ഇട്ടുമൂടാനുള്ള പണമുണ്ട്, പക്ഷേ ജീവനക്കാർക്ക് 18 മണിക്കൂർ ജോലി, 600 രൂപ കൂലി; ഹിന്ദുജ ​ഗ്രൂപ്പിന്റെ ക്രൂരതകൾ

By Web Team  |  First Published Jun 22, 2024, 4:38 PM IST

ഇവരുടെ സ്വിറ്റ്സർലന്റിലെ ബംഗ്ലാവിലാണ് തൊഴിൽ ചൂഷണം നടന്നത്. ഇന്ത്യയിൽ നിന്ന് എത്തിച്ച തൊഴിലാളികളെ ചൂഷണം ചെയ്യുകയും അവരുടെ പാസ്‍പോർട്ടുകൾ പിടിച്ചുവെയ്ക്കുകയും ചെയ്തതായി കോടതി കണ്ടെത്തിയതിനെ തുടർന്നായിരുന്നു ശിക്ഷ.


ജനീവ: തൊഴിലാളികളെ വളരെ മോശമായ രീതിയിലാണ് ഹിന്ദുജ കുടുംബത്തിലെ കോടീശ്വരന്മാർ കൈകാര്യം ചെയ്തിരുന്നതെന്ന് പ്രൊസിക്യൂഷൻ. ഒരുദിവസം 18 മണിക്കൂർ വരെ ജോലിയെടുപ്പിക്കുകയും വെറും 600 രൂപ കൂലി നൽകുകയും ചെയ്തു. ഇതിനിടയിൽ മതിയായ വിശ്രമം പോലും അനുവദിച്ചിരുന്നില്ല. ഇവരുടെ വളർത്തുനായ്ക്കളെ തൊഴിലാളികളേക്കാൾ നല്ല രീതിയിൽ പരി​ഗണിച്ചിരുന്നുവെന്നും പ്രൊസിക്യൂഷൻ പറയുന്നു. തൊഴിലാളികളുടെ പാസ്പോർട്ട് തടഞ്ഞുവെക്കുകയും അനുവാദമില്ലാതെ പുറത്തുപോകുന്നത് വിലക്കുകയും ചെയ്തു. ഇന്ത്യൻ കറൻസിയിലാണ് ഇവർക്ക് ശമ്പളം നൽകിയിരുന്നത്. ചവിട്ടിയിലും ബേസ്മെന്റിലുമാണ് പലരും അന്തിയുറങ്ങിയിരുന്നത്. കഴിഞ്ഞ ദിവസമാണ് കോടീശ്വര കുടുംബമായ ഹിന്ദുജ കുടുംബത്തിലെ നാല് പേർക്ക് തൊഴിലാളികളോട് മോശമായ രീതിയിൽ പെരുമാറിയതിന് സ്വിറ്റ്സർലൻഡ് കോടതി ശിക്ഷ വിധിച്ചത്.  പ്രകാശ് ഹിന്ദുജയ്ക്കും ഭാര്യ കമാൽ ഹിന്ദുജയ്ക്കും നാല് വർഷവും ആറ് മാസവും തടവ് ശിക്ഷയും മകൻ അജയ് (56), ഭാര്യ നമ്രത (50) എന്നിവർക്ക് നാല് വർഷം വീതം തടവ് ശിക്ഷ വിധിച്ചു.

ഹിന്ദുജ ഗ്രൂപ്പ് ഓഫ് കമ്പനീസിൻ്റെ (യൂറോപ്പ്) ചെയർമാനും ഹിന്ദുജ ബാങ്ക് സ്വിറ്റ്സർലൻഡിലെ ഉപദേശക ബോർഡ് ചെയർമാനുമാണ് 78 കാരനായ പ്രകാശ് പി ഹിന്ദുജ. സ്വിസ് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സിൻ്റെ ബോർഡ് അംഗം കൂടിയാണ് അദ്ദേഹം. പ്രകാശ്-കമൽ ഹിന്ദുജ ദമ്പതികൾക്ക് രാംകൃഷ്ണൻ എന്ന മകനും രേണുക എന്ന മകളുമുണ്ട്.

Latest Videos

ഇവരുടെ സ്വിറ്റ്സർലന്റിലെ ബംഗ്ലാവിലാണ് തൊഴിൽ ചൂഷണം നടന്നത്. ഇന്ത്യയിൽ നിന്ന് എത്തിച്ച തൊഴിലാളികളെ ചൂഷണം ചെയ്യുകയും അവരുടെ പാസ്‍പോർട്ടുകൾ പിടിച്ചുവെയ്ക്കുകയും ചെയ്തതായി കോടതി കണ്ടെത്തിയതിനെ തുടർന്നായിരുന്നു ശിക്ഷ. 47 ബില്യൻ അമേരിക്കൻ ഡോളറിന്റെ ആസ്തിയുള്ള ധനിക കുടുംബത്തിന്റെ ബംഗ്ലാവിൽ ഗുരുതരമായ തൊഴിലാളി ചൂഷണം നടന്നുവെന്ന് കോടതി കണ്ടെത്തി. 38 രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന നിരവധി സ്ഥാപനങ്ങളിൽ രണ്ട് ലക്ഷത്തിലധികം തൊഴിലാളികളാണ് ഹിന്ദുജ ഗ്രൂപ്പിനുള്ളത്. എണ്ണ, വാതകം, ബാങ്കിങ്, ആരോഗ്യം, വാഹന നിർമാണം എന്നിങ്ങനെ വിവിധ മേഖലകളിലായി വ്യാപിച്ച് കിടക്കുകയാണ് ഹിന്ദുജ ഗ്രൂപ്പിന്റെ പ്രവ‍ർത്തനം. പാവങ്ങളുടെ ദുരിതത്തിൽ നിന്ന് പ്രതികൾ ലാഭമുണ്ടാക്കുകയായിരുന്നു എന്നും പ്രോസിക്യൂട്ടർ കോടതിയിൽ പറഞ്ഞു.

Read More.... ഹിന്ദുജ കുടുംബത്തിലെ 4 പേർക്ക് സ്വിറ്റ്സർലന്റിൽ ജയിൽ ശിക്ഷ; തൊഴിലാളികളെ ചൂഷണം ചെയ്തതെന്ന കേസിൽ കോടതി വിധി

എന്നാൽ തൊഴിലാളികൾക്ക് മാന്യമായ ശമ്പളം നൽകിയിരുന്നുവെന്നും അവരെ തടങ്കലിൽ വെച്ചിട്ടില്ലെന്നും അവർക്ക് പുറത്തുപോകാൻ അനുവാദമുണ്ടായിരുന്നെന്നും ഹിന്ദുജ കുടുംബത്തിന്റെ അഭിഭാഷകർ വാദിച്ചു.

Asianet News Live

click me!