'ഹിന്ദുജ കുടുംബം ജയിലിൽ പോകേണ്ടി വരില്ല'; വിശദീകരണവുമായി കുടുംബ വക്താവ്

By Web TeamFirst Published Jun 24, 2024, 2:44 AM IST
Highlights

ഏറ്റവും ഗുരുതരമായ കുറ്റമായ മനുഷ്യക്കടത്ത് ആരോപണം കോടതി പൂർണ്ണമായും തള്ളിയിരുന്നുവെന്നും കേസിൽ ഇനി പരാതിക്കാരില്ല എന്നത് ശ്രദ്ധിക്കേണ്ടതാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.

ജനീവ: തൊഴിലാളികളെ ചൂഷണം ചെയ്തെന്ന കേസിൽ  ബ്രിട്ടനിലെ ഏറ്റവും സമ്പന്ന കുടുംബമായ ഹിന്ദുജ കുടുംബാം​ഗങ്ങളെ തടവ് ശിക്ഷക്ക് വിധിച്ചിട്ടില്ലെന്നും അവർക്കെതിരായ മനുഷ്യക്കടത്ത് കുറ്റങ്ങൾ തള്ളിക്കളഞ്ഞതായും ഹിന്ദുജാസിൻ്റെ വക്താവ് പ്രസ്താവനയിൽ പറഞ്ഞു. ഹിന്ദുജ കുടുംബത്തിലെ നാല് സ്വിസ് പൗരന്മാരായ കമൽ, പ്രകാശ് ഹിന്ദുജ, നമ്രത, അജയ് ഹിന്ദുജ എന്നിവരെ തടവ് ശിക്ഷക്ക് വിധേയരാക്കിയിട്ടില്ലെന്ന് വക്താവ് പ്രസ്താവനയിൽ പറഞ്ഞു. സ്വിസ് നിയമ നടപടിക്രമങ്ങൾ അനുസരിച്ച്, കീഴ്ക്കോടതിയുടെ വിധി നടപ്പാക്കേണ്ടതില്ല, അതുകൊണ്ടുതന്നെ പരമോന്നത കോടതിയുടെ വിധി വരുന്നതുവരെ നിരപരാധിത്വത്തിൻ്റെ പരിധിയിൽപ്പെടുമെന്നും വക്താവ് പറഞ്ഞു.

ഏറ്റവും ഗുരുതരമായ കുറ്റമായ മനുഷ്യക്കടത്ത് ആരോപണം കോടതി പൂർണ്ണമായും തള്ളിയിരുന്നുവെന്നും കേസിൽ ഇനി പരാതിക്കാരില്ല എന്നത് ശ്രദ്ധിക്കേണ്ടതാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. തങ്ങൾക്ക് പോലും മനസ്സിലാകാത്ത പ്രസ്താവനകളിൽ ഒപ്പിടുന്നതിലേക്ക് നയിക്കപ്പെട്ടുവെന്ന് അവർ കോടതിയിൽ പറഞ്ഞിരുന്നു. നാല് ഹിന്ദുജ കുടുംബാംഗങ്ങൾ അവരോട് ബഹുമാനത്തോടെയും അന്തസ്സോടെയും കുടുംബത്തെപ്പോലെയും പെരുമാറിയെന്നും പരാതിക്കാർ പറഞ്ഞെന്നും വക്താവ് പറഞ്ഞു. തങ്ങൾക്ക് സ്വിസ് ജുഡീഷ്യറിയിൽ പൂർണ വിശ്വാസമുണ്ട്, സത്യം വിജയിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും കുടുംബം പറഞ്ഞു.

Latest Videos

Read More.... ഇട്ടുമൂടാനുള്ള പണമുണ്ട്, പക്ഷേ ജീവനക്കാർക്ക് 18 മണിക്കൂർ ജോലി, 600 രൂപ കൂലി; ഹിന്ദുജ ​ഗ്രൂപ്പിന്റെ ക്രൂരതകൾ

ഇന്ത്യയിൽ നിന്ന് എത്തിച്ച തൊഴിലാളികളെ ചൂഷണം ചെയ്യുകയും അവരുടെ പാസ്‍പോർട്ടുകൾ പിടിച്ചുവെയ്ക്കുകയും ചെയ്തതായി കോടതി കണ്ടെത്തിയതിനെ തുടർന്നായിരുന്നു കോടതി ശിക്ഷ വിധിച്ചത്. 47 ബില്യൻ അമേരിക്കൻ ഡോളറിന്റെ ആസ്തിയുള്ള ധനിക കുടുംബത്തിന്റെ ബംഗ്ലാവിൽ ഗുരുതരമായ തൊഴിലാളി ചൂഷണം നടന്നുവെന്ന് കോടതി കണ്ടെത്തി. 38 രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന നിരവധി സ്ഥാപനങ്ങളിൽ രണ്ട് ലക്ഷത്തിലധികം തൊഴിലാളികളാണ് ഹിന്ദുജ ഗ്രൂപ്പിനുള്ളത്. എണ്ണ, വാതകം, ബാങ്കിങ്, ആരോഗ്യം, വാഹന നിർമാണം എന്നിങ്ങനെ വിവിധ മേഖലകളിലായി വ്യാപിച്ച് കിടക്കുകയാണ് ഹിന്ദുജ ഗ്രൂപ്പിന്റെ പ്രവ‍ർത്തനം. പാവങ്ങളുടെ ദുരിതത്തിൽ നിന്ന് പ്രതികൾ ലാഭമുണ്ടാക്കുകയായിരുന്നു എന്നും പ്രോസിക്യൂട്ടർ കോടതിയിൽ പറഞ്ഞു.

click me!