പേജർ സ്ഫോടനത്തിൽ പങ്കുണ്ടെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
ടെൽ അവീവ്: ഇസ്രായേലിനെതിരെ ആക്രമണം കടുപ്പിച്ച് ഹിസ്ബുല്ല. വടക്കൻ ഇസ്രായേലിനെ ലക്ഷ്യമിട്ട് 165 റോക്കറ്റുകളാണ് ഹിസ്ബുല്ല തൊടുത്തുവിട്ടത്. ആക്രമണത്തിൽ നിരവധി ആളുകൾക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. നിരവധി വാാഹനങ്ങളും കത്തിനശിച്ചു. റോക്കറ്റാക്രമണത്തിന് പിന്നാലെയുണ്ടായ നാശനഷ്ടങ്ങളുടെ വീഡിയോ ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) പുറത്തുവിട്ടിട്ടുണ്ട്. ഹിസ്ബുല്ലയുടെ ആക്രമണത്തിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്നത് തുടരുമെന്ന് ഐഡിഎഫ് വ്യക്തമാക്കി.
ഗലീലിയെ ലക്ഷ്യമിട്ട് 50 റോക്കറ്റുകളാണ് എത്തിയതെന്ന് ഐഡിഎഫ് അറിയിച്ചു. ഇവയിൽ ചിലതിനെ വ്യോമ പ്രതിരോധ സംവിധാനം തടഞ്ഞു. എന്നാൽ, നിരവധി റോക്കറ്റുകളാണ് കാർമിയൽ മേഖലയിൽ പതിച്ചത്. ലെബനനിൽ നിന്ന് ഹിസ്ബുല്ല തൊടുത്ത ഒരു ഡ്രോൺ മാൽകിയയ്ക്ക് മുകളിൽ വെച്ച് വ്യോമ പ്രതിരോധം നിഷ്ക്രിയമാക്കിയെന്നും അടുത്തിടെ ഇസ്രായേലിന് നേരെ ആക്രമണത്തിന് ഉപയോഗിച്ച ഹിസ്ബുല്ലയുടെ റോക്കറ്റ് ലോഞ്ചർ ടാർഗെറ്റഡ് ഡ്രോൺ ആക്രമണത്തിൽ നശിപ്പിച്ചെന്നും ഐഡിഎഫ് അവകാശപ്പെട്ടു.
We will continue to defend our civilians against Hezbollah’s aggression. pic.twitter.com/0fd0Wq6pxa
undefined
കഴിഞ്ഞ ദിവസം ഇസ്രായേലിനെ ലക്ഷ്യമിട്ട് 90-ലധികം റോക്കറ്റുകളാണ് ഹിസ്ബുല്ല തൊടുത്തത്. ഇസ്രായേലിന്റെ പ്രതിരോധ സംവിധാനമായ അയൺ ഡോം നിരവധി റോക്കറ്റുകളെ തടഞ്ഞെങ്കിലും തുറമുഖ നഗരമായ ഹൈഫയിൽ ഉൾപ്പെടെ നാശനഷ്ടമുണ്ടായി. നിരവധി പേർക്ക് പരിക്കേൽക്കുകയും കെട്ടിടങ്ങൾ തകരുകയും വാഹനങ്ങൾ കത്തിനശിക്കുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബറിൽ ഹിസ്ബുല്ലയുടെ ആശയവിനിമയ സംവിധാനമായ പേജറുകളും വോക്കി-ടോക്കികളും ലെബനനിലുടനീളം പൊട്ടിത്തെറിച്ചിരുന്നു. വ്യാപകമായി നടന്ന സ്ഫോടനത്തിൽ 40ഓളം പേർ കൊല്ലപ്പെടുകയും 3,000-ലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിന് പിന്നിൽ ഇസ്രായേലാണെന്ന് ഇറാനിയൻ മാധ്യമങ്ങൾ ഉൾപ്പെടെ ആരോപിച്ചെങ്കിലും ഇസ്രായേൽ പ്രതികരിച്ചിരുന്നില്ല. എന്നാൽ, കഴിഞ്ഞ ദിവസം ഇസ്രായേലിന് പങ്കുണ്ടെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആദ്യമായി സമ്മതിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രായേലിനെതിരെ ഹിസ്ബുല്ല ആക്രമണം കടുപ്പിച്ചത്.