പറന്നുയര്‍ന്ന് ഏകദേശം 15 മിനിറ്റിനുള്ളിൽ തന്നെ വിമാനത്തിന്‍റെ വലത് എഞ്ചിന് തീപിടിക്കുകയായിരുന്നു.
ഹൈദരാബാദ്: ഹൈദരാബാദില്‍ നിന്ന് ക്വാലാലംപൂരിലേക്ക് തിരിച്ച വിമാനത്തിന്‍റെ എഞ്ചിന് തീപിടിച്ചു. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ക്വാലാലംപൂരിലേക്ക് തിരിച്ച മലേഷ്യൻ എയർലൈൻസിന്‍റെ എംഎച്ച് 199 വിമാനത്തിന്‍റെ എഞ്ചിനാണ് തീപിടിച്ചത്. തുടര്‍ന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കി.
Read Also - വന്‍ ദുരന്തം ഒഴിവായി; കോഴിക്കോടേക്കുള്ള വിമാനത്തിൽ തീപിടിത്തം, യാത്രക്കാരന്‍റെ പവർ ബാങ്ക് പൊട്ടിത്തെറിച്ചു
undefined
വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം ഉണ്ടായത്. പറന്നുയര്‍ന്ന് ഏകദേശം 15 മിനിറ്റിനുള്ളിൽ തന്നെ വിമാനത്തിന്‍റെ വലത് എഞ്ചിന് തീപിടിക്കുകയായിരുന്നു. 130 യാത്രക്കാരും ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. പെട്ടെന്ന് അപകടം മനസ്സിലാക്കിയ പൈലറ്റ് യാത്രക്കാരോട് ശാന്തരായിരിക്കാന്‍ മുന്നറിയിപ്പ് നല്‍കുകയും തുടര്‍ന്ന് വിമാനം അടിയന്തരമായി നിലത്തിറക്കാന്‍ അനുമതി തേടുകയുമായിരുന്നു. സംഭവത്തിന്‍റെ ഗുരുതരാവസ്ഥ മനസ്സിലാക്കിയ എയർ ട്രാഫിക് കൺട്രോളര്‍, ഉടൻ തന്നെ വിമാനം അടിയന്തര ലാൻഡിംഗിനായി അനുവദിച്ചു.
സാങ്കേതിക തകരാർ മൂലമാണ് തീ പടർന്നതെന്നാണ് വിവരം. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൈലറ്റിന്റെ സമയോചിതമായ ഇടപെടലാണ് വലിയ അപകടം ഒഴിവാക്കിയത്. സംഭവത്തില്‍ ആർക്കും പരിക്കുകളില്ല.