ഇസ്രായേൽ ആക്രമണം ശക്തമാക്കിയാൽ ലെബനന് എല്ലാ തരത്തിലുള്ള പിന്തുണയും നൽകുമെന്ന് ഇറാൻ അറിയിച്ചിട്ടുണ്ട്.
ടെൽ അവീവ്: ഇസ്രായേലിനെതിരെ വീണ്ടും റോക്കറ്റാക്രമണം നടത്തി ഹിസ്ബുല്ല. ഇസ്രായേലിലെ കിര്യത് ഷ്മോണ എന്ന പ്രദേശത്താണ് ഹിസ്ബുല്ല റോക്കറ്റാക്രമണം നടത്തിയത്. 10 മിനിട്ടിനുള്ളിൽ 11 റോക്കറ്റുകളാണ് ഇവിടേയ്ക്ക് പാഞ്ഞെത്തിയത്. ഇതിൽ ആദ്യം വിക്ഷേപിക്കപ്പെട്ട റോക്കറ്റിനെ നിഷ്ക്രിയമാക്കിയതായി ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. റഫേൽ ആയുധ ഫാക്ടറിയ്ക്ക് സമീപം മിസൈൽ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഹിസ്ബുല്ല റോക്കറ്റാക്രമണവും നടത്തിയിരിക്കുന്നത്.
ഹിസ്ബുല്ല തൊടുത്ത ആദ്യത്തെ റോക്കറ്റ് ഗോലാൻ കുന്നുകളിൽ വെച്ച് തടഞ്ഞെന്ന് ഇസ്രായേൽ സൈന്യം പറഞ്ഞു. 10 മിനിറ്റിനുള്ളിൽ 10 ഫലഖ്-1 റോക്കറ്റുകൾ കൂടി കിര്യത് ഷ്മോണയ്ക്ക് നേരെ തൊടുത്തു. ഇവയിൽ ചിലത് തുറസ്സായ സ്ഥലങ്ങളിലാണ് പതിച്ചതെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. നേരത്തെ, 45 മിസൈലുകൾ ഉപയോഗിച്ച് ഹൈഫയിലെ ഇസ്രയേലിന്റെ റഫേൽ ആയുധ ഫാക്ടറിയെ ഹിസ്ബുള്ള ലക്ഷ്യമിട്ടിരുന്നു. ഇന്ന് മാത്രം മൂന്ന് തവണയാണ് ഇസ്രേയേലിനെതിരെ ഹിസ്ബുല്ല ആക്രമണം നടത്തിയത്.
undefined
അതേസമയം, ലെബനനിലേയ്ക്ക് പ്രവേശിക്കാൻ ഇസ്രായേൽ സൈന്യം തയ്യാറെടുക്കുന്നതായാണ് റിപ്പോർട്ട്. ഹിസ്ബുല്ലയുടെ അടിസ്ഥാന സൗകര്യങ്ങൾ പൂർണമായും തകർക്കുക എന്നതാണ് ഇസ്രായേലിന്റെ ലക്ഷ്യം. ഇസ്രായേൽ സൈനിക മേധാവി ലെഫ്റ്റനന്റ് ജനറൽ ഹെർസി ഹലേവി ഇതുമായി ബന്ധപ്പെട്ട് സൈന്യത്തിന് നിർദ്ദേശം നൽകിക്കഴിഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, ഇസ്രായേൽ ആക്രമണം ശക്തമാക്കിയാൽ ലെബനനെ എല്ലാ വിധത്തിലും പിന്തുണയ്ക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ലെബനനിലെ 2000-ലധികം കേന്ദ്രങ്ങളിലാണ് ഇസ്രായേൽ സൈന്യം ആക്രമണം നടത്തിയത്.