തലപ്പാവ് ധരിക്കുന്ന സിഖ് വനിത; കാനഡയില്‍ മിന്നുന്ന തെരഞ്ഞെടുപ്പ് വിജയവുമായി ഇന്ത്യന്‍ വംശജ

By Web TeamFirst Published Oct 27, 2022, 4:20 AM IST
Highlights

ഈ നേട്ടത്തിലെത്തുന്ന തലപ്പാവ് ധരിക്കുന്ന ആദ്യ സിഖ് വനിതയാണ് നവ്ജിത്. ആരോഗ്യ പ്രവര്‍ത്തകയായ ഇവര്‍ ബ്രാംപ്ടണില്‍ ശ്വാസകോശ തെറാപ്പിസ്റ്റായി സേവനം ചെയ്യുകയായിരുന്നു. 2,6 വാര്‍ഡുകളിലേക്കാണ് നവ്ജിതിനെ തെരഞ്ഞെടുത്തിരിക്കുന്നത്. 

കാനഡയിലെ ബ്രാംപ്ടണിലെ മുന്‍സിപ്പല്‍ കൌണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയവുമായി ഇന്ത്യന്‍ വംശജ. ഇന്ത്യന്‍ വംശജയായ നവ്ജിത് കൌര്‍ ബ്രാറാണ് അഭിമാനാര്‍ഹമായ നേട്ടം കരസ്ഥമാക്കിയത്. ഈ നേട്ടത്തിലെത്തുന്ന തലപ്പാവ് ധരിക്കുന്ന ആദ്യ സിഖ് വനിതയാണ് നവ്ജിത്. ആരോഗ്യ പ്രവര്‍ത്തകയായ ഇവര്‍ ബ്രാംപ്ടണില്‍ ശ്വാസകോശ തെറാപ്പിസ്റ്റായി സേവനം ചെയ്യുകയായിരുന്നു. 2,6 വാര്‍ഡുകളിലേക്കാണ് നവ്ജിതിനെ തെരഞ്ഞെടുത്തിരിക്കുന്നത്. തിങ്കളാഴ്ചയാണ് തെരഞ്ഞെടുപ്പ് ഫലം വന്നത്.

കണ്‍സെര്‍വേറ്റീവ് പാര്‍ട്ടിയുടെ മുന്‍ എം പി സ്ഥാനാര്‍ത്ഥിയായിരുന്ന ജെര്‍മൈന്‍ ചേംമ്പേഴ്സിനെയാണ് മൂന്ന് കുട്ടികളുടെ അമ്മ കൂടിയായ നവ്ജിത് പരാജയപ്പെടുത്തിയത്. രേഖപ്പെടുത്തിയ വോട്ടുകളുടെ 28.85 ശതമാനം വോട്ടും നേടിയാണ് നവ്ജിതിന്‍റെ മിന്നുന്ന നേട്ടം. കണ്‍സെര്‍വേറ്റീവ് പാര്‍ട്ടി  സ്ഥാനാര്‍ത്ഥിക്ക് 22.59 ശതമാനം വോട്ടാണ് നേടാനായത്. മൂന്നാം സ്ഥാനത്തുള്ളയാള്‍ക്ക് 15.41 ശതമാനം വോട്ടാണ് ലഭിച്ചത്. കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ 40000 വീടുകള്‍ സന്ദര്‍ശിച്ചതായും 22500 ഓളം വോട്ടര്‍മാരുമായി സംസാരിച്ചതായുമാണ് നവ്ജിതിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ വക്താക്കള്‍ വിശദമാക്കുന്നത്.

Latest Videos

 കുറ്റകൃത്യങ്ങള്‍ കുറയ്ക്കുക, റോഡ് സുരക്ഷ മെച്ചപ്പെടുത്തുക, അടിസ്ഥാന സൌകര്യ വികസനം ഒരുക്കുക എന്നിവയിലൂന്നിയായിരുന്നു നവ്ജിതിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണം. നേരത്തെ ബ്രാംപ്ടണ്‍ വെസ്റ്റില്‍ നിന്ന് എന്‍ഡിപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പരാജയം നേരിട്ട വ്യക്തിയാണ് നവ്ജിത്. ബ്രാംപ്ടണ്‍ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ 40ഓളം പഞ്ചാബികളാണ് മത്സരിച്ചത്. 354884 വോട്ടര്‍മാരുള്ള ഇവിടെ ആകെ വോട്ട് ചെയ്യാനെത്തിയത് 87155 പേരാണ്. 24.56 ശതമാനം വോട്ടാണ് ഇവിടെ രേഖപ്പെടുത്തിയത്.

ദീപാവലി സമയത്തെ വോട്ടെടുപ്പിനേക്കുറിച്ച് ബ്രാംപ്ടണിലെ ഇന്ത്യന്‍ വംശജര്‍ നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. നാല് വര്‍ഷം കൂടുമ്പോഴുള്ള ഒക്ടോബറിലെ നാലാമത്തെ തിങ്കളാഴ്ചയാണ് ഇവിടെ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ് നടക്കാറ്.  ബ്രാംപ്ടണ്‍ മോയര്‍ പാട്രിക് ബ്രൌണ്‍ അടക്കമുള്ളവരാണ് നവ്ജിതിന് അനുമോദിച്ച് ഇതിനോടകം പ്രതികരിച്ചിട്ടുള്ളത്. 

click me!