നിലവിൽ ഭരണത്തിലുള്ള അവാമി ലീഗിന്‍റെയും ഷെയ്ഖ് ഹസീനയുടെയും അനുയായികൾക്കാണ് ഈ സംവരണത്തിന്റെ പ്രയോജനം ലഭിക്കുന്നതെന്ന് വിദ്യാർത്ഥികൾ
ധാക്ക: സർക്കാർ ജോലി ക്വാട്ടയ്‌ക്കെതിരായ വിദ്യാർത്ഥി പ്രതിഷേധത്തിനിടെ ബംഗ്ലാദേശിൽ അഞ്ച് മരണം. നിരവധി പേർക്ക് പരിക്കേറ്റു. തലസ്ഥാനമായ ധാക്കയിലും തെക്കുകിഴക്കൻ നഗരമായ ചാട്ടോഗ്രാമിലും വടക്കൻ നഗരമായ രംഗ്‌പൂരിലുമാണ് അക്രമമുണ്ടായത്. പ്രതിഷേധക്കാർ പൊലീസുമായി ഏറ്റുമുട്ടുകയായിരുന്നു. മരിച്ചവരിൽ മൂന്ന് പേർ വിദ്യാർത്ഥികളാണ്. ഒരാൾ കാൽനട യാത്രക്കാരനാണ്. മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടില്ല.
1971 ലെ ബംഗ്ലാദേശിന്‍റെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച യുദ്ധത്തിൽ പങ്കെടുത്തവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലിയിൽ 30 ശതമാനം വരെ സംവരണമുണ്ട്. ഈ ക്വാട്ട വിവേചനപരമാണെന്നും മെറിറ്റ് അധിഷ്‌ഠിത സംവിധാനം കൊണ്ടുവരണമെന്നുമാണ് പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളുടെ ആവശ്യം. അന്ന് പോരാട്ടത്തിന് നേതൃത്വം നൽകിയ, നിലവിൽ ഭരണത്തിലുള്ള അവാമി ലീഗിന്‍റെയും പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെയും അനുയായികൾക്കാണ് ഈ സംവരണത്തിന്റെ പ്രയോജനം ലഭിക്കുന്നതെന്ന് പ്രതിഷേധക്കാർ പറയുന്നു.
ധാക്ക സർവകലാശാലയിൽ ജൂലൈ 15 നാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. 100 ലധികം വിദ്യാർത്ഥികൾക്ക് അന്ന് പരിക്കേറ്റതായി പൊലീസ് പറഞ്ഞു. ധാക്കയ്ക്ക് പുറത്തുള്ള സവാറിലെ ജഹാംഗീർ നഗർ സർവകലാശാലയിലേക്ക് ഒറ്റ രാത്രി കൊണ്ട് പ്രതിഷേധം വ്യാപിച്ചു. അതേസമയം സംവരണത്തെ അനുകൂലിച്ച് ഷെയ്ഖ് ഹസീന രംഗത്തെത്തി. സ്വാതന്ത്ര്യ സമര സേനാനികൾ എന്ന് അറിയപ്പെടുന്ന വിമുക്ത ഭടന്മാർക്ക്, അവരുടെ നിലവിലെ രാഷ്ട്രീയ ബന്ധം പരിഗണിക്കാതെ തന്നെ 1971 ലെ ത്യാഗത്തിന് ഏറ്റവും ഉയർന്ന ബഹുമാനം ലഭിക്കണം. സ്വന്തം ജീവിതത്തെക്കുറിച്ചുള്ള സ്വപ്നം ഉപേക്ഷിച്ച്, കുടുംബത്തെയും മാതാപിതാക്കളെയും എല്ലാം ഉപേക്ഷിച്ച് യുദ്ധത്തിൽ പങ്കെടുത്തവരാണ് അവരെന്നും ഷെയ്ഖ് ഹസീന പറഞ്ഞു.
കടുത്ത എതിർപ്പ്, കർണാടക സംവരണ ബില്ലിനെ കുറിച്ചുള്ള പോസ്റ്റ് ഡിലീറ്റ് ചെയ്ത് മുഖ്യമന്ത്രി സിദ്ധരാമയ്യ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം