6,55,289! ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം, മരതക ദ്വീപിൽ പുതു ചരിത്രമെഴുതി ഡോ. ഹരിണി, ചുവന്ന് തുടുത്ത് ലങ്ക

By Web Team  |  First Published Nov 15, 2024, 7:07 PM IST

2020 ൽ മഹിന്ദ രജപക്സെ നേടിയ 5,27,364 വോട്ടിന്റെ ഭൂരിപക്ഷമാണ് ഹരിണിയുടെ പടയോട്ടത്തിന് മുന്നിൽ വഴിമാറിയത്


കൊളംബോ: ശ്രീലങ്കയിലെ പാർലമെന്‍റ് തെരഞ്ഞെടുപ്പിലും ഇടത് തരംഗം ആഞ്ഞടിച്ചതോടെ മരതക ദ്വീപ് ചുവന്ന് തുടുത്തു. പ്രസിഡന്‍റ് അനുര ദിസനായകെയുടെ എൻ പി പി സഖ്യം മൂന്നിൽ രണ്ട് ഭൂരിപക്ഷം സ്വന്തമാക്കിയാണ് കുതിച്ചത്. തമിഴ് ഭൂരിപക്ഷ വടക്കൻ പ്രവിശ്യയടക്കം തൂത്തുവാരിയാണ് എൻ പി പി മുന്നേറിയത്. ഇതിനിടെ പ്രധാനമന്ത്രി ഡോ. ഹരിണി അമരസൂര്യ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമെന്ന റെക്കോർഡും സ്വന്തമാക്കി.

കൊളംബോയിൽ 6,55,289 ഭൂരിപക്ഷം നേടിയാണ് ഹരിണി ലങ്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം സ്വന്തമാക്കിയത്. 2020 ൽ മഹിന്ദ രജപക്സെ നേടിയ 5,27,364 വോട്ടിന്റെ ഭൂരിപക്ഷമാണ് ഹരിണിയുടെ പടയോട്ടത്തിന് മുന്നിൽ വഴിമാറിയത്. ഇടതുസഖ്യമായ എൻ പി പിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയും ഹരിണി തന്നെയാണ്.

Latest Videos

undefined

വീണ്ടും ചുവന്ന് തുടുത്ത് ശ്രീലങ്ക, പാർലമെന്റ് തെരഞ്ഞെടുപ്പിലും ഇടത് മുന്നേറ്റം

മരതക ദ്വീപാകെ രാഷ്ട്രീയ ചുവപ്പ് പടർത്തിയ അനുര കുമാര ദിസനായകെ ശ്രീലങ്കയുടെ ചരിത്രത്തിലാദ്യമായി പ്രസിഡന്‍റിന്‍റെ കൊട്ടാരത്തിലും പാർലമെന്‍റ് മന്ദിരത്തിലും ഒരേസമയം ഇടത് ആധിപത്യം കൂടിയാണ് ഉറപ്പിച്ചത്. 225 അംഗ പാർലമെന്‍റിലെ 159 സീറ്റുകളിലും വിജയിച്ചാണ് എൻ പി പി സഖ്യം ചരിത്രം കുറിച്ചത്. 2020 ൽ മൂന്ന് സീറ്റ് മാത്രം നേടിയ എൻ പി പിയുടെ സ്വപ്ന മുന്നേറ്റത്തിൽ, തമിഴ് ഭൂരിപക്ഷ വടക്കൻ പ്രവിശ്യയും ഇടത്തേക്ക് മാറുകയായിരുന്നു. സിംഹള പാർട്ടിയെന്ന് വിലയിരുത്തപ്പെടുന്ന അനുരയുടെ ജെ വി പി, ജാഫ്ന ജില്ലയിൽ ചരിത്രത്തിലാദ്യമായി വിജയം നേടിയതും തിരഞ്ഞെടുപ്പിൽ ശ്രദ്ധേയമായി.

സെപ്തംബറിലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ നിന്ന് വ്യത്യസ്തമായി മുസ്ലീം വോട്ടുകളും ഇത്തവണ നേടാനായത് ദിസനായകെയ്ക്കും ഇടത് മുന്നേറ്റത്തിനും ഗുണം ചെയ്തു. യഥാർത്ഥ ദേശീയ പാർട്ടിയായി ജെ വി പി മാറിയെന്ന് അവകാശപ്പെട്ട ദിസനായകെ , തമിഴ് അടക്കം മൂന്ന് ഭാഷകളിലെ കുറിപ്പിലൂടെയാണ് വോട്ടർമാർക്ക് നന്ദി അറിയിച്ചത്. ഫലപ്രഖ്യാപനത്തിന് പിന്നാലെ ദിസനായകെയുമായി കൂടിക്കാഴ്ച നടത്തിയ ഇന്ത്യൻ ഹൈക്കമ്മീഷണർ സന്തോഷ് ഝാ, ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ ജനവിധി സഹായിക്കുമെന്നും അഭിപ്രായപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!