സുമിയടക്കമുള്ള യുക്രെയ്ൻ നഗരങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാനുള്ള ശ്രമം ഇന്നും പരാജയപ്പെട്ടു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ സമ്മർദ്ദഫലമായി റഷ്യ മൂന്നാമതും വെടിനിർത്തിൽ പ്രഖ്യാപിച്ചെങ്കിലും സഞ്ചാരപാതയിൽ ഷെല്ലിംഗ് നടന്നെന്ന വിവരത്തെ തുടർന്ന് സുമിയിൽ നിന്നും വിദ്യാർത്ഥികളെ ഒഴിപ്പിക്കാനുള്ള ശ്രമം അവസാനനിമിഷം ഇന്ത്യൻ എംബസി റദ്ദാക്കി - സംഭവത്തിൻ്റെ കൂടുതൽ വിവരങ്ങളുമായി യുക്രെയ്ൻ - പോളണ്ട് അതിർത്തിയിൽ നിന്നും പ്രശാന്ത് രംഘുവംശം
സുമി: യുക്രെയ്ൻ നഗരമായ സുമിയിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത് നിർത്തിവച്ചു. ഇന്ത്യക്കാരെ ഒഴിപ്പിക്കേണ്ട പാതയിൽ ബോംബിംഗ് നടന്നതായുള്ള വിവരത്തെ തുടർന്നാണ് ഒഴിപ്പിക്കൽ നിർത്തിവച്ചത്. റഷ്യൻ സൈന്യം വെടിനിർത്തൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ സുമിയിൽ നിന്നും വിദ്യാർത്ഥികളെ എത്രയും പെട്ടെന്ന് മാറ്റാനായിരുന്നു ഇന്ത്യൻ എംബസിയുടെ നീക്കം. ഇതിനായി സുമിയിലേക്ക് എംബസി ഇടപെട്ട് ബസുകൾ എത്തിക്കുകയും വിദ്യാർത്ഥികൾ ബസിൽ കയറുകയും ചെയ്യുന്നതിനിടെയാണ് രക്ഷാദൗത്യം അടിയന്തരമായി നിർത്തിവയ്ക്കാൻ എംബസിയിൽ നിന്നും സ്ഥലത്തുണ്ടായിരുന്ന സ്റ്റുഡൻ്റ് ഏജൻ്റുമാർക്ക് നിർദേശം നൽകിയത്.
പെൺകുട്ടികളെയാണ് ആദ്യഘട്ടത്തിൽ പുറത്ത് എത്തിക്കാൻ തീരുമാനിച്ചത്. ഇതിനായി പെൺകുട്ടികളെല്ലാം ബസുകൾക്ക് എത്തിയെങ്കിലും ഈ ബസുകൾ ഹോളണ്ട് അതിർത്തിയിലേക്ക് എത്തേണ്ട പാതയിൽ എവിടെയോ ഷെല്ലാക്രമണം നടന്നുവെന്ന വിവരത്തെ തുടർന്നാണ് രക്ഷാദൗത്യം നിർത്തിവച്ചു. വിദ്യാർത്ഥികളോടെല്ലാം അവരുടെ ബങ്കറുകളിലേക്ക് മടങ്ങാനും ആവശ്യപ്പെട്ടു.
സാധാരണക്കാർക്ക് രക്ഷപ്പെടാനായി പ്രധാന യുക്രൈൻ നഗരങ്ങളിൽ എല്ലാം റഷ്യ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. സുരക്ഷിത ഇടനാഴികൾ ഒരുക്കി ജനങ്ങളെ പുറത്തേക്ക് എത്തിക്കുമെന്നും റഷ്യൻ സൈനിക വൃത്തങ്ങൾ അറിയിച്ചു. യുദ്ധം തുടങ്ങിയതോടെ വിവിധ യുക്രെയ്ൻ നഗരങ്ങളിൽ കുടുങ്ങി കിടക്കുന്ന ലക്ഷക്കണക്കിനാളുകൾ പ്രതീക്ഷയോടെയായിരുന്നു പ്രഖ്യാപനത്തെ കണ്ടത്.
ഫ്രഞ്ച് പ്രസിഡൻ്റിന്റെ അടക്കമുള്ള ലോകനേതാക്കളുടെ അഭ്യർത്ഥനകൾ കണക്കിലെടുത്താണ് മൂന്നാംവട്ടവും വെടിനിർത്തൽ റഷ്യ പ്രഖ്യാപിച്ചത്. എന്നാൽ ബെലാറൂസിലേക്കും റഷ്യയിലേക്കുമുള്ള പാതകളിലാണ് റഷ്യ മാനുഷിക ഇടനാഴി പ്രഖ്യാപിച്ചതെന്നും പോളണ്ട് അടക്കമുള്ള ഇതര രാജ്യങ്ങളിലേക്ക് മാനുഷിക ഇടനാഴി പ്രഖ്യാപിച്ചില്ലെന്നും യുക്രെയ്ൻ ആരോപിച്ചിരുന്നു.
പരമാവധി സാധാരണക്കാരെ സുരക്ഷിത ഇടനാഴികൾ ഒരുക്കി പുറത്തേക്ക് പോകാൻ അനുവദിക്കുമെന്നായിരുന്നു റഷ്യൻ സൈന്യത്തിന്റെ പ്രഖ്യാപനം. കീവ് , കാർകീവ് , സുമി, മരിയോപോൾ നഗരങ്ങളിൽ ആണ് വെടി നിർത്തൽ. പരിമിതമായ വെടിനിർത്തൽ ആയിരിക്കുമെന്നും സാധരണക്കാർക്ക് രക്ഷപ്പെടാൻ ഒരവസരം കൂടി റഷ്യ നൽകുകയാണെന്നും റഷ്യൻ സൈനിക വക്താവ് പറഞ്ഞു.
കഴിഞ്ഞ രണ്ടു ദിവസവും റഷ്യ പ്രഖ്യാപിച്ച വെടിനിർത്തൽ ഫലം കണ്ടിരുന്നില്ല. ഇർബിൻ നഗരത്തിൽ അടക്കം വെടിനിർത്തൽ വിശ്വസിച്ചു പുറത്തിറങ്ങിയ സാധാരണക്കാർ കൊല്ലപ്പെടുകയും ചെയ്തു. വെടിനിർത്തൽ പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം യുക്രയ്‌നാണെന്ന് റഷ്യ ആരോപിക്കുന്നു. എന്നാൽ പൊള്ളയായ വെടിനിർത്തൽ പ്രഖ്യാപനമാണ് റഷ്യയുടേത് എന്നാണ് യുക്രൈന്റെ വാദം.
ഇന്നത്തെ വെടിനിർത്തൽ പ്രഖ്യാപനത്തെ ഏറെ പ്രതീക്ഷയോടെയാണ് സുമിയിൽ അടക്കം കുടുങ്ങി കിടക്കുന്ന ഇന്ത്യൻ വിദ്യാർഥികൾ കാണുന്നത്. മലയാളികൾ അടക്കം 600 ഇന്ത്യൻ വിദ്യാർഥികൾ ഇപ്പോഴും സുമിയിൽ കുടുങ്ങി കിടക്കുകയാണ് എന്നാണ് കേന്ദ്ര സർക്കാരിന്റെ അനൗദ്യോഗിക കണക്ക്. ഈ വിദ്യാർത്ഥികളോട് യാത്രയ്ക്ക് തെയ്യാറായിരിക്കാൻ നിർദേശിച്ചിട്ടുണ്ട്. ഇന്നത്തെ വെടിനിർത്തൽ ഫലപ്രദമായാൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് രക്ഷാ മാർഗം ഒരുങ്ങും. അതേസമയം മരിയോപോളിൽ അടക്കം കുടുങ്ങി കിടക്കുന്ന ലക്ഷക്കണക്കിന് യുക്രെയ്ൻക്കാർ ഇടനാഴിയിലൂടെ നീങ്ങുന്നതോടെ പോളണ്ടിൽ അടക്കം അഭയാർത്ഥി പ്രവാഹം ഇനിയും ശക്തമാകും.
പത്ത് ദിവസത്തിലേറെയായി സുമിയിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളും ഇന്ത്യയിലെ അവരുടെ ഉറ്റവരും വളരെ പ്രതീക്ഷയോടെയായിരുന്നു ഇന്നത്തെ വെടിനിർത്തലും രക്ഷാദൌത്യത്തേയും നോക്കി കണ്ടത്. ഇന്ത്യൻ എംബസി ബസുകൾ സുമിയിലേക്ക് എത്തിക്കുകയും ഹംഗേറിയൻ അതിർത്തിയിലേക്ക് വിദ്യാർത്ഥികളെ രണ്ട് ഘട്ടത്തിലാക്കി എത്തിച്ച് എല്ലാവരേയും അടുത്ത മണിക്കൂറുകളിൽ തന്നെ ഇന്ത്യയിലേക്ക് പ്രത്യേക വിമാനത്തിൽ കയറ്റി വിടാനുമായിരുന്നു വിദേശകാര്യമന്ത്രാലയത്തിൻ്റെ പദ്ധതി. അടുത്ത രണ്ട് ദിവസത്തിനകം ഓപ്പറേഷൻ ഗംഗ പൂർത്തീകരിക്കാനാവുമെന്ന് പോളണ്ടിൽ തുടരുന്ന കേന്ദ്രമന്ത്രി വി.കെ.സിംഗ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു.
ഭൂരിപക്ഷം വിദ്യാർത്ഥികളേയും രക്ഷിച്ചതോടെ അതിർത്തിനഗരങ്ങളിലെ ഇന്ത്യൻ എംബസിയുടെ ക്യാംപുകൾ പലതും അവസാനിപ്പിച്ചിരുന്നു. സുമിയടക്കമുള്ള നഗരങ്ങളിലെ ബംഗറുകളിൽ ഉള്ള വിദ്യാർത്ഥികളുടെ ജീവിതം ഇപ്പോൾ അങ്ങേയറ്റം ദുരിതത്തിലാണ്. പലർക്കും കുടിവെള്ളം പോലും കിട്ടുന്നില്ല. മണിക്കൂറുകൾ നീളുന്ന പവർകട്ടും ജീവിതം ദുസ്സഹമാകി. മഞ്ഞ് വെള്ളമാക്കി കുടിച്ചാണ് പല വിദ്യാർത്ഥികളും ദിവസങ്ങളായി ജീവിക്കുന്നത്. ഇതുമൂലം പലരുടേയും ആരോഗ്യനില മോശമായിട്ടുണ്ടെന്ന് വിദ്യാർത്ഥികൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.