ഇസ്രയേൽ ഹമാസ് യുദ്ധത്തിനെതിരായ അമേരിക്കയിലെ വിവിധ സർവ്വകലാശാലകളിലാണ് പ്രതിഷേധങ്ങൾ നടക്കുന്നത്
ന്യൂയോർക്ക്: അമേരിക്കൻ സർവ്വകലാശാലകളിലെ യുദ്ധ വിരുദ്ധ പ്രതിഷേധങ്ങളുടെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഇന്ത്യൻ വംശജയായ വിദ്യാർത്ഥിനിയും. പാലസ്തീൻ അനുകൂല പ്രതിഷേധങ്ങളുടെ പേരിലാണ് അചിന്ത്യ ശിവലിംഗം എന്ന ഇന്ത്യൻ വംശജയെ പ്രിൻസ്ടൺ സർവ്വകലാശാലയിൽ അറസ്റ്റ് ചെയ്തത്. അചിന്ത്യയെ സർവകലാശാലയിൽ നിന്ന് വിലക്കിയിട്ടുണ്ട്. സർവ്വകലാശാല പരിസരത്ത് നടന്ന പലസ്തീൻ അനുകൂല പ്രതിഷേധങ്ങൾക്ക് പിന്നാലെയാണ് നടപടി.
ഇസ്രയേൽ ഹമാസ് യുദ്ധത്തിനെതിരായ അമേരിക്കയിലെ വിവിധ സർവ്വകലാശാലകളിലാണ് പ്രതിഷേധങ്ങൾ അരങ്ങേറുന്നത്. കോയമ്പത്തൂരിൽ ജനിച്ച അചിന്ത്യ ശിവലിംഗം ഓഹിയോയിലെ കൊളംബസിലാണ് വളർന്നത്. വ്യാഴാഴ്ച രാവിലെയാണ് അചിന്ത്യ അറസ്റ്റിലായത്. സഹപാഠിക്കൊപ്പമാണ് അചിന്ത്യ ക്യാംപസിൽ പലസ്തീൻ അനുകൂല ക്യാംപുകൾ കെട്ടിയത്. സർവ്വകലാശാല അധികൃതരിൽ നിന്ന് മുന്നറിയിപ്പ് ലഭിച്ച ശേഷവും ക്യാംപസിലെത്തിയ പ്രതിഷേധക്കാർ ടെന്റുകൾ കെട്ടുകയായിരുന്നു. ഇതോടെയാണ് സർവ്വകലാശാല അധികൃതർ പൊലീസ് സഹായം തേടിയത്. പ്രതിഷേധത്തിന് നേതൃത്വം നൽകിയവർ അറസ്റ്റിലായതോടെ ടെന്റ് കെട്ടിയുള്ള പ്രതിഷേധനം അവസാനിപ്പിച്ച വിദ്യാർത്ഥികൾ കുത്തിയിരുന്നാണ പ്രതിഷേധിച്ചത്. നൂറോളം പേർ ചേർന്ന് തുടങ്ങിയ പ്രതിഷേധനത്തിൽ മുന്നൂറിലേറെ വിദ്യാർത്ഥികളാണ് പങ്കെടുത്തത്.
പ്രതിഷേധം സംഘടിപ്പിച്ച വിദ്യാർത്ഥികൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് സർവ്വകലാശാല വക്താവ് വിശദമാക്കി. അതേസമയം പ്രതിഷേധങ്ങൾക്ക് സർവ്വകലാശാലയിലെ ചില അധ്യാപകുടെ പരസ്യ പിന്തുണ ലഭിച്ചത് സർവ്വകലാശാലാ നിലപാടിനെ കുരുക്കിലാക്കിയിട്ടുണ്ടെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ യുദ്ധ വിരുദ്ധ പ്രതിഷേധങ്ങളുടെ പേരിൽ 550 ലെറെ ആളുകൾ അമേരിക്കയിൽ അറസ്റ്റിലായതായാണ് മാധ്യമ വാർത്തകൾ. വ്യാഴാഴ്ച മാത്രം 61 പേരാണ് അറസ്റ്റിലായിട്ടുള്ളത്. കൊളംബിയ സർവ്വകലാശാലയിലാണ് യുദ്ധ വിരുദ്ധ വിദ്യാർത്ഥി പ്രതിഷേധങ്ങൾക്ക് ആരംഭം കുറിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം