുഷ്യാവകാശ സംഘടനകളുടെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.