കമലയും ട്രംപും ഏറ്റുമുട്ടുമ്പോൾ നിര്‍ണായകം 'സ്വിങ് സ്റ്റേറ്റ്സ്', കുടിയേറ്റവും ഗാസയും സാമ്പത്തികവും ചര്‍ച്ച

By Web TeamFirst Published Nov 2, 2024, 8:17 AM IST
Highlights

2024-ലെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഏതൊക്കെ സംസ്ഥാനങ്ങളാണ് വിജയിയെ നിർണയിക്കുന്ന ചാഞ്ചാട്ട സംസ്ഥാനങ്ങൾ എന്ന് പരിശോധിക്കാം ഓരോ സംസ്ഥാനത്തെയും രാഷ്ട്രീയ സാഹചര്യങ്ങളും വോട്ടർമാരുടെ മനോഭാവവും എന്തെന്ന് നോക്കാം

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഒരുപാട് കൗതുകങ്ങളും സവിശേഷതകളുണ്ട്. തെരഞ്ഞെടുപ്പ് രീതിയിലും വിജയിയെ കണ്ടെത്തുന്നതിലും പിന്നീടുള്ള വ്യവഹാരങ്ങളിലുമടക്കം ഈ കൗതുകങ്ങളും സവിശേഷതകളും നമുക്ക് കാണാം.  2024-ൽ ട്രംപും കമലയും ഏറ്റുമുട്ടുന്പോൾ വിജയിയെ തീരുമാനിക്കുന്നതിൽ നിർണായകയേക്കാവുന്ന ചാഞ്ചാട്ട സംസ്ഥാനങ്ങൾ(Swing States) ഏതൊക്കെയാണ് എന്നത് പരിശോധിക്കാം. അവിടത്തെ ഏറ്റവും പുതിയ ട്രെൻഡും അവിടത്തെ രാഷ്ട്രീയസാഹചര്യങ്ങളും നോക്കാം.

1. അരിസോണ

Latest Videos

11 ഇലക്ടറൽ വോട്ടുകളാണ് അരിസോണയിലുള്ളത്. 1990 കൾ മുതൽ റിപ്പബ്ലിക്കൻ പാർട്ടിക്കൊപ്പം നിന്ന അരിസോണ കഴിഞ്ഞ വർഷം ഡെമോക്രാറ്റുകൾക്കൊപ്പമായിരുന്നു. ഇവിടെ  ജോ ബൈഡന്റെ ഭൂരിപക്ഷം വെറും 10,000 വോട്ടായിരുന്നു. മെക്സിക്കോയ്ക്കൊപ്പം അതിർത്തി പങ്കിടുന്നസംസ്ഥാനമാണ് അരിസോണ. അതുകൊണ്ടുതന്നെ ഇവിടത്തെ പ്രധാന വിഷയം അനധികൃത കുടിയേറ്റമാണ്.

2. ജോർജിയ

16 ഇലക്ട്രൽ വോട്ടുകളാണ് ജോര്‍ജിയയിൽ ഉള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇവിടെയും ജയിച്ചത് ജോ ബൈഡനായിരുന്നു. ഇവിടെ ലഭിച്ച ഭൂരിപക്ഷം വെറും 13,000 വോട്ടായിരുന്നു. തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ ശ്രമിച്ചതിന് ട്രംപിനെതിരെ കേസുള്ള സംസ്ഥാനങ്ങളിലൊന്നാണെന്ന പ്രത്യേകതയും ജോര്‍ജിയക്കുണ്ട്. ജോർജിയയുടെ ഭൂരിപക്ഷത്തിലെ മൂന്നിലൊന്ന് ആഫ്രോ അമേരിക്കക്കാരാണ്, അവരുടെ വോട്ടാകും ഈ തെരഞ്ഞെടുപ്പിൽ നിര്‍ണായകമാവുക. 

3. മിഷിഗൺ

15 ഇലക്ട്രൽ വോട്ടുകളാണ് മിഷിഗണിൽ ഉള്ളത്. ഇവിടെ ബൈഡന് കിട്ടിയത് ഒന്നര ലക്ഷത്തിന്റെ ഭൂരിപക്ഷമാണ്. അറബ് വംശജർ ഒട്ടേറെയുള്ള ഇവിടെ ഇസ്രയേൽ-ഗാസ  യുദ്ധം വലിയ ചർച്ചയാണ്. നിലവിൽ ആരെ പിന്തുണക്കണമെന്ന ആശയക്കുഴപ്പത്തിലാണ് മിഷിഗണിലെ അറബ് വംശജർ. അവരുടെ തീരുമാനമാകും ഉത്തവണത്തെ തെരഞ്ഞെടുപ്പിൽ നിർണായകം.

4. നെവാഡ

6 ഇലക്ട്രൽ വോട്ടുകളാണ് നൊവാഡയിൽ. ഇവിടെ കഴിഞ്ഞ തവണ ബൈഡൻ ജയിച്ചത് മുപ്പത്തിനാലായിരം വോട്ടിനായിരുന്നു. ലാറ്റിനമേരിക്കൻ വോട്ടർമാരാണ് ഈ സംസ്ഥാനത്ത് നിർണായകം.

5. നോർത്ത് കരോലിന

16 ഇലക്ട്രൽ വോട്ടുകളുള്ള സംസ്ഥാനം. ഇവിടെ 2020 ൽ ട്രംപാണ് ജയിച്ചത്. 74,000 വോട്ടുകൾക്കായിരുന്നു വിജയം. ഹെലെൻ ചുഴലിക്കാറ്റിന് ശേഷം വോട്ടർമാർ ആർക്ക് അനുകൂലമായി പ്രതികരിക്കുമെന്നതാകും ഈ സംസ്ഥാനത്തെ ചാഞ്ചാട്ടത്തിൽ നിർണായകം.

6 പെൻസിൽവാനിയ

19 ഇലക്ട്രൽ വോട്ടുകളുണ്ട് പെൻസിൽവാനിയയിൽ. ചാഞ്ചാട്ട സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ ഇവിടെ ഡെമോക്രാറ്റുകളാണ് ജയിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൺപത്തിരണ്ടായിരം വോട്ടിന് ബൈഡൻ ജയിച്ചു. ഏര്‍ലി വോട്ടിങ്ങുമായി ബന്ധപ്പെട്ട് ഇപ്പോൾ തന്നെ ഇവിടെ തർക്കം തുടങ്ങിക്കഴിഞ്ഞു. സാന്പത്തികരംഗത്തെ പ്രശ്നങ്ങളാകും ഇവിടത്തെ വോട്ട് നിര്‍ണയിക്കുന്ന പ്രധാന ചർച്ച.

7. വിസ്കോൺസിൻ

10 ഇലക്ട്രൽ വോട്ടുകൾ.  ഇവിടെ ബൈഡൻ ജയിച്ചത് ഇരുപത്തിയെണ്ണായിരം വോട്ടുകൾക്കാണ്. ഇവിടെ ജയിച്ചാൽ നമ്മൾ ജയിച്ചുവെന്ന് ഇതിനോടകം ട്രംപ് അനുയായികളോട് പറഞ്ഞുകഴിഞ്ഞ സംസ്ഥാനമാണ് വിസ്കോൺസിൻ എന്നതാണ് പ്രത്യേകത. ട്രംപും ബൈഡനുമല്ലാതെ മൽസരിക്കുന്ന മറ്റ് സ്ഥാനാർഥികൾക്ക് സ്പോയിലര്‍ റോളിന് സാധ്യതയുള്ള സംസ്ഥാനമാണ് വിസ്കോൺസിൻ.

അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവും യുഎസ് ചാഡ്സും; അറിയാം ചരിത്രം

click me!