യെക്കൽ 2022 ലാണ് ജോർജിയ സ്റ്റേറ്റ് കോടതിയിൽ നിയമിതനായത്
ജോർജിയ: ജോർജിയ കോടതിയിലെ ജഡ്ജിയെ സ്വന്തം കോടതി മുറിയിൽ വെടിവെച്ച് മരിച്ച നിലയിൽ കണ്ടെത്തി. ന്യായാധിപനായുള്ള അവസാന ദിവസമാണ് ജോർജിയ കോടതിയിലെ മുറിക്കുള്ളിൽ ജസ്റ്റിസ് സ്റ്റീഫൻ യെക്കലിനെ സ്വവെടിവച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. എഫിംഗ്ഹാം കൗണ്ടി സ്റ്റേറ്റ് കോടതി മുറിയിൽ നിന്നാണ് ജസ്റ്റിസ് യെക്കലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വയം വെടിവച്ച് മരിച്ചതെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ജഡ്ജിയുടെ മരണത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് ജോർജിയ പൊലീസ് വ്യക്തമാക്കി.
യെക്കൽ 2022 ലാണ് ജോർജിയ സ്റ്റേറ്റ് കോടതിയിൽ നിയമിതനായത്. അടുത്തിടെ അദ്ദേഹം സ്ഥാനത്ത് നിന്ന് രാജിവയ്ക്കാൻ ശ്രമിച്ചിരുന്നു, എന്നാൽ ജോർജിയ ഗവർണർ ബ്രയാൻ കെമ്പ് അത് നിരസിച്ചിരുന്നതായാണ് റിപ്പോർട്ട്. കാലാവധി അവസാനിക്കുന്ന ദിവസമാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിന് പിന്നിൽ എന്തെങ്കിലും ദുരൂഹതയുണ്ടോ എന്ന അന്വേഷണത്തിലാണ് ജോർജിയ പൊലീസ്.
വിവാഹിതനായ യെക്കൽ, നാല് കുട്ടികളുടെ പിതാവ് കൂടിയാണ്. ചാത്തം കൗണ്ടിയിൽ മുൻ അസിസ്റ്റൻ്റ് ഡിസ്ട്രിക്റ്റ് അറ്റോർണിയായും ഇദ്ദേഗം പ്രവർത്തിച്ചിട്ടുണ്ട്. മുമ്പ് ജോർജിയയിലെ ആൽക്കഹോൾ ആൻഡ് ടുബാക്കോ ടാക്സ് യൂണിറ്റിൻ്റെ പ്രത്യേക ഏജൻ്റായും യെക്കൽ പ്രവർത്തിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ അമേരിക്കയിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത ന്യൂ ഓർലീൻസിൽ പുതുവർഷാഘോഷം നടത്തുകയായിരുന്ന ആളുകൾക്കിടയിലേക്ക് ഒരാൾ ട്രെക്ക് ഇടിച്ച് കയറി പത്തിലേറെ പേർ കൊല്ലപ്പെട്ടു എന്നതാണ്. ന്യൂ ഓർലീൻസിലെ ബർബൺ സ്ട്രീറ്റിലാണ് അപകടമുണ്ടായത്. അമിത വേഗത്തിലെത്തിയ വെള്ള നിറത്തിലുള്ള ട്രെക്ക് ആളുകൾക്കിടയിലേക്ക് ഓടിച്ച് കയറ്റിയാണ് ആക്രമണം നടത്തിയത്. വാഹനം ഓടിച്ചിരുന്നയാൾ ആക്രമണത്തിന് പിന്നാലെ ട്രെക്കിന് പുറത്തിറങ്ങി വെടിയുതിർത്തതായാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇയാൾക്കെതിരെ പൊലീസും വെടിവച്ചിരുന്നതായാണ് ദൃക്സാക്ഷികളെ ഉദ്ധരിച്ച് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 30 ലേറെ പേർക്ക് ആക്രമണത്തിൽ പരിക്കേറ്റതായാണ് പുറത്ത് വരുന്ന വിവരം. വിനോദ സഞ്ചാര കേന്ദ്രമായ ഇവിടെ പതിനായിരങ്ങളാണ് പുതുവർഷം ആഘോഷിക്കാനായി എത്തിയിരുന്നത്. അമേരിക്കയിലെ നൈറ്റ് ലൈഫ് ആഘോഷ കേന്ദ്രങ്ങളിലൊന്നിലാണ് വലിയ ആക്രമണം നടന്നിട്ടുള്ളത്. നടപ്പാതയിലുണ്ടായിരുന്നവരേയും ട്രെക്ക് ഇടിച്ച് തെറിപ്പിച്ചതായാണ് പുറത്ത് വരുന്ന വിവരം. ഭീകരാക്രമണമാണോ എന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്.