സ്റ്റുഡന്‍സ് യൂണിയൻ തെരഞ്ഞെടുപ്പിൽ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കാണ് സത്യം സുരാന നാമനിർദേശ പത്രിക നൽകിയത്
ലണ്ടൻ: ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണത്തിനിടെ തനിക്കു നേരെ വിദ്വേഷ കാമ്പെയിനുണ്ടായെന്ന് ഇന്ത്യൻ വിദ്യാർത്ഥി. തന്നെ ഫാസിസ്റ്റ് എന്ന് വിളിച്ച് ആക്ഷേപിച്ചെന്നാണ് പുനെ സ്വദേശിയായ സത്യം സുരാനയുടെ ആരോപണം.
സ്റ്റുഡന്‍സ് യൂണിയൻ തെരഞ്ഞെടുപ്പിൽ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കാണ് സത്യം സുരാന നാമനിർദേശ പത്രിക നൽകിയത്. പിന്നാലെ ക്യാമ്പസിലെ തന്‍റെ പോസ്റ്ററുകള്‍ ആരോ പതിവായി കീറാൻ തുടങ്ങിയെന്ന് വിദ്യാർത്ഥി പറയുന്നു. തുടർന്ന് അധികൃതർക്ക് പരാതി നൽകി. പിന്നാലെ എൽഎസ്ഇയുടെ എല്ലാ ഗ്രൂപ്പുകളിലും 'ഈ സത്യം സുരാന ബിജെപി അനുഭാവിയാണ്, ഫാസിസ്റ്റാണ്, ഇസ്ലാമോഫോബിക്കും ട്രാൻസ് ഫോബിക്കുമാണെന്ന' സന്ദേശം തനിക്കെതിരെ പ്രചരിപ്പിക്കപ്പെട്ടെന്നും വിദ്യാർത്ഥി പറയുന്നു. സർക്കാരിനെതിരായ രാജ്യദ്രോഹപരമായ ഉള്ളടക്കങ്ങള്‍ ആ സന്ദേശത്തിലുണ്ടായിരുന്നുവെന്നും സത്യം സുരാന പറഞ്ഞു.
താൻ രാഷ്ട്രീയമല്ല, മറിച്ച് ക്യാമ്പസിലെ പ്രശ്നങ്ങളാണ് പ്രകടന പത്രികയിൽ ചൂണ്ടിക്കാട്ടിയതെന്ന് സത്യം സുരാന അവകാശപ്പെട്ടു. ഡിപ്പാർട്ട്‌മെൻ്റുകളിലുടനീളം എത്തുകയും നയങ്ങൾ വിശദീകരിക്കുകയും ചെയ്തു. എൽഎസ്ഇയിൽ പരാതി പരിഹാര പോർട്ടലിൻ്റെയും സബ്‌സിഡി നിരക്കിലുള്ള ഭക്ഷണം നൽകേണ്ടതിന്‍റെയും ആവശ്യകതയാണ് ഊന്നിപ്പറഞ്ഞത്. എന്നാൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനൊപ്പമുള്ള തൻ്റെ ഫോട്ടോ, ബിജെപിയുമായി ബന്ധപ്പെടുത്താൻ എതിരാളികള്‍ ഉപോഗിച്ചെന്ന് വിദ്യാർത്ഥി പറയുന്നു.
ഇന്ത്യയുടെ കുതിപ്പ് ദഹിക്കാത്തവരാണ് വ്യാജ പ്രചാരണം നടത്തുന്നതെന്ന് വിദ്യാർത്ഥി ആരോപിച്ചു. ഇന്ത്യ വലിയ മൂന്നാമത്തെ സമ്പദ്‌വ്യവസ്ഥയായി ഉയർന്നുവരുന്നു. തെറ്റായ പ്രചാരണങ്ങള്‍ കാരണം തനിക്ക് തെരഞ്ഞെടുപ്പിൽ ജയിക്കാനായില്ലെന്നും സത്യം സുരാന പറഞ്ഞു. കഴിഞ്ഞ വർഷം ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനു നേരെ ഖലിസ്ഥാൻ അനുകൂലികളുടെ ആക്രമണം ഉണ്ടായപ്പോല്‍ ദേശീയ പതാകയുമായി പ്രതിഷേധിച്ച് സത്യം സുരാന വാർത്തകളിൽ നിറഞ്ഞിരുന്നു.