'കുത്തിയത് അയാൾ തന്നെ, മെറിന്‍റെ മരണമൊഴി'; യുഎസിൽ മലയാളി നഴ്സിനെ കുത്തിക്കൊന്ന ഭർത്താവിന് ജീവപര്യന്തം

By Web Team  |  First Published Nov 6, 2023, 9:35 AM IST

തന്നെ കുത്തിവീഴ്ത്തിയതും കാർ കയറ്റിയതും ഭർത്താവ് ഫിലിപ്പ് മാത്യു തന്നെയാണെന്നാണ് മെറിൻ മരണമൊഴി നൽകിയിരുന്നു. മെറിനെ ഭർത്താവ് നിരന്തരം മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി സഹപ്രവർത്തകരും പൊലീസിന് മൊഴി നൽകിയിരുന്നു.


വാഷിംഗ്ടൺ:  അമേരിക്കയിലെ സൗത്ത് ഫ്ലോറിഡയിൽ മലയാളി നഴ്സിനെ കുത്തിവീഴ്ത്തിയ ശേഷം കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവ്. ചങ്ങനാശേരി സ്വദേശി ഫിലിപ് മാത്യു(37)വിനെയാണ്  യുഎസിലെ ഫ്ലോറിഡയിലുള്ള ബ്രോവഡ് കൗണ്ടി കോടതി പരോളില്ലാത്ത ജീവപര്യന്തം ശിക്ഷ വിധിച്ചത്.   മോനിപ്പള്ളി ഊരാളിൽ വീട്ടിൽ  മരങ്ങാട്ടിൽ ജോയ് – മേഴ്സി ദമ്പതികളുടെ മകൾ മെറിൻ ജോയി (27) ആണ് കൊല്ലപ്പെടത്. 

സൗത്ത് ഫ്ലോറിഡയിലെ കോറൽ സ്പ്രിങ്സിലുള്ള  ബ്രോവാർഡ്‌ ഹെൽത്ത് ഹോസ്പിറ്റലിൽ നഴ്‌സായ മെറിൻ ജോയി നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവെയാണ് പാർക്കിങ് ലോഡ്സിൽ വെച്ച് ഭർത്താവ് ഫിലിപ്പ് മാത്യുവിന്റെ ആക്രമണമുണ്ടായത്.  2020 ജൂലൈ 28ന് ആണ് സംഭവം. മെറിനെ കുത്തിവീഴ്ത്തിയ ശേഷം കാർ കയറ്റി കൊലപ്പെടുത്തിയെന്നാണ് കേസ്.  ഗാർഹിക പീഡനത്തെ തുടർന്ന് ഇരുവരും ഏറെ നാളായി പിരിഞ്ഞു താമസിക്കുകയായിരുന്നു. ഇതിനിടയിലാണ്  മെറിനെ ഫിലിപ് അതിക്രൂരമായി കൊലപ്പെടുത്തിയത്. 
          
തന്നെ കുത്തിവീഴ്ത്തിയതും കാർ കയറ്റിയതും ഭർത്താവ് ഫിലിപ്പ് മാത്യു തന്നെയാണെന്നാണ് മെറിൻ മരണമൊഴി നൽകിയിരുന്നു. മെറിനെ ഭർത്താവ് നിരന്തരം മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി സഹപ്രവർത്തകരും പൊലീസിന് മൊഴി നൽകിയിരുന്നു. ഭർത്താവ് ഫിലിപ്പിനെ ഭയന്നാണ് മെറിൻ ഓരോ ദിവസവും ജീവിച്ചതെന്നും മെറിനെയും കുഞ്ഞിനെയും കൊല്ലുമെന്ന് നിരന്തരം ഭീഷണി മുഴക്കിയിരുന്നുവെന്നും സഹപ്രവർത്തകർ പറഞ്ഞു. കേസ് വിസ്താര സമയത്തു കുറ്റം സമ്മതിച്ചതിനാൽ ഫിലിപ്പിനെ വധശിക്ഷയിൽ നിന്നും ഒഴിവാക്കി. ജീവപര്യന്തം തടവിന് പുറമേ  മാരകായുധം ഉപയോഗിച്ച് ആക്രമിച്ചതിന് 5 വർഷത്തെ തടവും വിധിച്ചിട്ടുണ്ട്. മകൾക്ക് നീതി ലഭിച്ചതായി മെറിന്‍റെ അമ്മ മേഴ്സി പറഞ്ഞു. മെറിന്‍റെ കുഞ്ഞ് മേഴ്സിക്കൊപ്പമാണ്.

Latest Videos

Read More : വെടിയൊച്ച കേട്ട് നടുങ്ങി ഉദ്യോഗസ്ഥര്‍, 2 സംഘമായി തെരച്ചില്‍; കൊല്ലപ്പെട്ടതും പിടിയിലായതും സ്ഥിരം വേട്ടക്കാർ

tags
click me!