രഹസ്യ വിവരത്തേ തുടർന്ന് നടത്തിയ വാഹന പരിശോധനയിലാണ് ഇവരുടെ വാഹനത്തിൽ നിന്ന് പണവും സ്വർണക്കട്ടികളും കണ്ടെത്തിയത്
കിൻഷസ: 12 സ്വർണക്കട്ടികളും ഏഴ് കോടിയോളം രൂപയുമായി ചൈനീസ് സ്വദേശികൾ കോംഗോയിൽ പിടിയിൽ. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ തെക്കൻ കിവു പ്രവിശ്യയിലാണ് വൻ വിലയുള്ള സ്വർണവും കോടിക്കണക്കിന് രൂപയുമായി മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. സഞ്ചരിച്ചിരുന്ന വാഹനത്തിനുള്ളിൽ സീറ്റിനടിയിലായി ഒളിപ്പിച്ച് വച്ച നിലയിലായിരുന്നു സ്വർണവും പണവുമുണ്ടായിരുന്നത്. മേഖലയിൽ അനധികൃത സ്വർണ ഖനി പ്രവർത്തിച്ചിരുന്ന മറ്റൊരു സംഘം ചൈനീസ് പൌരന്മാർ നേരത്തെ അറസ്റ്റിലായിരുന്നുവെന്നാണ് ബിബിസി അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
കോംഗോയുടെ കിഴക്കൻ മേഖലയിൽ സ്വർണ, വജ്ര നിക്ഷേപം ഏറെയുണ്ട്. മൊബൈൽ ഫോൺ ബാറ്ററികളും ഇലക്ട്രിക് വാഹന ബാറ്ററികളും നിർമ്മിക്കാൻ ആവശ്യമായ ധാതു പദാർത്ഥങ്ങളുടെ നിക്ഷേപവും ഈ മേഖലയിൽ ധാരാളമുണ്ട്. കോളോണിയൽ കാലഘട്ടം മുതൽ തന്നെ വിദേശ ശക്തികൾ ഈ മേഖലയിൽ സ്വാധീനം ചെലുത്താൻ ശ്രമിക്കുന്നതിൽ ഒരു കാരണം ഈ ധാതു സമ്പത്ത് കൂടിയാണ്. 30 വർഷത്തോളമായി അസ്ഥിരത തുടരുന്ന മേഖല കൂടിയാണ് ഇവിടം. സായുധ സംഘങ്ങളാണ് കോംഗോയിലെ ഖനികൾ നിയന്ത്രിക്കുന്നത്. ഇത്തരം സായുധ സംഘങ്ങളുടെ നേതാക്കൾ സമ്പന്നരാകുന്ന സ്ഥിതി വിശേഷവും ഇവിടെയുണ്ട്.
റുവാണ്ട അതിർത്തിയോട് ചേർന്ന് രഹസ്യ വിവരത്തിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് മൂന്ന് പേർ അറസ്റ്റിലായത്. കഴിഞ്ഞ മാസം 17 ചൈനീസ് പൌരന്മാർ അനധികൃത സ്വർണ ഖനി നടത്തിപ്പിന് അറസ്റ്റിലായിരുന്നു. ഇവരെ അടുത്തിടെയാണ് ചൈനയിലേക്ക് തിരികെ അയച്ചത്. 85,82,44,598 രൂപ കെട്ടിവച്ച ശേഷമായിരുന്നു ഇവരെ ചൈനയിലേക്ക് മടങ്ങാൻ കോംഗോ സർക്കാർ വിശദമാക്കിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം