സംരക്ഷണ ചെലവ് താങ്ങാനാവാതെയാണ് പാണ്ടകളെ തിരിച്ചയക്കുന്നത്.
ഹെൽസിങ്കി: കോടികൾ മുടക്കി ചൈനയിൽ നിന്ന് എത്തിച്ച രണ്ട് ഭീമൻ പാണ്ടകളെ തിരിച്ചയക്കാൻ ഒരുങ്ങി ഫിൻലൻഡ്. പരിപാലന ചെലവ് താങ്ങാനാവാതെയാണ് പാണ്ടകളെ തിരിച്ചയക്കുന്നത്. ഇതിനകം 88 കോടി രൂപ പാണ്ടകൾക്കായി മൃഗശാല ചെലവഴിച്ചു കഴിഞ്ഞു.
2018 ജനുവരിയിലാണ് ലൂമി, പൈറി എന്ന് പേരിട്ട രണ്ട് പാണ്ടകളെ ചൈനയിൽ നിന്ന് ഫിൻലൻഡിലെ അഹ്താരി മൃഗശാലയിലേക്ക് കൊണ്ടുവന്നത്. പാണ്ടകൾക്ക് സൗകര്യം ഒരുക്കാൻ 8 ദശലക്ഷം യൂറോ (ഏകദേശം 74 കോടി രൂപ) മാറ്റിവച്ചു. മൃഗശാല അതോറിറ്റി 1.5 ദശലക്ഷം യൂറോ (ഏകദേശം 14 കോടി രൂപ) ചെലവഴിച്ചു. ഇതുകൂടാതെ മൃഗശാല അധികൃതർ എല്ലാ വർഷവും സംരക്ഷണ ഫീസും നൽകണം.
undefined
മൃഗസംരക്ഷണത്തിനായി ഫിൻലൻഡ് ചൈനയുമായി സംയുക്ത കരാറിൽ ഒപ്പുവെച്ചതിന് പിന്നാലെയാണ് ലൂമിയെയും പൈറിയെയും മൃഗശാലയിലേക്ക് കൊണ്ടുവന്നത്. ആ സമയത്ത് കരാർ ചർച്ച ചെയ്യാൻ ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിംഗ് ഫിൻലൻഡ് സന്ദർശിച്ചിരുന്നു. കരാർ പ്രകാരം 15 വർഷത്തേക്കാണ് പാണ്ടകളെ കൈമാറിയത്. ചൈനയിലേക്ക് തിരിച്ചയക്കും മുൻപ് പാണ്ടകളെ ഒരു മാസത്തെ ക്വാറന്‍റൈനിൽ സൂക്ഷിക്കും. നവംബറിൽ പാണ്ടകളെ ചൈനയിലേക്ക് തിരിച്ചയക്കാനാണ് തീരുമാനം.
സെൻട്രൽ ഫിൻലാന്‍റിലെ പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രമാണ് അഹ്താരി മൃഗശാല. കൂടുതൽ സന്ദർശകരെയും വിദേശ വിനോദ സഞ്ചാരികളെയും ആകർഷിക്കാൻ പാണ്ഡകളുടെ വരവ് സഹായിക്കുമെന്ന് മൃഗശാല അധികൃതർ പ്രതീക്ഷിച്ചു. എല്ലാം നന്നായി ആരംഭിച്ചു. പക്ഷേ കൊവിഡ് വ്യാപനം എല്ലാം തകിടം മറിച്ചു. കടം കുമിഞ്ഞുകൂടിയയതോടെയാണ് ഭീമൻ പാണ്ടകളെ സമയമാകും മുൻപ് ചൈനയ്ക്ക് തിരികെ നൽകാൻ മൃഗശാല അധികൃതർ തീരുമാനിച്ചത്. ധനസഹായം ആവശ്യപ്പെട്ട് മൃഗശാല അധികൃതർ ഫിൻലൻഡ് സർക്കാരിനെ സമീപിച്ചെങ്കിലും അനുകൂല നിലപാട് ഉണ്ടാവാത്ത സാഹചര്യത്തിലാണിത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം