ജിപിഎസ് നാവിഗേഷൻ തടഞ്ഞു, സൈനികരുടെ അവധി റദ്ദാക്കി; ഇറാൻ തിരിച്ചടിക്കുമെന്ന പേടിയിൽ ഇസ്രയേൽ

By Web Team  |  First Published Apr 5, 2024, 6:30 PM IST

സിറിയയിലെ ഇറാൻ എംബസിക്ക് നേരെ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ രണ്ട് ജനറൽമാർ ഉള്‍പ്പെടെ 13 പേർ കൊല്ലപ്പെട്ടിരുന്നു. പിന്നാലെയാണ് ഇറാൻ തിരിച്ചടിച്ചാൽ നേരിടാനുള്ള സന്നാഹങ്ങള്‍ ഇസ്രയേൽ നടത്തുന്നത്. 


ടെൽഅവീവ്: രാജ്യാതിർത്തിക്കുള്ളിൽ ജിപിഎസ് നാവിഗേഷൻ സേവനങ്ങൾ നിർത്തി ഇസ്രയേൽ. ഇറാന്‍റെ വ്യോമാക്രമണ ഭീഷണിയെ തുടർന്നാണ് നടപടി. അവധി റദ്ദാക്കി മുഴുവൻ സൈനികരോടും തിരിച്ചെത്താനും നിർദേശം നൽകി. സിറിയയിലെ ഇറാൻ എംബസിക്ക് നേരെ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ രണ്ട് ജനറൽമാർ ഉള്‍പ്പെടെ 13 പേർ കൊല്ലപ്പെട്ടിരുന്നു. പിന്നാലെയാണ് ഇറാൻ തിരിച്ചടിച്ചാൽ നേരിടാനുള്ള സന്നാഹങ്ങള്‍ ഇസ്രയേൽ നടത്തുന്നത്. 

മിസൈലുകളെയും ഡ്രോണുകളെയും തടസ്സപ്പെടുത്തുന്നതിനായാണ് ഇസ്രായേലിൻ്റെ വിവിധ ഭാഗങ്ങളിൽ ജിപിഎസ് തടഞ്ഞത്. അവധികള്‍ റദ്ദാക്കി തിരിച്ചെത്താൻ സൈനികർക്ക് ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) നിർദേശം നൽകി. റമദാനിലെ അവസാനത്തെ വെള്ളിയാഴ്ചയാണ് ഇന്ന്. ഏപ്രിൽ 5ന് ശേഷം ഇറാൻ തിരിച്ചടിക്കുമെന്നാണ് ഇസ്രയേൽ കണക്കുകൂട്ടുന്നത്. ജറുസലേം ദിനമായാണ് ഈ വെള്ളിയാഴ്ച ഇറാൻ ആചരിക്കുന്നത്. പലസ്തീനികള്‍ക്കുള്ള പിന്തുണ എന്ന നിലയിലാണ് ഈ ദിവസം ആചരിക്കുന്നത്. 

Latest Videos

വ്യാഴാഴ്ച മുതലാണ് ഇസ്രായേലിൻ്റെ മധ്യഭാഗങ്ങളിൽ ജിപിഎസ് സംവിധാനങ്ങൾ തടസ്സപ്പെട്ടത്. ടെൽ അവീവ്, ജറുസലേം തുടങ്ങിയ പ്രധാന നഗരങ്ങളിൽ ലൊക്കേഷൻ അടിസ്ഥാനമാക്കിയുള്ള ആപ്പുകള്‍ ഉപയോഗിക്കാൻ കഴിയുന്നില്ലെന്ന് ഇസ്രായേലി പൗരന്മാർ പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തു. ജറുസലേമിൽ ആയിരുന്നപ്പോൾ തന്‍റെ ജിപിഎസ് കെയ്‌റോയിൽ എന്ന് കണ്ടതായി ഒരു ബിബിസി പ്രൊഡ്യൂസർ പറഞ്ഞു. 

ജിപിഎസ് തടയാറുണ്ടെന്ന് സേനാ വക്താവ് റിയർ ആദം ഡാനിയൽ സ്ഥിരീകരിച്ചു. അതേസമയം പരിഭ്രാന്തരാവേണ്ടതില്ലെന്ന് സേന ജനങ്ങളെ അറിയിച്ചു. ജനറേറ്ററുകൾ വാങ്ങുകയോ ഭക്ഷണം കൂടുതലായി കരുതി വെയ്ക്കുകയോ എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുകയോ ചെയ്യേണ്ടതില്ലെന്നാണ് അറിയിപ്പ്. അതേസമയം ചില എംബസികൾക്ക് ജാഗ്രതാനിർദ്ദേശം നൽകിയതായി ഇസ്രായേലിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇക്കാര്യം ഇസ്രയേൽ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

'20000 ആനകളെ അങ്ങോട്ട് അയക്കും, തമാശയല്ലിത്'; ജർമനിയോട് ബോട്‍സ്വാന, ഭീഷണി 'ട്രോഫി ഹണ്ടിംഗ്' തർക്കത്തിനിടെ

സിറിയയിലെ ഇറാൻ എംബസി ആക്രമിച്ച സംഭവത്തിൽ മറുപടി നൽകുമെന്ന് ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്‌സി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇസ്രയേൽ കനത്ത വില നൽകേണ്ടി വരുമെന്ന് ലെബനീസ് ഗ്രൂപ്പായ ഹിസ്ബുള്ളയും പ്രതികരിച്ചു. ഡമാസ്കസിലെ ഇറാൻ കോൺസുലേറ്റിന് നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ  ഇറാന്‍ റെവല്യൂഷണറി ഗാർഡുകളായ (ഐആർജിസി) ഏഴ് ഉദ്യോഗസ്ഥർ ഉള്‍പ്പെടെയാണ് 13 പേർ കൊല്ലപ്പെട്ടത്.

ശത്രുവിന് ശിക്ഷ ലഭിക്കാതെ ഈ കുറ്റകൃത്യം കടന്നുപോകില്ല എന്നാണ് ഹിസ്ബുള്ള പ്രസ്താവനയിൽ പറഞ്ഞത്. ഇസ്രയേൽ ആക്രമണത്തിൽ ബ്രിഗേഡിയർ ജനറൽമാരായ മുഹമ്മദ് റെസ സഹേദിയും മുഹമ്മദ് ഹാദി ഹാജി റഹിമിയും ഉൾപ്പെടെ ഏഴ് ഐആർജിസി ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. രണ്ട് സിറിയക്കാർ ഉള്‍പ്പെടെ കൊല്ലപ്പെട്ടവരുടെ എണ്ണം 13 ആണ്. യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് മിസൈൽ വർഷിച്ചാണ് ഇസ്രയേൽ ആക്രമണം നടത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!