600ഓളം അഭയാർത്ഥികൾ ബോട്ടപകടത്തിൽ മരിച്ച സംഭവം; ആരോപണ വിധേയരെ വെറുതെ വിട്ട് ഗ്രീക്ക് കോടതി

By Web Team  |  First Published May 22, 2024, 10:47 AM IST

കേസിൽ പ്രതികളാക്കപ്പെട്ടവർ ബലിയാടുകൾ ആക്കപ്പെട്ടവരാണെന്നും ബോട്ട് ദുരന്തത്തിൽ കൊല്ലപ്പെട്ടവരേപ്പോലെ തന്നെ അഭയാർത്ഥികളാണ് പ്രതികളെന്നും ഇവരുടെ അഭിഭാഷകർ കോടതിയിൽ വിശദമാക്കിയിരുന്നു


കലമാറ്റ: അറൂനൂറോളം അഭയാർത്ഥികൾ മരിച്ച ബോട്ടപകടത്തിൽ ആരോപണ വിധേയരെ വെറുതെ വിട്ട് ഗ്രീക്ക് കോടതി. അപകടം നടന്നത് അന്താരാഷ്ട്ര സമുദ്ര പരിധിയിലെന്നും അധികാര പരിധിക്ക് പുറത്തെന്നും വ്യക്തമാക്കിയാണ് നടപടി. ഈജിപ്ത് സ്വദേശികളായ 9 പേരെയാണ് ഗ്രീക്ക് കോടതി വെറുതെ വിട്ടത്. കഴിഞ്ഞ വർഷം ജൂൺ 14ന്  ലിബിയയിൽ നിന്ന് ഇറ്റലിയിലേക്ക് പുറപ്പെട്ട മത്സ്യബന്ധന ബോട്ട്  ഗ്രീസിന് സമീപം തകർന്ന് നിരവധിപ്പേർ കൊല്ലപ്പെട്ടത്. പാകിസ്ഥാൻ, സിറിയ, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നുള്ള 700ൽ അധികം അനധികൃത കുടിയേറ്റക്കാരായിരുന്നു ഈ ബോട്ടിലുണ്ടായിരുന്നത്.

104 പേരെയാണ് അപകടത്തിന് പിന്നാലെ രക്ഷിക്കാനായത്. 82 പേരുടെ മൃതദേഹമാണ് ബോട്ട് അപകടത്തിന് പിന്നാലെ കണ്ടെത്തിയത്. മെഡിറ്ററേനിയൻ കടലിലുണ്ടായ ഏറ്റവും വലിയ ബോട്ട് അപകടങ്ങളിലൊന്നായിരുന്നു ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. യൂറോപ്യൻ രാജ്യങ്ങളിലേക്ക് ചെറുബോട്ടുകളിൽ എത്തുന്ന അഭയാർത്ഥികളേക്കുറിച്ച് വലിയ രീതിയിൽ ചർച്ചകൾ നടക്കാൻ അപകടം കാരണമായിരുന്നു. 

Latest Videos

കുടിയേറ്റക്കാരെ കടത്തിയതിനും, ക്രിമിനൽ ഗൂഡാലോചനയ്ക്കും, തകരാനായ ബോട്ട് ഉപയോഗിച്ചുള്ള ആൾക്കടത്ത് ഉള്ള കുറ്റങ്ങളാണ് ഒൻപത് ഈജിപ്ത് സ്വദേശികൾക്കെതിരെ ചുമത്തിയിരുന്നത്. 11 മാസത്തോളം ഡിറ്റൻഷൻ കേന്ദ്രത്തിലായിരുന്നു പ്രതിയാക്കപ്പെട്ടവർ കഴിഞ്ഞിരുന്നത്. എന്നാൽ കേസിൽ പ്രതികളാക്കപ്പെട്ടവർ ബലിയാടുകൾ ആക്കപ്പെട്ടവരാണെന്നും ബോട്ട് ദുരന്തത്തിൽ കൊല്ലപ്പെട്ടവരേപ്പോലെ തന്നെ അഭയാർത്ഥികളാണ് പ്രതികളെന്നും ഇവരുടെ അഭിഭാഷകർ കോടതിയിൽ വിശദമാക്കിയിരുന്നു. ബോട്ട് കെട്ടിവലിക്കാനുള്ള ഗ്രീക്ക് കോസ്റ്റ് ഗാർഡിന്റെ ശ്രമമാണ് അപകടമുണ്ടാക്കിയതെന്ന് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവർ നേരത്തെ മൊഴി നൽകിയിരുന്നു. അപകടത്തിന് സാക്ഷികളായിരുന്ന കോസ്റ്റ് ഗാർഡ് ജീവനക്കാർ മണിക്കൂറുകൾക്ക് ശേഷമാണ് രക്ഷാപ്രവർത്തനം ആരംഭിച്ചതെന്നും ആരോപണം ഉയർന്നിരുന്നു. 

സംഭവത്തിൽ ഗ്രീസ് അധികൃതരുടെ അന്വേഷണത്തിലെ സമഗ്രതയെ മനുഷ്യാവകാശ പ്രവർത്തകർ ചോദ്യം ചെയ്തിരുന്നു. ഇന്നും അപകടമുണ്ടായതിന്റെ കാരണം അജ്ഞാതമായി തുടരുകയാണ്. തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് ഗ്രീസ് കോസ്റ്റ് ഗാർഡ് വാദിക്കുന്നത്. 21 മുതൽ 41 വരെ പ്രായമുള്ളവരെയാണ് കോടതി വെറുതെ വിട്ടിരിക്കുന്നത്. മനുഷ്യാവകാശത്തിന്റെ വിജയമാണ് കേസെന്നാണ് ഇവരുടെ അഭിഭാഷകൻ വിധിക്ക് ശേഷം പ്രതികരിച്ചത്. യൂറോപ്യന്‍ രാജ്യങ്ങള്‍ കഴിഞ്ഞ കുറേ ദശകങ്ങളായി ആഫ്രിക്ക, ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥി പ്രശ്നത്തില്‍ ഏറെ പ്രതിസന്ധി നേരിടുന്നതിനിടെയാണ് ദാരുണ സംഭവം നടന്നത്.  ഇംഗ്ലീഷ് ചാനൽ വഴി ബോട്ടിൽ വരുന്ന അനധികൃത കുടിയേറ്റക്കാർക്കായി നിരീക്ഷണം വർദ്ധിപ്പിക്കാൻ അതിർത്തി സുരക്ഷയ്ക്ക് ബ്രിട്ടീഷ്  മന്ത്രി സുല്ല ബ്രാവർമാൻ നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് അപകടമുണ്ടായത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!