ജോർജിയയുടെ യൂറോപ്യൻ യൂണിയനിലെ അംഗത്വത്തിന് തടസമാകുമെന്നും ഭരണഘടനാപരമായി ബില്ലിലെ ആശയം റഷ്യയുടേതാണെന്നും വ്യക്തമാക്കിയാണ് ബില്ല് സലോമി സുറാബിഷ്ബിലി വീറ്റോ ചെയ്തത്
റ്റിബിലിസി: ജോർജിയയിൽ ഏറെ പ്രതിഷേധത്തിനിടെ പാസാക്കിയ വിദേശ ഏജന്റ് ബിൽ വീറ്റോ ചെയ്ത് പ്രസിഡന്റ് സലോമി സുറാബിഷ്ബിലി . ചൊവ്വാഴ്ചയാണ് വിവാദ ബില്ല് ജോർജിയൻ പാർലമെന്റ് പാസാക്കിയത്. ആഴ്ചകളോളം പാർലമെന്റിന് അകത്തും പുറത്തുമായി നടക്കുന്ന പ്രതിഷേധങ്ങൾക്കിടെയായിരുന്നു ഇത്. ജോർജിയയുടെ യൂറോപ്യൻ യൂണിയനിലെ അംഗത്വത്തിന് തടസമാകുമെന്നും ഭരണഘടനാപരമായി ബില്ലിലെ ആശയം റഷ്യയുടേതാണെന്നും വ്യക്തമാക്കിയാണ് ബില്ല് സലോമി സുറാബിഷ്ബിലി വീറ്റോ ചെയ്തത്. ബില്ല് നിയമമാവുന്നതിനെ വീറ്റോ തടസപ്പെടുത്തില്ലെങ്കിലും പ്രസിഡന്റിന്റെ വിയോജിപ്പ് വ്യക്തമാക്കുന്നതാണ് നടപടി.
ഭരണപക്ഷമായ ജോർജിയൻ ഡ്രീം പാർട്ടിക്ക് ഭൂരിപക്ഷമുള്ള പാർലമെന്റിൽ മറ്റൊരു വോട്ടെടുപ്പിലൂടെ പ്രസിഡന്റിന്റെ വീറ്റോ മറികടക്കാനാവും. ഈ നിയമം പിൻവലിക്കേണ്ടതാണെന്ന് ശനിയാഴ്ച മാധ്യമങ്ങളോട് സലോമി സുറാബിഷ്ബിലി പ്രതികരിച്ചു. ഭരണപക്ഷത്തോട് നേരത്തെ തന്നെ പോരടിച്ച് നിൽക്കുന്ന പ്രസിഡന്റ് നിയമം വീറ്റോ ചെയ്യുമെന്ന് വ്യാപകമായി പ്രതീക്ഷിക്കപ്പെട്ടിരുന്നു. അതേസമയം നിയമത്തിനെതിരായി രാജ്യവ്യാപകമായി പ്രതിഷേധം നടത്തുന്നവരുടെ പ്രതിനിധികളുമായി നിയമത്തേക്കുറിച്ചുള്ള എതിർപ്പുകളേക്കുറിച്ച് ചർച്ച ചെയ്യാൻ തയ്യാറാണെന്നാണ് കഴിഞ്ഞ ദിവസം ജോർജിയൻ പ്രധാനമന്ത്രി വിശദമാക്കിയിട്ടുള്ളത്.
യൂറോപ്യൻ യൂണിയൻ അംഗമാവുന്നതിനുള്ള ശ്രമങ്ങൾക്ക് ബില്ല് തിരിച്ചടിയാവുമെന്ന യൂറോപ്യൻ യൂണിയന്റെ മുന്നറിയിപ്പ് തള്ളിയാണ് വിവാദ ബില്ല് ജോർജിയ പാസാക്കിയത്. 20 ശതമാനത്തിൽ കൂടുതൽ ഫണ്ട് വിദേശത്തുനിന്ന് സ്വീകരിക്കുന്ന സംഘടനകളെ വിദേശ സ്വാധീനത്തിലുള്ള ഏജന്റുമാരായി മുദ്രകുത്തുന്നതാണ് വിവാദ ബിൽ. പൊതുസമൂഹത്തെ നിശബ്ദമാക്കാൻ ക്രംലിനിൽ റഷ്യ പ്രയോഗിച്ച നിയമങ്ങൾക്ക് സമാനമാണ് പുതിയ നിയമമെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. 30 വോട്ടുകൾക്കെതിരെ 84 വോട്ടുകൾക്കാണ് ബിൽ പാസായത്.
അടുത്തിടെ നടന്ന വോട്ടെടുപ്പിൽ 80 ശതമാനം ജോർജിയക്കാരും യൂറോപ്യൻ യൂണിയനിൽ ചേരണമെന്ന് ആഗ്രഹം വ്യക്തമാക്കിയിരുന്നു. 2022ലാണ് ജോർജിയ യൂറോപ്യൻ യൂണിയനിലെ അംഗമാകാൻ അപേക്ഷ നൽകിയത്. ഡിസംബർ വരെ സ്ഥാനാർത്ഥി പദവിയാണ് യൂറോപ്യൻ യൂണിയൻ ജോർജിയയ്ക്ക് അനുവദിച്ചിട്ടുള്ളത്. അടിച്ചമർത്തുന്ന റഷ്യൻ നിയമങ്ങളെ മാതൃകയാക്കിയാണ് വിവാദ ബിൽ തയ്യാറാക്കിയിരിക്കുന്നതെന്നാണ് വ്യാപകമാവുന്ന വിമർശനം. നിലവിലെ 150 അംഗ പാർലമെന്റിലെ 84 സീറ്റുകളും ഭരണപക്ഷ പാർട്ടിയായ ജോർജിയൻ ഡ്രീം പാർട്ടിയുടേതാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം