ചുമതലകളിൽ നിന്ന് പിന്മാറാനുള്ള ഉമാസോഫിയയുടെ തീരുമാനത്തെ ഞങ്ങൾ ബഹുമാനിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്നും പുതിയ മിസ് ടീൻ യുഎസ്എയുടെ കിരീടധാരണം ഉടൻ പ്രഖ്യാപിക്കുമെന്നും അവർ അറിയിച്ചു.
ന്യൂയോർക്ക്: 2023ലെ മിസ് ടീൻ യുഎസ്എയായി തെരഞ്ഞെടുക്കപ്പെട്ട ഉമാ സോഫിയ ശ്രീവാസ്തവ സ്ഥാനമൊഴിയുന്നതായി പ്രഖ്യാപിച്ചു. കുറച്ച് ദിവസങ്ങളായി ഈ തീരുമാനവുമായി മുന്നോട്ട് പോകുകയാണെന്നും ഇപ്പോഴാണ് അറിയിക്കുന്നതെന്നും അവർ അറിയിച്ചു. മിസ് യുഎസ്എ സ്ഥാനം നോലിയ വോഗ്റ്റ് രാജിവെച്ചതിന് പിന്നാലെയാണ് ഉമാ സോഫിയ സ്ഥാനമൊഴിയാനുള്ള തീരുമാനമെടുത്തത്. കൃത്യമായ ആലോചനക്ക് ശേഷമാണ് രാജി തീരുമാനമെടുത്തതെന്ന് വ്യക്തിപരമായ മൂല്യങ്ങൾ സംഘടനയുടെ ദിശയുമായി പൂർണമായി യോജിക്കുന്നില്ലെന്ന് മനസ്സിലായതിനാലാണ് രാജി വെച്ചതെന്ന് അവർ പറഞ്ഞു.
മുന്നോട്ടുള്ള ജീവിതത്തിൽ പഠനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ശ്രീവാസ്തവ പറഞ്ഞു. നാഷണൽ ഹോണർ സൊസൈറ്റിയുടെ ഭാഗമായി 11-ാം ക്ലാസ് പൂർത്തിയാക്കി കോളേജ് വിദ്യാഭ്യാസത്തിന് തയ്യാറെടുക്കുകയാണെന്നും അവർ പറഞ്ഞു. തന്നെ പിന്തുണയ്ക്കുന്നവരോട് നന്ദിയുണ്ടെന്നും അവർ അറിയിച്ചു. ഉമാ സോഫിയക്ക് നന്ദി അറിയിച്ച് മിസ് ടീൻ യുഎസ്എയും രംഗത്തെത്തി.
ചുമതലകളിൽ നിന്ന് പിന്മാറാനുള്ള ഉമാസോഫിയയുടെ തീരുമാനത്തെ ഞങ്ങൾ ബഹുമാനിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്നും പുതിയ മിസ് ടീൻ യുഎസ്എയുടെ കിരീടധാരണം ഉടൻ പ്രഖ്യാപിക്കുമെന്നും അവർ അറിയിച്ചു. സെപ്തംബറിൽ മിസ് യുഎസ്എ ആയി തെരഞ്ഞെടുക്കപ്പെട്ട നോലിയ വോയിഗ്റ്റ്, തൻ്റെ മാനസികാരോഗ്യത്തിന് മുൻഗണന നൽകുന്നതിനായി മെയ് 6 ന് പടിയിറങ്ങി. പിന്നാലെയാണ് ഉമാ സോഫിയയും രാജി പ്രഖ്യാപിച്ചത്.